അന്താരാഷ്ട്രതലത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും മികച്ച ബെസ്റ്റ് സെല്ലറുകളിലൊന്നാണ് പോള്‍ കലാനിധിയുടെ ‘വെന്‍ ബ്രത്ത് ബികംസ് എയര്‍’ എന്ന ഗ്രന്ഥം. യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ന്യൂറോസര്‍ജ്ജനായി ഉന്നതപഠനവും പരിശീലനവും പൂര്‍ത്തിയാക്കുമ്പോഴേക്കുതന്നെ അതിപ്രഗത്ഭനായൊരു ന്യൂറോസര്‍ജ്ജന്‍ എന്നു പേരെടുക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തയാളായിരുന്നു പോള്‍ കലാനിധി. എന്നാല്‍ മുപ്പത്തിയാറാം വയസ്സില്‍, കരിയറിന് ആരംഭംകുറിക്കുന്ന അവസരത്തില്‍ത്തന്നെ അദ്ദേഹം ശ്വാസകോശാര്‍ബുദബാധിതനാണെന്ന് തിരിച്ചറിയപ്പെടുകയായിരുന്നു. അതിഗുരുതരമായ ആ രോഗാവസ്ഥയോട് നിരന്തരം പോരാടിയ അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളും ചിന്തകളുമാണ് ഈ പുസ്തകം.
2016 ജനുവരിയില്‍ അമേരിക്കയില്‍ ഇംഗ്ലിഷ് പതിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടതു മുതല്‍ ബെസ്റ്റ് സെല്ലറാണ് ഈ പുസ്തകം. 51 ആഴ്ചയിലധികമായി ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുമുണ്ട്. പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന പേരിലുള്ള ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനവും ഇപ്പോള്‍ ഏറ്റവുമധികം വില്പനയുള്ള മലയാളപുസ്തകങ്ങളിലൊന്നാണ്.
ജീവിതത്തോടുള്ള സമീപനവും അതിന്റെ അര്‍ത്ഥവ്യാപ്തിയും വിശകലനം ചെയ്യുന്ന ഈ പുസ്തകം അതു പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജവും പ്രചോദനവുംകൊണ്ടുമാത്രം ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായിക്കഴിഞ്ഞിരിക്കുന്നു. പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന മലയാളവിവര്‍ത്തനത്തിലൂടെ മലയാളികള്‍ക്കും ഈ പ്രചോദനജീവിതം പരിചിതമാകുകയാണ്. ജീവിതവിജയം നേടാനുള്ള അദമ്യമായ ആഗ്രഹവും അതിനുള്ള ലക്ഷ്യങ്ങളുമാണ് ഇപ്പോള്‍ നിലത്തുവീണു തകര്‍ന്നടിഞ്ഞിരിക്കുന്നത്. അതിജീവനത്തിന്റെ അതീവദുഷ്‌കരവും ക്ലേശകരവുമായ സമസ്യകളെ അഭിമുഖീകരിക്കുകയാണ്. ഒരേസമയം ഡോക്ടറായും രോഗിയായും മരണത്തെ മുഖാമുഖം കാണുകയാണ്. ഡോക്ടറായി താന്‍ നിത്യേന എത്തിയിരുന്ന ഹോസ്പിറ്റലില്‍ ഒരു രോഗിയായി എത്തിയ അവസ്ഥ. അവിടെനിന്നാണ് പോള്‍ കലാനിധി തന്റെ ജീവിതമുന്‍ഗണനകള്‍ മാറ്റിക്കുറിക്കുന്നത്. ജീവിതത്തിലേക്ക് ഇനി ഒരു മടക്കയാത്രകാണില്ല എന്നു ഭംഗ്യന്തരേണ സൂചിപ്പിച്ച തന്റെ ഡോക്ടറോട് വീണ്ടുമൊരിക്കല്‍ക്കൂടി ന്യൂറോസര്‍ജ്ജനായി ഓപ്പറേഷന്‍ തീയറ്ററിലെത്തുക എന്നതിനാണ് താന്‍ പ്രഥമപരിഗണനനല്‍കുന്നത് എന്ന് പോള്‍ കലാനിധി പറഞ്ഞപ്പോള്‍ അതൊരു പ്രത്യാശമാത്രമായിരുന്നു. എന്നാല്‍ ആറാഴ്ചകൊണ്ട് കാന്‍സര്‍ നിയന്ത്രണാധീനമാകുകയും വീണ്ടുമൊരു ആറാഴ്ചകൊണ്ട് ഓപ്പറേഷന്‍ തീയറ്ററിലേക്ക്, തന്റെ പഠനങ്ങളിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നു പോള്‍ കലാനിധി. അങ്ങിനെ ആറുമാസംകൊണ്ട് അദ്ദേഹം രോഗവിമുക്തിയുടെ പാതയിലെന്ന് ഏവര്‍ക്കും ബോധ്യമായി.
