സിനിമയില്‍നിന്ന് സാഹിത്യം അകന്നുപോയത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്ന് സാഹിത്യകാരന്‍ എം മുകുന്ദന്‍. പണ്ടുകാലത്ത് പ്രശസ്ത നോവലുകളാണ് സിനിമകള്‍ക്ക് കഥയായത്. അതിനാല്‍ അന്ന് സിനിമയില്‍ കുറ്റവാളികള്‍ ഉണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി മാറി. സിനിമയില്‍ സാഹിത്യാംശം തീരെയില്ലാതാവുകയും കുറ്റവാളികള്‍ കൂടുകയും ചെയ്തു. എല്ലാരംഗത്തും സാഹിത്യം നിലനില്‍ക്കണമെന്നാണ് ഇത് തെളിയിക്കുന്നതെന്നും എം കുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഭീമാ ബാലസാഹിത്യ അവാര്‍ഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്കുവേണ്ടി എഴുതുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. കുട്ടികളുടെ കാഴ്ചപ്പാടില്‍നിന്ന് എഴുതിയാലേ ബാലസാഹിത്യം ഹൃദ്യമാകൂ. വായന ജീവിതത്തിന്റെ ഭാഗമാകണം. കുട്ടികള്‍ വളരുന്നത് പുസ്തകങ്ങള്‍ കണ്ടുകൊണ്ടാകണം. പുസ്തകങ്ങള്‍ തൊടാനും തലോടാനും ഉമ്മവയ്ക്കാനുമുള്ളതാണ്. അങ്ങനെയാവണം കുട്ടികള്‍ വളരേണ്ടത്. ഇന്നത്തെ ജീവിതപ്രശ്‌നങ്ങള്‍ നോവലുകളില്‍ വിഷയമാക്കിയാല്‍ വായനക്കാരുണ്ടാകും. സമകാലീന പ്രശ്‌നങ്ങള്‍ ലളിതമായ ഭാഷയിലെഴുതിയാല്‍ കുട്ടികളെ ആകര്‍ഷിക്കാനുമാകുമെന്നും മുകുന്ദന്‍ പറഞ്ഞു.
കോഴിക്കോട് ഹോട്ടല്‍ അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ബി ഗിരിരാജന്‍ അധ്യക്ഷനായി. കൈരളി ടിവി സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്‍ (ആര്‍സിസിയിലെ അത്ഭുതക്കുട്ടികള്‍), എം എം കാളിദാസ് (ഒരു ഓര്‍മപ്പെടുത്തല്‍) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ഇവര്‍ക്കുള്ള പുരസ്‌കാരം മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ നല്‍കി. കാളിദാസിനുവേണ്ടി അച്ഛന്‍ മോഹനന്‍ ഏറ്റുവാങ്ങി.
കേരള ഗാന്ധി സ്മാരകനിധി പ്രസിഡന്റ് ഡോ. എന്‍ രാധാകൃഷ്ണന്‍ ഭീമാഭട്ടര്‍ അനുസ്മരണം നടത്തി. ജീവകാരുണ്യസഹായം ജി ബി കരണ്‍ വിതരണംചെയ്തു. ഡോ. കെ ശ്രീകുമാര്‍, കെ പി സുധീര, കമാല്‍ വരദൂര്‍ എന്നിവര്‍ സംസാരിച്ചു. രവി പാലത്തുങ്കല്‍ സ്വാഗതവും എ എന്‍ പുരം ശിവകുമാര്‍ നന്ദിയും പറഞ്ഞു