സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ സാഹിത്യകുലപതി എന്‍ കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി പ്രൊഫ. എന്‍ കൃഷ്ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20, 21, 22 തീയതികളില്‍ വിപുലമായ പരിപാടികളോടുകൂടി തിരുവനന്തപുരത്ത് ആഘോഷിക്കുന്നു. തിരുവനന്തപുരം നന്ദാവനത്തുള്ള എന്‍. കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഓഡിറ്റോറിയത്തില്‍ 20ന് വൈകിട്ട് 5.30ന് ജന്മശതാബ്ദി ആഘോഷം ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. എന്‍. കൃഷ്ണപിള്ള ജീവചരിത്രം പുതിയ പതിപ്പ്, എന്‍. കൃഷ്ണപിള്ള സാഹിത്യ വിമര്‍ശം എന്നിവ തോമസ് ഐസക് പ്രകാശനം ചെയ്യും. ശ്രീകുമാരന്‍ തമ്പി ഒ.എന്‍.വി അനുസ്മരണം നടത്തും. ഒ.എന്‍.വി കവിതകളുടെ ദൃശ്യാവിഷ്‌കാരവും ചടങ്ങില്‍ അരങ്ങേറും.
ഉദ്ഘാടനത്തിന് മുന്നോടിയായി 20ന് വൈകിട്ട് 4ന് കൃഷ്ണപിള്ളയുടെ ജീവിതത്തെയും സംഭാവനകളെയും ആധാരമാക്കിയുള്ള ചിത്രപ്രദര്‍ശനം മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പുരാരേഖ വകുപ്പ് ഒരുക്കുന്ന പുരാരേഖ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുന്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്ററും പുസ്തക പ്രദര്‍ശന വില്പന ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാറും ഉദ്ഘാടനം ചെയ്യും.
21ന് രാവിലെ 10.30ന് പ്രൊഫ. എന്‍. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല പഠനകേന്ദ്രം വാര്‍ഷികം ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും. ഒ.എന്‍.വിയെ അനുസ്മരിച്ചെഴുതിയ കാവ്യസൂര്യന് സ്വസ്തി ഒ.എന്‍.വിയുടെ ഭാര്യ പി.പി. സരോജിനിക്ക് നല്‍കി അപ്പുക്കുട്ടന്‍ പ്രകാശനം ചെയ്യും. 22ന് രാവിലെ 10.30ന് കേന്ദ്രസാഹിത്യ അക്കാഡമി നേതൃത്വത്തില്‍ എന്‍. കൃഷ്ണപിള്ള വ്യക്തിയും സാഹിത്യകാരനും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് ജന്മശതാബ്ദി സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലനും കൃഷ്ണായനം നാടകാവതരണം അടൂര്‍ ഗോപാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.
കേരള ഇബ്‌സന്‍ എന്ന വിശേഷണമുള്ള എന്‍ കൃഷ്ണപിള്ള സാഹിത്യപണ്ഡിതന്‍, ഗവേഷകന്‍, നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. മൗനംകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ വിവേകിയായ എഴുത്തുകാരനാണ് അദ്ദേഹം. വര്‍ക്കലയ്ക്കടുത്ത ചെമ്മരുതി വില്ലേജിലെ മുത്താറ്റ ഗ്രാമത്തിലുള്ള ചെക്കാലവിളാകം വീട്ടില്‍ പാര്‍വതിയമ്മയുടെയും ആറ്റിങ്ങല്‍ കക്കാട്ടുമഠത്തില്‍ കേശവരുടെയും പുത്രനായി 1916 സെപ്തംബര്‍ 22നാണ് കൃഷ്ണപിള്ള ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍. 1938ല്‍ എം എ ബിരുദം നേടി. ‘കേരളസംസ്‌കാരത്തിലെ ആര്യാംശം’ എന്ന വിഷയത്തില്‍ തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ ഗവേഷണം നടത്തി. തുടര്‍ന്ന് അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രിയപ്പെട്ട കൃഷ്ണപിള്ള അക്കാലത്തെ നാടകത്തെ തമാശയായികണ്ടിരുന്ന പ്രേക്ഷകരെ അടിമുടി ഞെട്ടിച്ചുകൊണ്ടാണ് 1942ല്‍ ഭഗ്നഭവനം എന്ന നാടകം രംഗത്ത് എത്തിച്ചത്. മലയാള നാടകത്തിന്റെ ജാതകം തന്നെ തിരുത്തിക്കുറിക്കുന്ന ഒനനായിരുന്നു ആ നാടകം. പിന്നീട് കന്യക, ബലാബലം, അനുരഞ്ജനം, മുടക്കുമതല്‍, അഴുമുഖത്തേക്ക്, ദര്‍ശനം തുടങ്ങി പുതുമ നിറഞ്ഞ അനേകം നാടകങ്ങള്‍ എഴുതി. നാടകരംഗത്തെ അദ്ദേഹത്തെ പ്രകടന മികവുകണ്ട് പണ്ഡിതര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ഇബ്‌സന്‍ എന്നു വിശേഷിപ്പിച്ചു.
കൂടാതെ കൃഷ്ണപിള്ളയുടെ തൂലികയില്‍ വിരിഞ്ഞ കൈരളിയുടെ കഥ എന്ന സാഹിത്യചരിത്ര ഗ്രന്ഥം പണ്ഡിതര്‍ക്കും പാമരര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട കൃതിയാണ്. കൃഷ്ണപിള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി രചിച്ച പന്ത്രണ്ടു കൃതികളുണ്ട്. അവയില്‍ മൂന്നു ഭാഗമായി എഴുതിയ കൈരളിയുടെ കഥ ബാലപുസ്തകവും ഉള്‍പ്പെടുന്നു. ചെങ്കോലും മരവുരിയും, ബിന്ദുക്കള്‍, ഭാവദര്‍പ്പണം, സീതാപരിത്യാഗം, ഉല്‍സവാഘോഷങ്ങള്‍, ഇരുളും വെളിച്ചവും (രണ്ടു ഭാഗം), സമ്പൂര്‍ണ ജീവിതം, മൗലികാവകാശങ്ങള്‍ എന്നിവയാണ് മറ്റു ബാലസാഹിത്യകൃതികള്‍.
കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് 1958ല്‍ ‘അഴിമുഖത്തേക്ക്’ എന്ന നാടകത്തിന് ലഭിച്ചു. 1972ല്‍ ‘തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍’ക്ക് ഓടക്കുഴല്‍ അവാര്‍ഡ് ലഭിച്ചു.1987ലെ സാഹിത്യ അക്കാമി അവാര്‍ഡ് ‘പ്രതിപാത്രം ഭാഷണഭേദം‘എന്ന ഗ്രന്ഥത്തിനാണ് ലഭിച്ചത്. ഈ കൃതി സി.വി. രാമന്‍പിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണ ശൈലിയെപ്പറ്റിയുള്ള ഒരാധികാരികമായ പഠനമാണ്. 1988 ജൂലൈ 10ന് 72–ാമത്തെ വയസ്സില്‍ എന്‍. കൃഷ്ണപിള്ള സാഹിത്യലോകത്തോട് വിടപറഞ്ഞു.
The post സാഹിത്യകുലപതി എന്‍ കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി appeared first on DC Books.