വീണ്ടും ഓപ്പറേഷന്‍ തീയറ്ററില്‍ സജീവമായി ഏഴുമാസം തികയുന്നവേളയിലാണ്, അപ്രതീക്ഷിതമായി പോള്‍ വീണ്ടും കാന്‍സറിന്റെ പിടിയിലാകുന്നത്. ക്ഷണികമായ ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും നൈമിഷികാനുഭൂതിയിലായിരുന്ന അദ്ദേഹം ഡോക്ടറില്‍നിന്നും രോഗിയിലേക്കുള്ള ലൈന്‍ വീണ്ടും മുറിച്ചുകടന്നു. അത്യന്തം വേദനാജനകമായ ആ അവസ്ഥയിലും അവര്‍ക്കൊരു മകള്‍, എലിസബത്ത് അക്കാദിയ പിറന്നത് പോള്‍-ലൂസി ദമ്പതിമാര്‍ക്ക് ചില സന്തോഷനിമിഷങ്ങളേകി. എന്നാല്‍ അനുദിനം വഷളാകുകയായിരുന്ന രോഗാവസ്ഥ പോളില്‍ ഇനിയൊരു മടക്കമില്ല എന്ന സത്യത്തിന്റെ വെളിച്ചം പകരുകയായിരുന്നു. അതാണ് ‘തനിക്കില്ലാത്ത ഒരു ദീര്‍ഘായുസ്സ് അക്ഷരങ്ങള്‍ക്കുണ്ട്’ എന്ന് തിരിച്ചറിഞ്ഞ് തന്റെ ജീവിതവും കാഴ്ചപ്പാടുകളും അനുഭവങ്ങളും മകള്‍ക്കുവേണ്ടി രേഖപ്പെടുത്തിവച്ചതാണ് പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന പുസ്തകമായി രൂപാന്തരപ്പെട്ടത്. ആ പുസ്തകരചന പുരോഗമിക്കവെ, 2015 മാര്‍ച്ചില്‍ പോള്‍ കലാനിധി ജീവന്‍ വെടിഞ്ഞെങ്കിലും മരണാനന്തരം അതു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെടുകയായിരുന്നു. സമയത്തിനെതിരെ മത്സരിക്കുമ്പോള്‍ ജീവിതത്തില്‍ പ്രധാനപ്പെട്ടവ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യമാണ് പോള്‍ കലാനിധി പറഞ്ഞുതരുന്നത്.
അദ്ദേഹത്തിന്റെ ചിന്തകളും അക്ഷരങ്ങളുടെ ദീര്‍ഘായുസ്സിനെപ്പറ്റിയുള്ള പ്രത്യാശയും സഫലീകരിച്ചുകൊണ്ട് ഇന്ന് ലോകമെമ്പാടും ആ പുസ്തകം വായിക്കപ്പെടുന്നു. ഇതിനകം ബ്രസീല്‍, ബള്‍ഗേറിയ, ചൈന, ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഹോളണ്ട്, ഹംഗറി, ഐസ്‌ലാന്‍ഡ്, ഇന്തൊനേഷ്യ, ഇസ്രയേല്‍, ജപ്പാന്‍, കൊറിയ, നോര്‍വ്വെ, പോളണ്ട്, സ്‌പെയിന്‍, ഉക്രെയില്‍, തുര്‍ക്കി തുടങ്ങി മുപ്പത്തിഒന്നോളം രാജ്യങ്ങളിലെ ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞു. കൂടാതെ അറബി, ഗ്രീക്ക്, മങ്‌ഗോളിയന്‍ ഭാഷകളില്‍ പ്രസിദ്ധീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ മലയാളത്തിലും തമിഴിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കന്നഡയിലും താമസിയാതെതന്നെ പ്രസിദ്ധീകരിക്കും.
ജീവിതത്തിലെ കടുത്ത പോരാട്ടനിമിഷങ്ങളില്‍ ആത്മധൈര്യത്തോടെ പിടിച്ചുനില്‍ക്കാനാവശ്യമായ ധൈര്യം പകര്‍ന്നു നല്‍കുന്നതിനോടൊപ്പം ജീവിതത്തെയും മരണത്തെയും രോഗാവസ്ഥയെയും പറ്റിയും രോഗി-ഡോക്ടര്‍ ബന്ധത്തെപ്പറ്റിയും ദേശകാലഭേദമെന്യേ പ്രസക്തമായ ചില ഉള്‍ക്കാഴ്ചകളും അദ്ദേഹം പ്രാണന്‍ വായുവിലലിയുന്നതിലൂടെ പങ്കുവയ്ക്കുന്നു. രോഗികളും പരിചരണക്കാരും ഡോക്ടര്‍മാരും മാത്രമല്ല എല്ലാവര്‍ക്കും ഈ പുസ്തകം പ്രസക്തമാകുന്നത് ഇവിടെയാണ്. പുസ്തകത്തിന്റെ ലോകമെമ്പാടുമുള്ള ജനപ്രീതി കാണിക്കുന്നതും ഇതുതന്നെ..!