മാധവിക്കുട്ടിയുടെ സാമൂഹ്യബോധം രൂപപ്പെടുത്തിയ ഒരു ജീവിത സന്ദർഭമാണിത്. മാധവികുട്ടിയുടെ ബാല്യത്തിന്റെ കളങ്കമൊഴിയാത്ത ഓർമകളിൽ അവർ ഒഴുകി നടന്നപ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവം.
ഓർമ്മയിൽ പീലിവിടർത്തി നിൽക്കുന്ന ബാല്യത്തിന്റെ ചെറിയ ചെറിയ കുസൃതികളും വികൃതികളും വായനക്കാരെ വീണ്ടും വീണ്ടും ആകർഷിക്കുകയാണ്. ബാല്യത്തിന്റെ നിരപേക്ഷമായ സൗന്ദര്യം മുഴുവൻ വിടർത്തി നിൽക്കുന്ന പൂങ്കുലയാണ് ഈ സ്മരണകൾ.
മാധവിക്കുട്ടിയുടെ സ്മരണകളിലെ ആ രസകരമായ ഭാഗം ഇതാ ….
കോവിലകത്തുനിന്ന് ഒറ്റയപ്പവും തിന്നു മടങ്ങുമ്പോള്‍ അമ്മമ്മ പറഞ്ഞു, അവരെയാരേയും തൊടുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലെന്ന്. അവരുടെ ജാതിയും ഞങ്ങളുടെ ജാതിയും വ്യത്യസ്തങ്ങളായിരുന്നുവെന്നും അമ്മമ്മ പറഞ്ഞു. ‘ഞാന്‍ ആ അമ്മത്തമ്പുരാനെ തൊട്ടാല്‍ എന്തുപറ്റും?’
‘തൊട്ടാല്‍ അമ്മത്തമ്പുരാന് മുങ്ങിക്കുളിക്കേണ്ടിവരും. നമ്മള് നായന്മാരല്ലേ? നായന്മാര് തൊട്ടാല്‍ അവര്‍ അശുദ്ധാവില്യേ?’
അമ്മമ്മ ജാതിവ്യത്യാസങ്ങളെപ്പറ്റി വിശദീകരിച്ചു തന്നു. ആദ്യം നമ്പൂതിരിമാര്‍, പിന്നെ തമ്പുരാക്കന്മാര്‍. അവരില്‍ കീഴില്‍ നായന്മാര്‍, തീയ്യര്‍, വേട്ടുവര്‍, പുലയര്‍, പറയര്‍, നായാടികള്‍. പാവം നായാടിക്കു പാടത്തിന്റെ മറുവശത്തുനിന്ന്, ‘നാലപ്പാട്ടെ വല്യതമ്പ്‌രാട്ട്യേയ്’ എന്നു വിളിച്ചുകൂവാന്‍ മാത്രമേ അവകാശമുണ്ടായിരുന്നുള്ളൂ. വലിയ മരങ്ങളുടെ ഉയര്‍ന്ന ചില്ലകളില്‍ അദൃശ്യരായി ഇരുന്നുകൊണ്ടു കരയാറുള്ള പക്ഷികളെപ്പോലെയായിരുന്നു നായാടികള്‍. അവരെ കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ, അവര്‍ക്കു മുറത്തില്‍ അരി കൊണ്ടുപോയി കൊടുക്കാറുള്ള തീയ്യത്തികള്‍ എന്നെ ഒരിക്കലും കൂടെ കൊണ്ടു പോയില്ല.
‘ചെറിയ തമ്പ്രാട്ടിയാര് നായാടിയെക്കണ്ടാ പേടിച്ച് നെലോളിക്കും.’
‘നായാടിയെ കണ്ടാ കുത്തിച്ചുടിയാനെപ്പോലെയിരിക്കും.’
‘നൊമ്പടെ കുത്തിച്ചുടിയാനെ കണ്ടിട്ടില്യേ? പാമ്പിന്‍ കാവില് കാഞ്ഞിരത്ത്‌മ്മെ ഇരുന്നിട്ട് കൂവ്… ആ കൂവ്… ആ… ന്ന് നെലോളിക്കണ പക്ഷി. അയിനെപ്പോലെയാ നായാടി. ചെറിയ തമ്പ്രാട്ടിയാരെ ഈ ജന്മം അടിയന്‍ നായാടിയെക്കാണാന്‍ കൊണ്ടൂവില്യ… അടിയന്‍ കൊണ്ട്വോയി നായാടിയെ കാട്ടിത്തരല്ണ്ടാവില്യ.’
ഒരു ദിവസം പൊടിയരിക്കഞ്ഞി കുടിക്കുന്നതിനിടയില്‍ പപ്പടം വിളമ്പാന്‍ അമ്മമ്മ തുനിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു:
‘അടിയന് പപ്പടം വേണ്ട.’
അമ്മമ്മ പൊട്ടിച്ചിരിച്ചു.
‘കമല എന്തിനാ അടിയന്‍ന്ന് പറേണത്? ഞാന്‍ന്ന് പറഞ്ഞാപ്പോരെ?’
‘വള്ളി പറയാറില്ലേ, അടിയന്‍ന്ന്?’
‘വള്ളി തീയ്യത്തിയല്ലേ? കമല തീയ്യത്തിയല്ലല്ലോ.’
‘ഞാനെന്താ ജാതി?’
‘കമലടെ ജാതി എന്താന്ന് ഇത്‌വരെ മനസ്സിലായിട്ടില്യേ? ഇത്‌വരെ മനസ്സിലായിട്ടില്ലെങ്കില് ഇനി ആര് പറഞ്ഞാലും മനസ്സിലാവൂല്യ.’
അമ്മമ്മ പറഞ്ഞതിന്റെ സത്യം ഇന്നാണ് എനിക്ക് അനുഭവപ്പെടുന്നത്.