നിങ്ങള്‍ എങ്ങനെയാണ് ഈ പ്രപഞ്ചത്തില്‍ എത്തിപ്പെട്ടതെന്നോര്‍ത്ത് അത്ഭുതപ്പെടാറുണ്ടോ?
ദിനോസറുകള്‍ അപ്രത്യക്ഷമാകുകയും നമ്മള്‍ നിലനില്‍ക്കുകയും ചെയ്തത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാറുണ്ടോ?
പ്രപഞ്ചത്തിലെ നിങ്ങളുടെ വാസസ്ഥലത്തേക്കുറിച്ചോര്‍ത്ത് അതിശയപ്പെടാറുണ്ടോ?
നമ്മുടെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ അഭൂതപൂര്‍വ്വമായ വികാസത്തില്‍ അഭിമാനം കൊള്ളാറുണ്ടോ?
ആധുനിക ശാസ്ത്രലോകം നൂതന പരീക്ഷണ നിരീക്ഷണങ്ങളിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ ഭൂമിയുടെ ചരിത്രോല്പത്തിയെക്കുറിച്ചും മറ്റ് ഗ്രഹങ്ങളിലെ ജീവല്‍ സാന്നിധ്യങ്ങളെക്കുറിച്ചും നമ്മുടെ ശാസ്ത്രലോകം എത്തിനില്‍ക്കുന്ന ഉയരങ്ങളേക്കുറിച്ചുമൊക്കെ നമ്മള്‍ അറിയേണ്ടതുണ്ട്. അതിനായി വളരെ ലളിതവും സമഗ്രവുമായി പ്രപഞ്ചരഹസ്യങ്ങള്‍ വിവരിക്കുന്ന വ്യത്യസ്തമായ ഒരു റഫറന്‍സ് ഗ്രന്ഥം ഡി സി ബുക്‌സ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചു. നാമെന്ത് നമ്മളെവിടെ എന്നാണ് പുസ്തകത്തിന്റെ പേര്.
ഐ.ഐ.റ്റി ഡല്‍ഹിയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ പിഎച്ച്.ഡി നേടിയ സ്വഗതദേവ്, സുപ്രിയ ശേഷാദ്രി എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ വൈ വീ ആര്‍ വേര്‍ വീ ആര്‍ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് നാമെന്ത് നമ്മളെവിടെ. പ്രപഞ്ച വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന ഈ പുസ്തകം അനവധി ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടതാണ്.
ശാസ്ത്രജ്ഞയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സ്വഗത ദേവ് ഇപ്പോള്‍ അദ്ധ്യാപികയും അറിയപ്പെടുന്ന ബാലസാഹിത്യകാരിയുമാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സജീവമായി പ്രവര്‍ത്തിക്കുകയും ശാസ്ത്ര പുസ്തകങ്ങള്‍ രചിക്കുകയും ചെയ്യുന്ന സുപ്രിയ ശേഷാദ്രി ശാസ്ത്രസംബന്ധിയായ ഇന്റര്‍ ആക്ടീവ് സി ഡി റോമുകളും തയ്യാറാക്കിയിട്ടുണ്ട്.
തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ ശാസ്ത്രജ്ഞനായ ഡോ. നസറുദ്ദീന്‍ അഹമ്മദ് ആണ് നാമെന്ത് നമ്മളെവിടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രസംബന്ധിയായ മൂന്ന് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ള അദ്ദേഹത്തിന്റെ മികവ് ഈ പുസ്തകത്തിന് മുതല്‍കൂട്ടായിട്ടുണ്ട്.
The post നാമെന്ത്? നമ്മളെവിടെ? appeared first on DC Books.