കേവലമനുഷ്യരുടെ ധര്‍മ്മസങ്കടങ്ങളും സമകാലിക സംഭവവികാസങ്ങളില്‍ നിന്നുമൂറി വരുന്ന പ്രശ്‌നസങ്കീര്‍ണ്ണതകളും അടയാളപ്പെടുത്തുന്ന കഥകള്‍… അവയോരോന്നും പൊടുന്നനവേ വിഭ്രാത്മകമായ ലോകത്തേക്ക് വായനക്കാരെ തള്ളിയിടുന്നു….. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാത്ത അവസ്ഥയില്‍ കഥാകാരന്‍ സൈന്‍ ഓഫ് ചെയ്യുന്നു…
മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന 16 കഥകളാണ് അവളുടെ ശയനീയശായിയാമവനൊരുഷസ്സില്‍ എന്ന പുസ്തകത്തില്‍ മനോജ് ജാതവേദര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുണ്ടരാത്രിയില്‍ കളഞ്ഞുകിട്ടിയ മൊബൈല്‍ ഫോണ്‍ ഒരു യക്ഷിക്കഥയായി പരിണമിക്കുകയാണ് അവളുടെ ശയനീയശായിയാമവനൊരുഷസ്സില്‍ എന്ന കഥയില്‍. ഉദാഹരണങ്ങള്‍ വിറ്റുജീവിക്കുന്ന, ഉപമയുടെയും ഉല്‍പ്രേക്ഷയുടെയും അച്ഛന്റെ കഥയാണ് മറ്റൊന്നിന്‍ ധര്‍മ്മയോഗത്താല്‍. ഭ്രൂണഹത്യ വിഷയമാക്കിയതാണ് രാത്രിയില്‍ യാത്രയില്ല.
ഘര്‍ വാപസി, ഘടികാരം പറഞ്ഞ കഥ, മിഴി പറഞ്ഞ കഥ, പ്രേത വിചാരണ, ഡൈവോഴ്‌സ്, സംസാരസാഗരം തുടങ്ങി അവളുടെ ശയനീയശായിയാമവനൊരുഷസ്സില്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ കഥയും മലയാളത്തിലെ നവകഥയുടെ വികാസം രേഖപ്പെടുത്തുന്നവയാണ്.
കേരള സിറാമിക്‌സിന്റെ ക്ലേയ്‌സ് ആന്‍ഡ് മിനറല്‍സ് ഡിവിഷനില്‍ എഞ്ചിനീയറായ മനോജ് ജാതവേദര് ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, മലയാള മനോരമ വാര്‍ഷികപ്പതിപ്പ് കോളജ് വ്വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സമ്മാനം തുടങ്ങിയവ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥയില്‍ നിന്നും അപ്രത്യക്ഷനായ ശിവന്‍ എന്ന നോവലും ഓരോരോ കഥകളുടെ അവകാശികള്‍, രാത്രിയില്‍ യാത്രയില്ല എന്നീ കഥാസമാഹാരങ്ങളും ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
The post അവളുടെ ശയനീയശായിയാമവനൊരുഷസ്സില്‍ appeared first on DC Books.