ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുടെയും സ്വരവും താളവുമാണ് ആ കാവ്യ ലോകത്തുനിന്ന് മുഴങ്ങികേട്ടത്. സച്ചിദാനന്ദന്‍, കടമ്മനിട്ട എന്നിവരുടെ തലമുറയെ പിന്തുടര്‍ന്നു വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകരണത്തിലും ആവിഷ്‌കരണ തന്ത്രത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്തത പുലര്‍ത്തി.
മലയാള കവിതയില്‍ അദൃഷ്ടപൂര്‍വങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി ശ്രദ്ധിക്കപ്പെടുന്നു. ആത്മഭാഷണത്തിന്റെയും ആത്മാപഗ്രഥനത്തിന്റെയും സ്വഭാവമുണ്ട് അദ്ദേഹത്തിന്റെ കവിതകള്‍ക്ക്. വ്യക്ത്യാനുഭവമാക്കാതെ ഒരനുഭവത്തെയും ബാഹ്യാനുഭവമായി ആഖ്യാനം ചെയ്യില്ലെന്ന നിര്‍ബന്ധം ഈ കവി പുലര്‍ത്തുന്നുണ്ട്. പിതാവിനോടുണ്ടായിരുന്ന സംഘര്‍ഷാത്മകമായ ബന്ധം, എപ്പോഴും ആശ്വാസമായിരുന്ന അമ്മയെക്കുറിച്ചുള്ള പ്രിയസ്മരണകള്‍, അകാലത്തില്‍ ജീവനൊടുക്കിയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന ഉള്‍ക്കിടിലം എന്നിവയെല്ലാം ഒരൊഴിയാബാധയായി കവിയില്‍ കടന്നുകൂടിയിരിക്കുന്നു. ഇവയില്‍ ഉരുത്തിരിയുന്ന ഭാവനകള്‍ പല കാവ്യങ്ങള്‍ക്കും പ്രമേയമായിത്തീരുന്നുമുണ്ട്. സഹോദരി, ഭാര്യ, പുത്രന്‍, പിതാവ് എന്നിവര്‍ കഥാപാത്രങ്ങളായി വരുന്ന കവിതകളാണ് താതവാക്യം, യാത്രപ്പാട്ട്, അമാവാസി, പിറക്കാത്ത കനോട്, തിരോധാനം, ഓര്‍മ്മകളുടെ ഓണം, വെളിവ് എന്നിവ. എന്നിരുന്നാലും പ്രണയം, മരണം, വിപ്ലവം എന്നിവയാണ് ഈ കവിതകളുടെയെല്ലാം മുഖ്യ പ്രമേയങ്ങള്‍.
ബാലചന്ദ്രന്റെ ഭാവുകത്വവും രാഷ്ടീയനൈതികതയും രൂപപ്പെടുത്തുന്നതില്‍
അറുപതുകളിലെയും എഴുപതുകളിലെയും കവിതകളും പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആദ്യകാല കവിതകളില്‍ അവയുടെ സ്വാധീനം ചെറിയതോതിലെങ്കിലും കടന്നുവരുന്നുണ്ട്. എങ്കിലും താനുള്‍പ്പടുന്ന മദ്ധ്യവര്‍ഗ്ഗത്തിന്റെ സംഘര്‍ഷങ്ങളും അതില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗ്ഗവുമാണ് അദ്ദേഹം പങ്കുവെക്കുന്നത്. 1980ല്‍ എഴുതപ്പെട്ട ‘മാപ്പുസാക്ഷി’ എന്ന കവിതയാകട്ടെ കുറ്റബോധത്തിന്റെ സ്വരമാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. എന്നാല്‍ മൃത്യുബോധം പ്രത്യക്ഷപ്പെടുന്ന കവിതകളാണ് ഏറെയും, ‘എവിടെ ജോണ്‍’, ‘സ്‌റ്റോക് ഹോമിലെ ഹേമന്തം’, ‘ബാധ’, ‘താതവാക്യം’,’ മാനസാന്തരം എന്നിവയാണ് അതില്‍ പ്രമുഖസ്ഥാനത്തുള്ളത്. അന്നത്തിലാകട്ടെ വിശപ്പ് എന്ന മഹാ സത്യത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു. ഗസല്‍ എന്ന കവിതയില്‍ അദ്ദേഹത്തിന്റെ പ്രിയപ്രമേയങ്ങളെല്ലാം ഒരു കൊളാഷിലെന്നപോലെ പ്രത്യക്ഷപ്പടുന്നതു കാണാം. ഇങ്ങനെ എല്ലാ മാനുഷിക വികാരങ്ങളെയും കവി അനുഭവത്തിന്റെ വാക്കുളില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു.
സാഹിത്യലോകത്തും ചലച്ചിത്രലോകത്തും തന്റേതായ ഇടംകണ്ടെത്തി മുന്നേറുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് 1957 ജൂലൈ 30ന് എറണാകുളം ജില്ലയിലെപറവൂരിലാണ് ജനിച്ചത്. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്.1997ല്‍ സ്വീഡിഷ് സര്‍ക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്‌സ് യൂണിയന്റെയും നോബല്‍ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡന്‍ സന്ദര്‍ശിച്ച പത്തംഗ ഇന്ത്യന്‍സാഹിത്യകാരസംഘത്തില്‍ അംഗം. 1997 ല്‍ സ്വീഡനിലെ ഗോട്ടെന്‍ബര്‍ഗ് നഗരത്തില്‍ നടന്ന അന്താരാഷ്ട്ര സാഹിത്യസമ്മേളനത്തില്‍ ഇന്ത്യന്‍ കവിതയെ പ്രതിനിധീകരിച്ചു. 1998 ല്‍ അമേരിക്കയിലെ റോച്ചാസ്റ്റില്‍ നടന്ന ഫൊക്കാന സാഹിത്യ സമ്മേളനത്തില്‍ പങ്കെടുത്തു. 2000ല്‍ പുറത്തിറങ്ങിയ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ 2001ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായെങ്കിലും അവാര്‍ഡ് സ്വീകരിച്ചില്ല.
പതിനെട്ടു കവിതകള്‍, അമാവാസി, ഡ്രാക്കുള, ഗസല്‍, പ്രതിനായകന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രണയകവിതകള്‍, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതാപരിഭാഷകള്‍, ചിദംബരസ്മരണ(സ്മരണ), എന്നിവ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.