എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണികളും അക്രമങ്ങളും ഇപ്പോള്‍ ഏറിവരുകയാണ്. മുഖംനോക്കാതെ എഴുതപ്പെട്ട പുസ്തകങ്ങള്‍ വര്‍ഗ്ഗീയതപരത്തുന്നു എന്നുപറഞ്ഞ് അഗ്നിക്കിരയാക്കുകയും നിരോധിക്കുകയും ചെയ്യുന്നു. എഴുത്തുകാരെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും നിശബ്ദരാക്കുന്നു. ഇത് നമ്മുടെ രാജ്യത്ത് മാത്രമല്ല ഒട്ടുമിക്കരാജ്യങ്ങളിലുമുണ്ട് എഴുത്തുകാരോടും പുസ്തകങ്ങളോടുമുള്ള ഈ വിവേചനം. ഇപ്പോഴിതാ ജര്‍മ്മനിയില്‍ നിന്നുമൊരു നല്ല വാര്‍ത്ത റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിരിക്കുന്നു. നിരേധിക്കപ്പെട്ട പുസ്തകങ്ങളെല്ലാം ചേര്‍ത്തുവച്ചൊരു ക്ഷേത്രമുണ്ടാക്കിയിരിക്കുന്നു ഒരു കലാകാരി. അക്ഷരങ്ങളെ ദൈവങ്ങളെപ്പോലെ കാണണെമെന്നാണല്ലോ. അതുകൊണ്ടുതന്നെ ഈ പുസ്തകക്ഷേത്രത്തിന് പ്രസക്തികൂടുകയാണ്.
ജര്‍മ്മനിയിലെ കാസെലയിലാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ കൊണ്ട് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം ജര്‍മ്മനിയില്‍ നടക്കുന്ന ഡോക്യുമെന്റാ 14 ആര്‍ട്ട് ഫെസ്റ്റിവലിനു വേണ്ടിയാണ് മാര്‍ത്താ മിനുജിന്‍ എന്ന കലാകാരി ഇത്തരം ഒരു പ്രോജക്ട് തയ്യാറാക്കിയത്. ദ പാര്‍ത്തനോന്‍ ഓഫ് ബുക്‌സ് എന്നു പേരിട്ടിരിക്കുന്ന പുസ്തകക്ഷേത്രത്തിനുവേണ്ടി ഒരുലക്ഷം പുസ്തകങ്ങളാണ് മാര്‍ത്ത ഉപയോഗിച്ചിരിക്കുന്നത്. നാസി ഭരണകാലത്ത് ഭരണവിരുദ്ധ വികാരമുള്ള രണ്ടായിരത്തോളം പുസ്തകങ്ങളാണ് നാസി പടയാളികള്‍ കൂട്ടിയിട്ട് തീ വച്ച് നശിപ്പിച്ചത്. അതെ ഇടത്താണ് അത്തരത്തില്‍ നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ക്ഷേത്രം മാര്‍ത്ത ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എഴുത്തുകാര്‍ക്കും അവര്‍ക്കെതിരെ ഇന്നും എന്നും രൂപപ്പെട്ടിട്ടുള്ള അധികാര ശക്തികള്‍ക്കും എതിരെയുള്ള ഒരു കലഹമാര്‍ഗ്ഗമാണ് ഈ ഇന്‍സ്റ്റലേഷനിലൂടെ മാര്‍ത്ത ആഗ്രഹിച്ചത്.
