മലയാള കവിതയുടെ മാസ്മരികത തൊട്ടറിഞ്ഞ കവയിത്രി. സ്ത്രീയുടെ അനുഭവങ്ങളും, വേദനകളും, അമ്മയുടെ വികാരങ്ങളുമാണ് ബാലമണിയമ്മയുടെ കവിതകളിൽ നിറഞ്ഞുനിന്നിരുന്നത്. മലയാള സാഹിത്യത്തിന്റെ മുത്തശ്ശി എന്നപേരിൽ അറിയപ്പെട്ടിരുന്ന ബാലാമണിയമ്മ മലയാള സാഹിത്യലോകത്ത് ആദ്യമായി കടന്നു വന്ന വനിതയാണ്. വള്ളത്തോളിന്റെ കവിതകളിലെ കാവ്യശൈലിയോടായിരുന്നു ബാലാമണിയമ്മയ്ക്ക് അധിക താത്പര്യം. നിയോക്ലാസിക് ശൈലിയിലുള്ള കവിതകളായിരുന്നു പ്രധാനമായും ബാലാമണിയമ്മ എഴുതിയിരുന്നത്.
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില് 1909 ലാണ് ബാലാമണിയമ്മ ജനിച്ചത്. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. പത്തൊമ്പതാം വയസിൽ മാതൃഭൂമിയുടെ മാനേജിംഗ് ഡയറക്ടറും,ഫോർഡ് ഇന്ത്യയുടെ ജനറൽ ഡയറക്ടറുമായിരുന്ന വി.എം നായരെ വിവാഹം കഴിച്ച് ബാലാമണിയമ്മ കൊൽക്കത്തയിലേക്ക് പോയി.
ബാലാമണിയമ്മയുടെ കവിതകളെല്ലാം പിറന്നത് കൊൽക്കത്തയുടെമണ്ണിലാണ്. കൊൽക്കത്തയിലെ ഏകാന്തമായ ജീവിതമാണ് കവിതകളെഴുതാൻ പ്രചോദനമായത്. ആദ്യസമാഹാരമായ കൂപ്പുകൈ 1930 ൽ പുറത്തിറങ്ങി. സ്ത്രീഹൃദയം, കുടുംബിനി, കളിക്കോട്ട, പ്രഭാങ്കുരം, പ്രണാമം, മുത്തശ്ശി, ഒരു മഴുവിന്റെ കഥ, നൈവേദ്യം എന്നിവയാണ് ബാലാമണിയമ്മയുടെ പ്രധാന കൃതികൾ . ഖണ്ഡകാവ്യങ്ങളും, സമാഹാരങ്ങളുമായി പതിനഞ്ചിലേറെ കൃതികൾ എഴുതിയിട്ടുണ്ട്.
1978ൽ പത്മഭൂഷൺ , 1995ൽ ‘നൈവേദ്യം’ എന്ന കൃതിക്ക് സരസ്വതി പുരസ്‌ക്കാരം, എഴുത്തച്ചൻ പുരസ്‌ക്കാരം എന്നിവ ലഭിച്ചു. മുത്തശ്ശി എന്ന കവിതയ്ക്ക് 1965 ൽ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ , ലളിതാംബികാ അന്തർജ്ജനം അവാർഡ് , തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങൾ ബാലാമണിയമ്മയെ തേടിയെത്തിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ.സുലോചന നാലാപ്പാട്ട് ,ഡോ.ശ്യാംസുന്ദര് എന്നിവരാണ് മറ്റു മക്കൾ.