നെയ്ത്തുകാരന്‍ എന്ന ആദ്യ സിനിമയ്ക്ക് ശേഷം പ്രിയനന്ദനന്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു ‘അത് മന്ദാരപ്പൂവല്ല’. നിര്‍ഭാഗ്യവശാല്‍ അത് വെളിച്ചം കണ്ടില്ല. അമ്മ സംഘടനയില്‍ ഉണ്ടായിരുന്ന ചില തര്‍ക്കങ്ങളാണ് ആ ചിത്രം മുടങ്ങിപ്പോകാന്‍ കാരണമെന്ന് വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയനന്ദന്‍ വെളിപ്പെടുത്തു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
എംടി വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കിയുള്ളതായിരുന്നു ചിത്രം. സിനിമ ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം മുടങ്ങുകയായിരുന്നു. താരസംഘടനയായ അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത്. അതുവരെ സിനിമയുമായി സഹകരിച്ച താരങ്ങളും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമയോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ചിത്രം ഉപേക്ഷിക്കപ്പെട്ടെന്ന് പ്രിയനന്ദനന്‍ പറയുന്നു.
പ്രിയനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
”നടിക്കെതിരെയുള്ള ആക്രമണവും കച്ചവട സിനിമാക്കാരുടെ തമ്മില്‍ തല്ലും ഓര്‍മിപ്പിക്കുന്ന ചിലത് എഴുതണം എന്ന് തോന്നുന്നു.നെയ്ത്തുകാരന്‍ കഴിഞ്ഞ് രണ്ടാമത്തെ സിനിമ ആലോചിച്ചത്, എം ടിയുടെ ഒരു കഥയും അതിലെ ജീവിച്ചിരിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. അത് മന്ദാരപ്പൂവല്ല. പൃഥ്വിരാജ് നായകനും, കാവ്യാ മാധവന്‍ നായികയും. ചിത്രീകരണം തുടങ്ങി അഞ്ച് ദിവസത്തിന് ശേഷം മുടങ്ങി പോയതാണ് ആ സിനിമ. മലയാള സിനിമയിലെ ഒരു പാട് നല്ല നടീനടന്മാരുടെയും സാന്നിദ്ധ്യവും ആ സിനിമയ്ക്ക് അത്യാവശ്യമായിരുന്നു. കാരണം പരമ്പരാഗത സിനിമാ രീതികളില്‍ നിന്നും വ്യത്യസ്ഥമായി, ഫിക്ഷന്റേയും ഡോക്യുമെന്ററിയുടേയും സാധ്യതകള്‍ ഒരുമിച്ച് ചേര്‍ത്തായിരുന്നു അത് മന്ദാരപ്പൂവല്ല രൂപകല്പന ചെയ്തത്. ഈ രീതി ജനങ്ങളിലേക്കെത്തണമെങ്കില്‍ ജനമനസ്സില്‍ സ്ഥാനമുള്ള നല്ല അഭിനേതാക്കള്‍ ആവശ്യമായിരുന്നു. ഇക്കാലത്താണ് പൃഥ്വിരാജിന് എതിരെ നടീനടന്‍മാരുടെ സംഘടന വിലക്കേര്‍പ്പെടുത്തുന്നത്.അത് മന്ദാരപ്പൂവല്ല എന്ന ചിത്രത്തില്‍ അഭിനയിക്കാമെന്നേറ്റിരുന്ന പ്രഗത്ഭരായ നടിനടന്മാരും അതുവരെ സിനിമയുമായി സഹകരിച്ചിരുന്ന സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും എന്തുകൊണ്ടാണ് പൊടുന്നനെ ഈ സിനിമയുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടിലേക്ക് ഒന്നൊഴിയാതെ എത്തിയത് എന്ന് പെട്ടന്ന് മനസ്സിലാക്കാനായില്ല. അഭിനയം ജീവനോപാധിയായി സ്വീകരിച്ച നടീനടന്മാര്‍ താരമൂല്യത്തിന്റെ കച്ചവട യുക്തികള്‍ക്ക് വഴങ്ങുന്നത് അവരുടെ ജീവിതം മുന്നോട്ട് കൊണ്ട് പോവാനായിരിക്കണം. പൃഥ്വിരാജിനൊപ്പം വ്യവസായ സിനിമയിലേ നടീനടന്മാര്‍ അഭിനയിച്ചാല്‍ പിന്നീടവര്‍ മലയാള സിനിമയില്‍ ഉണ്ടാകില്ല എന്ന അലിഖിത തിട്ടൂരത്തെ ഭയപ്പെട്ട് തന്നെയായിരിക്കും. എന്നാല്‍ സാമുഹ്യ പരിഷ്‌കരണത്തിന് മുന്നിട്ടിറങ്ങിയ ബുദ്ധിജീവികളും, ബുദ്ധിജീവികളായ നടീനടന്മാരും എന്തുകൊണ്ടായിരിക്കാം പിന്മാറിയത് എന്ന് സമയമെടുത്ത് മനസ്സിലാക്കുന്നതോടൊപ്പം മനസ്സിലാക്കിയ മറ്റൊന്ന്, ഇത് കലയേയും കച്ചവടത്തേയും വേര്‍തിരിക്കുന്ന കരിങ്കല്‍മതിലാണ് എന്നു തന്നെയാണ്. മൂലധന യുക്തികളും അല്പം കൂടി സുരക്ഷിതത്വം വേണം എന്ന മദ്ധ്യവര്‍ഗ ബോധവും ഈ കരിങ്കല്‍ മതിലിലെ ഓരോ കല്ലുകളാണെന്ന സമകാലിക ചരിത്രത്തിന് നടി ആക്രമിക്കപ്പെട്ടതിനേക്കാളും നടന്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനേക്കാളും ഒരുപാട് പഴക്കമുണ്ട്. അന്നും സിനിമാ വ്യവസായത്തെ നയിച്ചത് ഇവരൊക്കെത്തന്നെ”
അത് മന്ദാരപ്പൂവല്ല എന്ന സിനിമയില്‍ നായികയാകാനിരുന്ന കാവ്യാ മാധവനെ കേന്ദ്രകഥാപാത്രമാക്കി ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രം പ്രിയനന്ദനന്‍ പിന്നീട് സംവിധാനം ചെയ്തിരുന്നു. മൈഥിലി, കലേഷ് കണ്ണാട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പാതിരാകാലം എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രിയനന്ദനന്‍.