ഫാസിസത്തിനെതിരെ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായമയായ കോഴിക്കോട് സാംസ്‌കാരിക വേദി ‘ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 12 മുതല്‍ 14 വരെ നാലുവേദികളിലായി കോഴിക്കോട് ആര്‍ട്ട് ഗാലറി(ടൗണ്‍ ഹാളിന് സമീപം)യിലാണ് പ്രതിരോധത്തിന്റെ ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെമിനാറുകള്‍, നാടകം, സിനിമ, പാട്ട്, ആട്ടം..തുടങ്ങി സ്വാതന്ത്യത്തിന്റെ തുറന്നയിടത്തേക്ക് ഏവരെയുംക്ഷണിക്കുന്നതാണ് ‘ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി’.
എപ്പോള്‍ കുറ്റവാളിയാകുമെന്നോ രാജ്യദ്രോഹിയാകുമെന്നോ തീര്‍ത്തു പറയാനാകാത്ത ആശങ്കയുടെനിഴലിലേക്ക് നടന്നു നീങ്ങുന്നതിന്റെ ഭീതിയാണ് ഇന്ത്യയുടെ വര്‍ത്തമാനം. ഇത് എന്റെ ഇന്ത്യയല്ല എന്ന്, അക്രമോത്സുകമായ പടയോട്ടങ്ങളുടെ ചോരപുരണ്ട മണ്ണില്‍നിന്നും കൈകളുയര്‍ത്തിപ്പറയേണ്ടി വരുന്നതിന്റെ നിഴല്‍ച്ചിത്രങ്ങള്‍ ഒരു രാജ്യത്തിന്റെ സാംസ്‌കാരിക ജീവിതത്തെ നഗ്‌നമായി അടയാളപ്പെടുത്തുന്നു. ഭക്ഷണവും വസ്ത്രവും ഇരിപ്പും നടപ്പും ഭാഷയും രൂപവുമെല്ലാം കൊന്നൊടുക്കാനും ഉന്മൂലനം ചെയ്യാനുമുള്ള അഭിവാഞ്ഛകളുടെ ഉരകല്ലുകളായിത്തീരുന്ന ഭീതിദമായ അവസ്ഥ. ആത്മാഭിമാനവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന കൈകളെ, ആസൂത്രിതമായി അരിഞ്ഞുതള്ളുന്ന ആസുരതയുടെ വര്‍ത്തമാനം.
പ്രതിരോധത്തിന്റെ പാഠങ്ങളുമായി ഒരു ജനത ഉണര്‍ന്നെഴുന്നേല്‍ക്കുകയാണ്. കെട്ട കാലത്തിന്റെ ചുമരില്‍ കനല്‍ക്കട്ടപോലെ നേരിന്റെ വചനങ്ങള്‍ എഴുതിവയ്ക്കാന്‍ സമയമായി. ഉയിര്‍പ്പിന്റെയും മിടിപ്പിന്റെയും കരുത്തിന്റെയും സമരത്തിന്റെയും ചലനവേഗങ്ങള്‍കൊണ്ട്, ഒരു രാജ്യത്തെ പൊതിഞ്ഞുപിടിക്കേണ്ട നേരമായി. സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് സാംസ്‌കാരിക രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ നിര്‍ഭയമായ കൊടിക്കൂറകള്‍ ഉയര്‍ത്തിക്കെട്ടേണ്ട നാളുകളായി. ജനങ്ങളുടെ ഇച്ഛകളെ ചിറകെട്ടി മായ്ക്കാനാവില്ല എന്ന് പ്രഖ്യാപിക്കേണ്ട ചുമതല നാം ഏറ്റെടുക്കുകയാണ്.ആ ചുമതലയാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയുടെ കരുത്തും കാതലും. ജീവിതത്തിന്റെ എല്ലാ തുറകളിലും നിന്ന്, കൊടുങ്കാറ്റുപോലെ വന്നെത്തുന്ന നിര്‍ഭയചേതനകളുടെ സ്വതന്ത്രസാക്ഷാത്കാരമാണ് ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസി. എന്തു ചെയ്തു നിങ്ങള്‍ കെട്ടകാലത്തിന്റെ ആസുരത ആടിത്തിമിര്‍ത്തപ്പോള്‍ എന്ന് നമ്മുടെ ഉള്ളില്‍ നിന്നുമുയരുന്ന ചോദ്യത്തിന്റെ വിനീതവും ലളിതവുമായ ഉത്തരം. ഇത് ഇന്ത്യയുടെ ഭാഗധേയത്തിന് ജനതയുടെ പ്രതീക്ഷാനിര്‍ഭരമായ ഐക്യദാര്‍ഢ്യമാണ്.