മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനം മുതല്‍ സ്വരാജിനു വേണ്ടിയുള്ള പോരാട്ടം വരെയുള്ള കാലഘട്ടമാണ് ബിപിൻ ചന്ദ്രയുടെ ആധുനിക ഇന്ത്യ എന്ന കൃതി. ജനജീവിതം ഏറെ ദുഷ്‌കരമായിരുന്ന ഇരുണ്ട നാളുകളില്‍ വിദേശീയരുടെ അടിച്ചമര്‍ത്തലുകളില്‍ പിടഞ്ഞ ഇന്ത്യയുടെ പോരാട്ടങ്ങള്‍ വെളിപ്പെടുത്തുന്ന ചരിത്ര ഗ്രന്ഥമാണിത്. സൂക്ഷ്മവും കണിശവും വസ്തുനിഷ്ഠവുമായ രചന ഈ പുസ്തകത്തെ മറ്റ് ചരിത്ര രചനകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു.
മലയാളികളില്‍ ശരിയായ ചരിത്രാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡി സി ബുക്‌സ് മികച്ച ചരിത്രപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി 2007ല്‍ ആണ് മോഡേണ്‍ ഇന്‍ഡ്യ ആധുനിക ഇന്ത്യ എന്നപേരില്‍ തര്‍ജ്ജമ ചെയ്തത്. ചരിത്ര തല്പരനും പരിഭാഷകനുമായ സെനു കുര്യന്‍ ജോര്‍ജ് ആണ് വിവര്‍ത്തനം നിര്‍വ്വഹിച്ചത്. പുസ്തകത്തിന്റെ ആറാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.
ഇന്ത്യയെ രേഖപ്പെടുത്തിയവരില്‍ പ്രമുഖനാണ് അന്തരിച്ച ചരിത്രകാരന്‍ ബിപിന്‍ ചന്ദ്ര. ആധുനിക ഇന്ത്യയുടെ ചരിത്രമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യവിഷയം. ഇന്ത്യന്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തെകുറിച്ചും രാഷ്ട്രീയത്തെകുറിച്ചും 17ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹം മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പഠനങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഇവയില്‍ പ്രമുഖസ്ഥാനമുള്ള പുസ്തകങ്ങളാണ് മോഡേണ്‍ ഇന്‍ഡ്യ, ഇന്‍ഡ്യാസ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്റ്‌സ് എന്നിവ. ഈ രണ്ടു പുസ്തകങ്ങളും യഥാക്രമം ആധുനിക ഇന്ത്യ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നീ പേരുകളില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ 1928ലായിരുന്നു ബിപിന്‍ ചന്ദ്രയുടെ ജനനം. ലാഹോറിലെ ഫോര്‍മാന്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി ഉപരിപഠനം നടത്തി. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ചെയര്‍മാനായിരുന്നു. യു.ജി.സി അംഗമായിരുന്ന ബിപിന്‍ ചന്ദ്ര ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായിരുന്നു. ജെഎന്‍യുവിലെ ചരിത്രപഠനകേന്ദ്രത്തിന്റെ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 ആഗസ്റ്റ് 30ന് അദ്ദേഹം അന്തരിച്ചു.