എം ടി വാസുദേവന്‍നായര്‍…
മലയാളിയുടെ വായനയെ സമ്പന്നമാക്കിയ കഥാകാരനാണ് എംടി എന്ന ചുരുക്കപ്പെരിലറിയപ്പെടുന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍. സാഹിത്യത്തിലും സിനിമയിലും മാധ്യമപ്രവര്‍ത്തനത്തിലും തന്റെ തനത് വ്യക്തിമുദ്രപതിപ്പിച്ച ആ മഹാപ്രതിഭയ്ക്ക് ഇന്ന് 84 തികയുന്നു. ഇന്നും മലയാളത്തിന്റെ അക്ഷരദീപമായി അദ്ദേഹത്തിന്റെ രചനകള്‍ പിറവിയെടുക്കുന്നു. വള്ളുവനാടന്‍ ഗ്രാമത്തിന്റെ കഥയിലൂടെ കേരളീയ ജീവിതത്തിന്റെ കേന്ദ്രീകൃത വിഷയം അവതരിപ്പിച്ച എംടി വായനക്കാരുടെ മനസ്സില്‍ സ്ഥാനംനേടുകയായിരുന്നു. അതും പകരക്കാരനില്ലാത്ത ഒരു എഴുത്തുകാരന്റെ സ്ഥാനം..!
മലയാള സാഹിത്യത്തിന് പുതിയമുഖം നല്‍കിയവരില്‍ പ്രധാനിയാണ് എം ടി വാസുദേവന്‍ നായര്‍. തന്റെ ജീവിതാവസ്ഥകളില്‍ നിന്നും സമുദായത്തില്‍ പുകഞ്ഞുകൊണ്ടിരുന്ന കീഴ്‌വഴക്കങ്ങളെ പുറംലോകത്തിന് കാട്ടിക്കൊടുക്കുന്നവയായിരുന്നു എംടിയുടെ ഓരോ രചനയും. സമൂഹത്തിലെ ചെറുതും വലുതുമായ പ്രശ്‌നങ്ങളെ രസകരമായും ഹൃദയസ്പര്‍ശിയായും എം ടി തന്റെ കഥകളിലും നോവലുകളിലും ആവിഷ്‌കരിച്ചു. കൂടാതെ തന്റെ ബാല്യകാലത്ത് ലഭിച്ച മതസൗഹാര്‍ദ്ദത്തിന്റെ ഊഷ്മളമായ അനുഭവങ്ങളും എം.ടി തന്റെ കൃതികളില്‍ ആവാഹിച്ചു. എംടി രചനകളിലെ മനുഷ്യരെ അവരുടെ ജീവിതാവസ്ഥകളോടുകൂടി ഏറിയും കുറഞ്ഞും അന്നത്തെ കേരളീയ കുടുംബങ്ങളില്‍ കാണാമായിരുന്നു. സ്വന്തം ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഈ എഴുത്തുകാരന്റെ കഥാപാത്രങ്ങള്‍ നടത്തിയ പ്രക്ഷുബ്ധമായ തീപ്പടര്‍ച്ചകള്‍ തങ്ങളുടേതുകൂടിയാണെന്നു അത്തരം വിക്ഷോഭങ്ങള്‍ ഉള്ളിലമര്‍ത്തിയ വായനക്കാര്‍ തിരിച്ചറിഞ്ഞിരുന്നു.
1948 ല്‍, മദ്രാസില്‍ നിന്നും പുറത്തിറങ്ങുന്ന ചിത്രകേരളം മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ ‘വിഷുക്കൈനീട്ടം’ ആണ് എംടി യുടെ ആദ്യ ചെറുകഥ. എന്നാല്‍ 1953 ല്‍ മാതൃഭൂമി സംഘടിപ്പിച്ച ലോകകഥാമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ വളര്‍ത്തുമൃഗങ്ങള്‍ എന്ന കഥയോടുകൂടിയാണ് അദ്ദേഹം ചെറുകഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായിത്തീരുന്നത്. കൂട്ട്യേടത്തി, ഇരുട്ടിന്റെ ആത്മാവ് എന്നീ കഥകള്‍ പുറത്തുവന്നതോടെ എം ടി വാസുദേവന്‍ നായര്‍ എന്ന ചെറുകഥാകൃത്ത് മലയാളത്തിലെ ഒന്നാംകിട കഥാകൃത്തുക്കളുടെ നിരയിലേക്കുയര്‍ന്നു. മനുഷ്യമനസ്സുകളിലൂടെ സഞ്ചരിച്ച എം.ടിയുടെ കഥകളില്‍ ബാല്യത്തിന്റെ മോഹഭംഗങ്ങളും യൗവ്വനത്തിന്റെ അദമ്യമായ വ്യാമോഹങ്ങളും നഗരത്തിന്റെ ആസുരമുഖങ്ങളും ശുദ്ധകാല്പനികമായ ഭാവുകത്വവും ദര്‍ശിക്കാം. ജീവിതത്തെ തനതായ ദര്‍ശനങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നതിനുള്ള ഒരു പ്രത്യേക കഴിവ് എം.ടിക്കുണ്ട്. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെ തകര്‍ച്ചയും, ജന്മിത്വത്തിന്റെ അവസാനഘട്ടവും മറ്റും നായര്‍ കുടുംബങ്ങളിലുളവാക്കിയ പ്രതിസന്ധികള്‍ ഒരുകാലഘട്ടത്തിന്റെ ചരിത്രത്തിന്റെ ഭാഗമായി എം.ടി.കൃതികളില്‍ രേഖപ്പെട്ടുകിടക്കുന്നുണ്ട്.