കാസെല്‍ ഫെസ്റ്റില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് വേണ്ടി നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ സംഘടിപ്പിക്കുക എന്നത് വല്ലുവിളി നിറഞ്ഞ കാര്യമായിരുന്നുവെന്നും അതിനു വേണ്ടി അത്തരം പുസ്തകങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി എഴുത്തുകാരോടും പ്രസാധകരോടും സംസാരിച്ചുവെന്നും അങ്ങനെ വ്യക്തിപരമായും വിവിധ പ്രസാധകര്‍ വഴിയുമാണ് ഈ പുസ്തകങ്ങളെല്ലാം ശേഖരിച്ചതെന്നും മാര്‍ത്ത പറയുന്നു. ഒപ്പം കാസെല്‍ സര്‍വ്വകലാശാലയിലെ അധ്യാപകരും കുട്ടികളും ഈ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ മാര്‍ത്തയെ ആവുന്നത്ര സഹായിക്കുകയും ചെയ്തു. Uncle Tom’s Cabin, The Alchemist, The Foundation of the General Theory of Relativtiy, The Poet in New York, The Sorrows of Young Werther, The Metamorphosis, The Satanic Verses, and The Grapes of Wrath തുടങ്ങി ഏഴായിരത്തോളം പുസ്തകങ്ങളാണ് നിരോധിക്കപ്പെട്ടതായി മാര്‍ത്തയ്ക്ക് ലഭിച്ചത്.
ഗ്രീക്കിലെ അക്രോപോളിസ് മലകളില്‍ 447 BC യില്‍ പണികഴിപ്പിക്കപ്പെട്ട അഥീന ദേവിയുടെ ക്ഷേത്രത്തിന്റെ മാതൃകയിലാണ് മാര്‍ത്ത നിര്‍മ്മിച്ച പുസ്തകങ്ങളുടെ ക്ഷേത്രവും. ആ ക്ഷേത്രത്തിന്റെ പേരാണ് പാര്‍ത്തനോന്‍ എന്നത്.വിശുദ്ധം എന്നസങ്കല്പമാണ് ഈ ക്ഷേത്രത്തിനുള്ളത്. ഇതേ പോലെ പണി കഴിപ്പിച്ചതുകൊണ്ടാണ് പുസ്തക ക്ഷേത്രത്തിനും ആ പേരിട്ടതെന്നു മാര്‍ത്ത പറയുന്നു.
പുസ്തകങ്ങള്‍ പൂര്‍ണമായും സുതാര്യമായ പ്ലാസ്റ്റിക്ക് കൊണ്ട് മൂടപ്പെട്ട് ആണ് ചെയ്തിരിക്കുന്നത്. തൂണുകളുടെ ഉറപ്പിന് വേണ്ടി ലോഹം കൊണ്ടാണ് അത് നിര്‍മ്മിച്ചിരിക്കുന്നത്, ഇതിനു പുറമെയാണ് പുസ്തകങ്ങള്‍ കൊണ്ട് കവര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. കാസെലില്‍ നടക്കുന്ന ആര്‍ട്ട് ഫെസ്റ്റിവലിലെ ഏറ്റവും പ്രധാന ആകര്‍ഷണമാണ് ഈ പുസ്തക ക്ഷേത്രം. 1983 ലും അര്‍ജന്റീനയില്‍ യുഎസ് പട്ടാളത്തിന്റെ വീഴ്ചയെ തുടര്‍ന്നും ഇത്തരത്തിലൊരു ഇന്‍സ്റ്റലേഷന്‍ മാര്‍ത്ത ഒരുക്കിയിരുന്നു. അന്ന് ഇവര്‍ താമസിച്ചിരുന്ന ജുന്‍ഡാ പട്ടണത്തിലെ സര്‍ക്കാര്‍ നിരോധിച്ച പുസ്തകങ്ങള്‍ വച്ചാണ് ഇന്‍സ്റ്റലേഷന്‍ ചെയ്തത്.
എത്ര നിശബ്ദമായും ശക്തമായുമാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ കൊണ്ട് വിപ്ലവം നടത്താമെന്ന് മാര്‍ത്തയുടെ ഇന്‍സ്റ്റലേഷന്‍ കാണിച്ച് തരുന്നു. സെപ്റ്റംബര്‍ 17 വരെ ജര്‍മ്മനിയില്‍ ഈ ഇന്‍സ്റ്റലേഷന്‍ പ്രദര്‍ശനം തുടരും.