ജുനൈദ് അബൂബക്കറിന്റെ ആദ്യനോവലായ പൊനോന്‍ ഗോംബെ തന്നിലുളവാക്കിയ ചിന്തയെയും വായനാനുഭവവും വായനക്കാരുമായി പങ്കുവയ്ക്കുകയാണ് കവിയും നോവലിസ്റ്റുമായ മനോജ് കുറൂര്‍. താന്‍ മണിക്കൂറുകൊണ്ട് വായിച്ചുതീര്‍ന്ന രണ്ടാമത്തെ നോവലാണ് ജുനൈദിന്റെ പൊനോന്‍ ഗോംബെയെന്ന് അദ്ദേഹം പറയുന്നു. കൂടാതെ കഥ പറയാനുള്ള കൈയടക്കമുള്ള, കവികൂടിയായ ജുനൈദിന് ആശംസകളും അദ്ദേഹം നേരുന്നു.
മനോജ് കുറൂര്‍ എഴുതുന്നു…
മണിക്കൂറുകള്‍കൊണ്ട് ഒരു നോവല്‍ വായിച്ചു. യുവസുഹൃത്ത് ജുനൈദ് അബൂബക്കര്‍ എഴുതിയ ‘പൊനോന്‍ ഗോംബെ‘. ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍, ഞാന്‍ വായിക്കുന്ന രണ്ടാമത്തെ മലയാളനോവലാണിത്. ആദ്യത്തേത് മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘മനസ്സിലെ മാണിക്യം’. അഡിസ് അബാബയില്‍ രാത്രി രസം തേടിയിറങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന്‍ ജോയിക്കുട്ടിക്ക്, ആഫ്രിക്കന്‍ രാഷ്ട്രീയത്തിന്റെ നൂലാമാലകളില്‍ കുടുങ്ങി ജീവിതം നഷ്ടമാകുന്ന ദുരന്തകഥയാണത്. ആദ്യമായി അന്തര്‍ദ്ദേശീയരാഷ്ട്രീയം പ്രമേയമാകുന്ന മലയാളനോവലും അതാണെന്നു തോന്നുന്നു.
ജുനൈദിന്റെ നോവലില്‍ മലയാളി കഥാപാത്രങ്ങളില്ല. സാംസ്‌കാരികവും
രാഷ്ട്രീയവുമായി ആഫ്രിക്കന്‍ പശ്ചാത്തലമാണ് ഇതിന്. സാന്‍സിബാറില്‍നിന്ന് സൊമാലിയയിലെത്തുന്ന സുലൈമാന്‍, വിവാഹിതനായ ആദ്യരാത്രിതന്നെ അറസ്റ്റ് ചെയ്യപ്പെടുന്നു. തുടര്‍ന്നു സി ഐ എ യുടെ ചോദ്യംചെയ്യലിനു വിധേയനാവുന്ന അയാള്‍ അനുഭവിക്കുന്ന നരകയാതനയും പുതുമ മാറാത്ത ദാമ്പത്യത്തിന്റെ, പ്രണയത്തിന്റെ ഓര്‍മ്മകളും ചേര്‍ന്ന ദാരുണജീവിതമാണ് ഇതിന്റെ പ്രമേയം.
തീവ്രവാദത്തിനെതിരേ പാശ്ചാത്യശക്തികള്‍ നടപ്പാക്കുന്ന അടിച്ചമര്‍ത്തലില്‍ സുലൈമാനെപ്പോലെയുള്ള നിരപരാധികളും ഇരകളാക്കപ്പെടുന്നു. അത്തരത്തില്‍ സമീപകാലത്തു വളരെ പ്രസക്തമായ രാഷ്ട്രീയം അന്തര്‍ദേശീയതലത്തില്‍ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു തടസ്സവുമില്ലാതെ വായിക്കാവുന്ന പാരായണക്ഷമത ഈ നോവലിനുണ്ട്. വളച്ചുകെട്ടലില്ലാത്ത ആഖ്യാനം. പക്ഷേ ആഖ്യാനരീതിയില്‍ വരുന്ന സൂക്ഷ്മവൈവിധ്യമാണ് എനിക്ക് ഏറെ ശ്രദ്ധേയമായി തോന്നിയത്. മീന്‍പിടിത്തം തൊഴിലാക്കിയ സുലൈമാന്റെയും പത്‌നി മഗീദയുടെയും ജീവിതം, ‘മുക്കുവനും പൊനോന്‍ ഗോംബെ എന്ന മത്സ്യവും’ എന്ന മെറ്റഫറിന്റെ സഹായത്തോടെ വൈകാരികമായി അവതരിപ്പിച്ചിരിക്കുന്നു. അപരിചിതമായ സ്ഥലകാലങ്ങളിലൂടെ, അവിടങ്ങളിലെ ജീവിതത്തിലൂടെ, തിളയ്ക്കുന്ന രാഷ്ട്രീയസാഹചര്യങ്ങളിലൂടെ സഞ്ചരിക്കുന്ന പൊനോന്‍ ഗോംബെ ജുനൈദിന്റെ ആദ്യനോവലാണ്. കഥ പറയാനുള്ള കൈയടക്കമുള്ള, കവികൂടിയായ ജുനൈദിന് ആശംസകള്‍!