ചെറുകഥയില്‍ നിന്ന് നോവല്‍ രചനയിലേക്ക് തിരിഞ്ഞപ്പോഴും തനിക്ക് പ്രിയപ്പെട്ട ചെറുകഥയെ എം ടി കൈവിട്ടില്ല. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നില്‍ക്കുമ്പോഴും സ്വപ്‌നാത്മകമായ ഒരന്തരീക്ഷത്തിലൂടെയും കാല്പനികമായ മാനസഭാവങ്ങളിലൂടെയും കടന്നുപോകുന്ന ഒരു ശൈലിയാണ് അദ്ദേഹം നോവലുകളിലും ആവിഷ്‌ക്കരിച്ചത്. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, എന്നീ നോവലുകളിലൂടെ മനുഷ്യന്റെ വിഭിന്നഭാവങ്ങളേയും സന്തോഷങ്ങളേയും ദുരിതങ്ങളേയും ഹൃദയസ്പര്‍ശിയായി അദ്ദേഹം അവതരിപ്പിക്കുന്നു. പുരാണ കഥാപാത്രമായ ഭീമന്റെ വേദനകളും നിരാശകളും വ്യാമോഹങ്ങളും ആവിഷ്‌കരിച്ചിട്ടുള്ള രണ്ടാമൂഴം ഇതിഹാസപ്രമേയം സ്വീകരിച്ച് എഴുതപ്പെട്ട നോവലുകളില്‍ ഏറ്റവും ശ്രദ്ധേയമാണ്
നോവലുകളും കഥകളും കൂടാതെ പഠനങ്ങളും എം ടി മലയാളസാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. കാഥികന്റെ പണിപ്പുര, കാഥികന്റെ കല എന്നീകൃതികള്‍ അതിനുദാഹരണമാണ്. ഈ പുസ്തകങ്ങള്‍ കഥകളെഴുതി തുടങ്ങുന്നവര്‍ക്കുള്ള ഒരു കൈപുസ്തകമാണ്. മനുഷ്യര്‍ നിഴലുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നീ കൃതികളാകട്ടെ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ചതിന്റെ അനുഭവക്കുറിപ്പുകളാണ്. ഗോപുരനടയില്‍ എന്ന നാടകം, മാണിക്യ കല്ല്, ദയ എന്നീ ബാലസാഹിത്യ കൃതികള്‍, കിളിവാതിലൂടെ എന്ന ലേഖനസമാഹാരം, എം.ടിയുടെ തിരക്കഥകള്‍, എന്റെ പ്രിയപ്പെട്ട തിരിക്കഥാസമാഹാരം തുടങ്ങിയ നാല്പതിലേറെ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ട്. നാലുകെട്ട്, അസുരവിത്ത്, മഞ്ഞ്, കാലം, രണ്ടാമൂഴം എന്നീ നോവലുകളും ഒട്ടേറെ ചെറുകഥകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അറിയപ്പെടുന്ന ഒരു തിരക്കഥാകൃത്തും സംവിധായകനുംകൂടിയയ എം.ടി സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് ചലച്ചിത്രലോകത്തു പ്രവേശിച്ചത്. അദ്ദേഹം ആദ്യമായി തിരക്കഥയും സംവിധാനവും ചെയ്ത് നിര്‍മ്മിച്ച ചലച്ചിത്രമാണ് നിര്‍മ്മാല്യം. ഈ സിനിമയ്ക്ക് 1973 ല്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം എന്നീ ചിത്രങ്ങള്‍ക്ക് ദേശീയ അന്തര്‍ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഇവകൂടാതെ ആരൂഢം, ഓപ്പോള്‍, പഞ്ചാഗ്നി, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, സുകൃതം തുടങ്ങി അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുണ്ട്. അവയില്‍ പലതും അദ്ദേഹത്തിന്റെ പ്രഖ്യാതമായ ചെറുകഥകളാണ്. ഇപ്പോഴാകട്ടെ ഭീമനെ മുഖ്യകഥാപാത്രമായി അവതരിപ്പിച്ച രണ്ടാമൂഴമെന്ന സൂപ്പര്‍ഹിറ്റ് നോവലും അഭ്രപാളിയിലെ വെളിച്ചംകാത്തിരിക്കുകയാണ്. 1000 കോടി രൂപയുടെ ബിഗ്ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ഇതുകാണാനായി സിനിമാലോകം ഒന്നാകെ കാത്തിരിക്കുകയാണ്…!
1970 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, മാതൃഭൂമി പുരസ്‌കാരം എഴുത്തച്ഛന്‍ പുരസ്‌കാരം എന്നിവകൂടാതെ മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം, 2005ല്‍ പത്മഭൂഷണ്‍ എന്നിവ നല്‍കി എം.ടിയിലെ പ്രതിഭയെ ഭാരതസര്‍ക്കാരും ആദരിച്ചു..!