സഹനത്തിന്റെയും അതിജീവനത്തിന്റെയും കഥകളെഴുതി വ്യവസ്ഥിതികളോട് കലഹിച്ച കഥാകാരി മഹാശ്വോതാ ദേവി വിടവാങ്ങിയിട്ട് 2017 ജൂലൈ 28ന് ഒരു വര്‍ഷം തികയുന്നു. മഹാശ്വോതാ ദേവിയുടെ വേര്‍പാട് സാഹിത്യ ലോകത്തിന് തീരാനഷ്ടമാണ് സമ്മനിച്ചത്. സാഹിത്യത്തില്‍ കേവലമായ എഴുത്തിനുമപ്പുറത്തേക്ക് പാര്‍ശ്വവത്കൃത സമൂഹത്തെ പച്ചയായി പകര്‍ത്തിയ അവര്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെതുടര്‍ന്ന് 2016 ജൂലൈ 28ന് തന്റെ 91-ാം വയസ്സിലാണ് മരണിന് കീഴടങ്ങിയത്.
ധാക്കയില്‍ 1926 ലായിരുന്നു മഹാശ്വേതാ ദേവിയുടെ ജനനം. അച്ഛന്‍ മണിക് ഘട്ടക് എഴുത്തുകാരനായിരുന്നു. ഭാരത സിനിമയിലെ വിഖ്യാത സംവിധായകന്‍ ഋത്വിക് ഘട്ടക് പിതൃസഹോദരനാണ്. അമ്മ ധരിത്രീ ദേവിയില്‍ നിന്നാണ് സേവന സന്നദ്ധത മഹാശ്വേതാ ദേവി ജീവിതത്തിലേക്ക് പകര്‍ത്തിയെടുത്തത്. ബംഗാള്‍ വിഭജനത്തിന് ശേഷം ഇന്ത്യയിലെത്തിയ മഹാശ്വേത വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദവും കല്‍ക്കട്ട സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി.
കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്റെ മരണത്തെ തുടര്‍ന്നാണ് ഒടുവില്‍ കേരളത്തിലെത്തിയത്. കാതികൂടത്തെ നീറ്റ ജലാറ്റിന്‍ സമരത്തിലും കടമക്കുടി കുടിയൊഴിപ്പിക്കലിനുമെതിരെയുള്ള സമരങ്ങള്‍ക്ക് പിന്തുണയുമായി അതിനുമുമ്പും അവര്‍ കേരളത്തിലെത്തിയിരുന്നു.
1960- 70 കാലഘട്ടത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പിറവി അവരുടെ എഴുത്തിനെ സ്വാധീനിച്ചു. ഹസാര്‍ ചൗരാസിര്‍ മാ (ദി മദര്‍ ഓഫ് 1048) എന്ന നോവല്‍ ഇതിന് ഉദാഹരണമാണ്. പറഞ്ഞുകേള്‍പ്പിക്കുന്നതിലേറെ പറഞ്ഞതു കേട്ട കഥാകാരിയായിരുന്നു മഹാശ്വേതാ ദേവി. കഥകള്‍ പലതും കാല്‍പ്പനികതയെക്കാളേറെ യാഥാര്‍ത്ഥ്യത്തെ വരച്ചുകാട്ടി. കുറിച്ചു വച്ച ചരിത്രത്തേക്കാള്‍ വാമൊഴിക്കഥകളെ അവര്‍ എഴുത്തിലേക്ക് സന്നിവേശിപ്പിച്ചു. ഝാന്‍സീര്‍ റാണി എഴുതുമ്പോള്‍ ജാന്‍സിയിലെ ഗ്രാമങ്ങളിലൂടെ അവര്‍ ചരിത്രമന്വേഷിച്ചു നടന്നു. വനവാസികളും ദളിതരുമുള്‍പ്പെടെ എന്നും ഒരേ നിലയില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്കൊപ്പമായിരുന്നു അവരുടെ ജീവിതവും എഴുത്തും.
സാധാരണക്കാര്‍ മഹാശ്വേതയെ ദീദി എന്നു വിളിച്ചു. അവരുടെ ആഘോഷങ്ങളില്‍ അവര്‍ക്കൊപ്പം നൃത്തം ചെയ്തു. പോരാട്ടങ്ങളില്‍ അണിചേര്‍ന്നു. എഴുത്തു ഭാഷയെപ്പോലും അവര്‍ അതിനായി ചിട്ടപ്പെടുത്തി.സാഹിത്യത്തിനു മാത്രമായൊരു ബംഗാളി, തെരുവില്‍ കേള്‍ക്കുന്ന ഭാഷ, വനവാസികളുടെ ബംഗാളി എന്നിവയെല്ലാം വേണ്ടിടത്ത് അര്‍ത്ഥവത്തായി അവര്‍ പ്രയോജനപ്പെടുത്തി.
സാഹിത്യകാരനും നാടകകൃത്തുമായ ബിജോണ്‍ ഭട്ടാചാര്യയെ വിവാഹം കഴിച്ചെങ്കിലും വിവാഹശേഷം ദുരിതപൂര്‍ണ്ണമായിരുന്നു മഹാശ്വേതാ ദേവിയുടെ ജീവിതം.1962ല്‍ വിവാഹ ബന്ധം വേര്‍പരിഞ്ഞു. പിന്നീടായിരുന്നു എഴുത്തില്‍ മഹാശ്വേതാദേവിയുടെ ശ്രേഷ്ഠമായ കൃതികള്‍ പിറന്നത്. വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം കൊല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്ന് എംഎ ബിരുദം നേടി. രണ്ടുവര്‍ഷത്തിനകം കോളേജ് അധ്യാപികയായി ജോലി നോക്കി. പിന്നീടുള്ള നേരമത്രയും എഴുത്തിനും ആരും കേള്‍ക്കാതെ പോകുന്നവന്റെ ശബ്ദത്തിനുമായി പകുത്തു നല്‍കി. പിന്നീട് സാഹിത്യത്തിനു വേണ്ടി ഒഴിഞ്ഞുവെച്ച ജീവിതമായിരുന്നു അവരുടേത്. ‘മനുഷ്യകഥാനുഗായികള്‍’ എന്നു വിശേഷിപ്പിക്കാവുന്ന കൃതികളാണ് അവരുടേത്.
1979ല്‍ ‘ആരണ്യേര്‍ അധികാര്‍’ എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 1986ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചമഹാശ്വേതാ ദേവിക്ക് 1996ല്‍ ജ്ഞാനപീഠം ലഭിച്ചു. 1997ല്‍ മാഗ്‌സസെ അവാര്‍ഡും 2006ല്‍ പത്മ വിഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു. 2011ല്‍ ബംഗാബിഭൂഷണ്‍ പുരസ്‌കാരം നല്‍കി പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തു.
ജീവിതം മുഴുവന്‍ പോരാട്ടമാക്കിയ എഴുത്തുകാരിയായ ആ അമ്മയുടെ ഓര്‍മ്മകള്‍ അവരുടെ കൃതികളിലൂടെ ഒരിക്കലും മരിക്കാതെ നിലനില്‍ക്കുക തന്നെചെയ്യും..!