ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും വെറും ഫാഷന്‍ ഭ്രമത്തെക്കാളുപരി നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് സ്വന്തം വേഷത്തിലൂടെ അവര്‍ പ്രതിഫലിപ്പിക്കുന്നതെന്നും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. മുടി നീട്ടിയവരെല്ലാം കഞ്ചാവ് വില്‍പ്പനക്കാരാണെന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നതെന്നും സാറാ ജോസഫ് പ്രതികരിച്ചു. ഹിപ്പികള്‍ നക്‌സലൈററുകള്‍, ഫ്രീക്കന്മാര്‍ ഒക്കെ ഓരോ കാലഘട്ടത്തിന്റെയും അലക്കിത്തേച്ച സൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് സാറാ ജോസഫിന്റെ പ്രതികരണം.
തൃശ്ശൂര്‍ പാവറട്ടിയില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വിനായകന്‍ എന്ന പത്തൊമ്പതുകാരന്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് നാളെ തൃശൂരില്‍ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നത്. വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.
സാറാ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
നാളെ തൃശൂരില്‍ കേരളത്തിലെ ഫ്രീക്കന്മാരുടെയും ഫ്രീക്കത്തികളുടെയും യോഗം നടക്കുന്നു. ഫ്രീക്കന്മാരും ഫ്രീക്കത്തികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. വെറും ഫാഷന്‍ ഭ്രമം മാത്രമല്ല അത്. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള കലഹമാണ് പലപ്പോഴും സ്വന്തം വേഷത്തില്‍ അവര്‍പ്രതിഫലിപ്പിക്കുന്നത്. ചൂഷണ വ്യവസ്ഥയുടെ ഉല്പന്നമായ സൗന്ദര്യ ബോധത്തെയും അതിന്റെ ലാവണ്യ നിയമങ്ങളെയും ആവേശപൂര്‍വ്വം തെറ്റിക്കുക. കുടുമ മുറിച്ച നമ്പൂരിയും ബ്ലൗസിട്ട നമ്പൂരിപ്പെണ്‍കിടാവും ഫ്രീക്കനും ഫ്രീക്കത്തിയുമായിരുന്നു’
മാറ് മറച്ച ചാന്ദാര്‍ സ്ത്രീയും ഷര്‍ട്ടിട്ട ദലിതനും ചെയ്തത് വ്യവസ്ഥയെ വെല്ലുവിളിക്കലാണ്. ഹിപ്പികള്‍, നക്‌സലൈററുകള്‍, ഫ്രീക്കന്മാര്‍ ഒക്കെ ഓരോ കാലഘട്ടത്തിന്റെ യും അലക്കിത്തേച്ചസൗന്ദര്യ നിയമങ്ങളെയാണ് വെല്ലുവിളിച്ചത്.
വീട്, കുടുംബം, സ്‌കൂള്‍, കോളേജ്, പൊലീസ്, പൊതു സമൂഹം ഒക്കെ അവരെ വരച്ച വരയില്‍ നിര്‍ത്താന്‍ വേണ്ടിയാണ് ശിക്ഷിക്കുന്നത്. മര്യാദ രാമന്മാരുടെ ഇമേജ് ഞങ്ങള്‍ക്ക് വേണ്ട എന്ന് അവര്‍ സ്വന്തം ശരീരത്തില്‍ വരുത്തിയ വെട്ടിത്തിരുത്തലുകളിലൂടെ പ്രഖ്യാപിക്കുന്നു. മുടി നീട്ടി വളര്‍ത്തിയവരെല്ലാം കഞ്ചാവ് വില്‍പ്പനക്കാരാണ് എന്ന അപഹാസ്യമായ വിലയിരുത്തലാണ് പൊലീസ് നടത്തുന്നത്.