അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.ബി.ബി.എസ്സ് നേടിയ പരിചയസമ്പന്നനായ ഒരു ഡോക്ടര്‍ കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള. നാല് ദശാബ്ദത്തിലധികം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ചികിത്സാജീവിതത്തിന്റെ ചില ഏടുകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്ന് വ്യത്യസ്തമായി പ്രകാശമാനമായ ചില വൈദ്യാനുഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുന്ന പുസ്തകമാണ് മരുന്നിനുപോലും തികയാത്ത ജീവിതം.
രോഗികളിലൂടെയും രോഗങ്ങളിലൂടെയും മനുഷ്യജീവിതവുമായി നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്റെ കണ്ടെത്തലുകള്‍ മരുന്നിനുപോലും തികയാത്ത ജീവിതത്തില്‍ വായിക്കാം. സ്വതസിദ്ധമായ നര്‍മം കലര്‍ന്ന രചനാശൈലിയിലുള്ള ഈ വേറിട്ട ചിന്തകള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വിവിധ വിഷയങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.
ഒരു ഡോക്ടറായി പ്രാക്ടീസ് തുടങ്ങിയ കാലത്ത് തനിക്ക് ലഭിച്ച ആദ്യത്തെ രോഗി മുതല്‍ പുനത്തിലിന്റെ ചിന്തകളില്‍ കടന്നുവരുന്നു. മരിച്ചു എന്ന് വിധിയെഴുതിയ ആള്‍ അനങ്ങിയ അനുഭവവും ഗന്ധത്തിലൂടെ രോഗം തിരിച്ചറിയുന്ന ഗന്ധര്‍വ്വന്‍ കൂടിയാണ് ഒരു വൈദ്യനെന്ന നേരമ്പോക്കും ഒക്കെ കലര്‍ത്തി ഏറെ ഗൗരവമുള്ള വിഷയങ്ങളാണ് പുനത്തില്‍ മരുന്നിനുപോലും തികയാത്ത ജീവിതത്തില്‍ കൂടി പറയുന്നത്.
63 കുറിപ്പുകളിലൂടെ പൂര്‍ണ്ണമാകുന്ന മരുന്നിനുപോലും തികയാത്ത ജീവിതം പ്രസിദ്ധീകൃതമായത് 2010ല്‍ ആണ്. പുനത്തിലിന്റെ ആത്മകഥയായ നഷ്ടജാതകത്തിന്റെ ഒരു അനുബന്ധം എന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി.
.സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍ എന്നിവയാണ് പുനത്തിലിന്റെ പ്രധാന നോവലുകള്‍. അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, സൈക്കിള്‍ സവാരി, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, എന്റെ പ്രിയപ്പെട്ട കഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ എന്നിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. എന്റെ സത്യാന്വേഷണ പരീക്ഷകള്‍, പുനത്തിലിന്റെ യാത്രകള്‍ എന്നിവ പ്രശസ്തമായ യാത്രാവിവരണങ്ങളാണ്.
സ്മാരകശിലകള്‍ക്ക് 1978ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും 1980ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
പ്രകാശമാനമായ ചില വൈദ്യാനുഭവങ്ങള്‍
The post മരുന്നിനുപോലും തികയാത്ത ജീവിതം appeared first on DC Books.