ശാരികപ്പൈതലേ ചാരുശീലേ
വരികാരോമലേ
കഥാശേഷവും ചൊല്ലുനീ….
ഇത് രാമായണമാസം. ഒട്ടുമിക്ക ഭവനങ്ങളിലും സന്ധ്യാനേരം നിറഞ്ഞു കത്തുന്ന നിലവിളക്കിന്റെ മുന്നില്‍, മലയാളത്തിന്റെ ആചാര്യതുല്യനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണത്തിലെ ശീലുകള്‍ മുഴങ്ങി കേൾക്കാം.
ഭക്തിയുടെ വഴിയില്‍ മാത്രമല്ല മലയാളത്തിന്റെ വായനാ സംസ്‌കാരത്തിലും ഈ രാമായണപാരായണം പുത്തന്‍ ചക്രവാളങ്ങള്‍ തുറന്നിട്ടു. എല്ലാ കര്‍ക്കടകത്തിലേയും രാമായണ പാരായണം സാഹിത്യത്തിന്റെ പുതിയ വഴികളിലേക്ക് തലമുറകളെ എത്തിച്ചു. ലോക സാഹിത്യത്തിലേക്കുള്ള വാതായനമായിരുന്നു പലര്‍ക്കും ഈ രാമായണ പാരായണം. രാമായണം ഇതിഹാസം മാത്രമല്ല. ഭാരതത്തിലെ ആദികാവ്യം കൂടിയാണ്
സംസ്‌കൃതത്തില്‍ വാല്മീകിരാമായണത്തിനുശേഷം അനേകം രാമായണകാവ്യങ്ങള്‍ രൂപംകൊണ്ടു. വാസിഷ്ഠരാമായണം, അത്ഭുതരാമായണം, ആനന്ദരാമായണം, അഗ്നിവേശ്യരാമായണം, ആഞ്ജനേയരാമായണം, അദ്ധ്യാത്മരാമായണം എന്നിവയെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു. ഇവയ്‌ക്കെല്ലാം അടിസ്ഥാനഭൂതമായ കൃതി വാല്മീകിരാമായണമാണെന്നുള്ളതില്‍ സംശയമില്ല. ഇക്കൂട്ടത്തില്‍, വാല്മീകിരാമായണം കഴിഞ്ഞാല്‍ ഏറെ പ്രചാരം സിദ്ധിച്ച കൃതി അദ്ധ്യാത്മരാമായണമാണ്.
പല രാമായണങ്ങളും രാമായണത്തെ ഉപജീവിച്ച് രചിക്കപ്പെട്ട നിരവധി കൃതികളും കേരളഭാഷയില്‍ ഉണ്ടായിട്ടുണ്ടെങ്കിലും രാമായണം എന്നുകേള്‍ക്കുമ്പോള്‍ കേരളത്തിലെ സാമാന്യജനങ്ങള്‍ സ്മരിക്കുന്നത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിനെയാണ്. ശ്രീരാമനെയും സീതയെയും രാവണനെയും ഹനൂമാനെയും മറ്റു രാമായണകഥാപാത്രങ്ങളെയും സംബന്ധിച്ച അവരുടെ സങ്കല്പങ്ങള്‍ക്കു രൂപം നല്കിയതും ആ കിളിപ്പാട്ടുതന്നെയാണ്. ആസ്തികരായ ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം, അദ്ധ്യാത്മരാമായണം കിളിപ്പാട്ട് നിത്യവും പാരായണംചെയ്യപ്പെടുന്ന വിശുദ്ധ ഗ്രന്ഥമായി പരിണമിച്ചിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു.
ഡിസി ബുക്‌സ് രാമായണം പ്രസിദ്ധീകരിച്ച് തുടങ്ങിയിട്ട് ഏതാണ്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടു. 1988 ജൂലൈ മാസത്തിലാണ് അദ്ധ്യാത്മരാമായണം ആദ്യമായി പ്രസിദ്ധീകരിച്ചത്. എം.എസ്. ചന്ദ്രശേഖര വാര്യരുടെ വ്യാഖ്യാനത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം നാല്‍പ്പതോളം പതിപ്പുകളിലായി ഏതാണ്ട് രണ്ടുലക്ഷത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്.
അഞ്ചോളം വ്യത്യസ്ത പതിപ്പുകള്‍ ഡിസിബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രായമുള്ളവര്‍ക്കും കാഴ്ചക്കുറവുള്ളവര്‍ക്കും വായിക്കാന്‍ ഉതകുന്ന തരത്തില്‍ വലിയ അക്ഷരത്തില്‍ പ്രിന്റുചെയ്ത രാമായണം 2017-ല്‍ പ്രസിദ്ധീകരിച്ചു. വരികള്‍ക്കിടയില്‍ നക്ഷത്ര ചിഹ്നങ്ങളോടുകൂടിയ രാമായണവും ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്