ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഇ പി ശ്രീകുമാറിന്റെ എറ്റവും പുതിയ കഥാസമാഹാരമാണ് അദ്ധ്വാനവേട്ട. അദ്ധ്വാനവേട്ട, അക്ഷര, ഓട്ടോറിക്ഷക്കാരന്‍, മാനവവിഭവം, പെറ്റ് തുടങ്ങി ആഗോളവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദതന്ത്രങ്ങളിലേക്ക് വെളിച്ചംവീശുന്ന എട്ട് കഥകളുടെ സമാഹാരമാണിത്. ആഗോളവ്യവസ്ഥിതിയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ എന്ന തലക്കെട്ടില്‍ രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ പഠനക്കുറിപ്പ് ഈ സമാഹാരത്തെ കൂടുതല്‍ ഹൃദ്യമാക്കുന്നു.
രാഹുല്‍ രാധാകൃഷ്ണന്‍ തയ്യാറാക്കിയ പഠനക്കുറിപ്പില്‍ നിന്ന്;
എഴുത്തുകാരന്‍ യഥാര്‍ത്ഥത്തില്‍ ഒരു കപ്പിത്താനാണ്. ജീവിതത്തിന്റെ മഹാസമുദ്രം നിരന്തരം ഭേദിച്ചു കൊണ്ടിരിക്കുന്ന ചെറിയ കപ്പലാണ് അയാളുടേത്. കണ്ട കാഴ്ചകളും, അവ നല്‍കുന്ന അനുഭവങ്ങളും അനുഭൂതികളും,അതിനെത്തുടര്‍ന്നുള്ള വികാരവിചാരങ്ങളും നല്‍കുന്ന ഊര്‍ജ്ജപ്രവാഹത്താല്‍ പിറവിയെടുക്കുന്ന ദേശങ്ങളും കഥാപാത്രങ്ങളും കഥകളും കപ്പിത്താന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഒരേ ലക്ഷ്യത്തിലേക്ക് ഏകതാനമായി സപ്ന്ദിക്കുമ്പോഴാണ് അയാള്‍ എഴുത്തുകാരനാകുന്നതും, ആ എഴുത്തുകാരന്‍ മറ്റൊരു ലോകത്തെ നെയ്‌തെടുത്ത് നമ്മെ അത്ഭുതപ്പെടുത്തുന്നതും. കപ്പല്‍ച്ചേതംവരാതെ യാനപാത്രത്തെ അതിവിദഗ്ധമായി മുന്നോട്ടുനീക്കുകയെന്നതാണ് അയാളുടെ ദൗത്യം.
ആഗോളവത്കരണത്തിന്റെ തീനാളങ്ങള്‍ പതിച്ചിരിക്കുന്ന വിശാലമായ ആ സഞ്ചാരപഥത്തില്‍ഫാസിസത്തിന്റെ ചുവന്നുകലങ്ങിയ കണ്ണുകള്‍ ദൃഷ്ടി പതിപ്പിച്ചിരിക്കുന്നത് അയാളിലെനാവികന്‍കാണുന്നു. വേറൊരു വശത്തായി ഭാവിവാഗ്ദാനങ്ങളെന്ന് ഊറ്റംകൊള്ളുന്ന ഒരു തലമുറ മദ്യത്തിലും മയക്കുമരുന്നിലും ഊളിയിട്ടുകൊണ്ട് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന ദൃശ്യങ്ങളും തെളിയുന്നു. തൊഴിലിടങ്ങളിലെ ചതുരവടിവുകള്‍ ജീവിതെത്തത്തന്നെ തള്ളിമാറ്റുന്ന വ്യായാമങ്ങള്‍ അയാെള ഉദ്വിഗ്‌നനാക്കുന്നു. ഈ തിക്കുമുട്ടലിനിടയിലും നന്മയുടെ നേരിയ വെളിച്ചം പ്രദാനം ചെയ്യുന്ന ചിലരെ അയാള്‍ കണ്ടുമുട്ടുന്നു.
ഇ.പി. ശ്രീകുമാര്‍ എന്ന എഴുത്തുകാരന് വിപണികേന്ദ്രീകൃതമായ വ്യവഹാരങ്ങളിലെ ഇരകളുടെ തേങ്ങലാണ് എപ്പോഴും പഥ്യം. വര്‍ത്തമാനകാലത്തിന്റെ കാപട്യം നിറഞ്ഞ വിനിമയങ്ങളുടെ പൊള്ളത്തരങ്ങളിലൂടെയാണ് അദ്ദേഹം കഥകെള വാര്‍ത്തെടുക്കുന്നത്. സാങ്കേതികത വികസിക്കുന്തോറും മാനവരാശിയുടെ മൂല്യങ്ങള്‍ ദുര്‍ബലമാവുകയാണെന്ന ആശങ്ക അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അപരത്വത്തിന്റെ ആഘോഷങ്ങളായി ഉപേഭാക്തൃസമൂഹങ്ങള്‍ പരിണമിക്കുന്ന സമകാലികാവസ്ഥയുടെ പരിവട്ടങ്ങളാണ് അദ്ദേഹത്തിന്റെ എഴുത്തുകളരി.
നവസാമ്പത്തിക വ്യവസ്ഥകള്‍ക്ക് അനുസരിച്ച് ചാഞ്ചാടുന്ന മധ്യവര്‍ഗത്തിന്റെ കാമനകളിലാണ് അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകനോട്ടം കണിശമായി പതിക്കുന്നത്. അങ്ങനേ ലോകെമന്ന അനന്തവിഹായസ്സിനെ ഈ കഥാകൃത്ത് ഒരയല്‍ബന്ധത്തിന്റെ ചുമരുകളിലേക്ക് ക്ലിപ്തപ്പെടുത്തുകയാണ്. ചിലിയിലെ പ്രശസ്ത എഴുത്തുകാരനായ ആല്‍ബെര്‍ട്ടോ ഫ്യുഗെറ്റിന്റെ ‘Magical Neoliberalism’ എന്ന ഉപന്യാസത്തിലെ ചില നിരീക്ഷണങ്ങള്‍ ഇവിടെ പ്രതിപാദിക്കാം എന്ന് തോന്നുന്നു.
ഉദാരവത്കരണസമീപനത്തിന്റെ ഭാഗമായുള്ള സ്വത്രന്തവ്യാപാരത്തില്‍ ( Free Trade) ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്ക് പ്രസക്തി ഇല്ലാതാവുകയും അതിന്റെ അനന്തരഫലങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ സാഹിത്യത്തെയും കലയെയും വരെ ആശ്ലേഷിക്കുകയും ചെയ്യുന്നതിന്റെ സൂചനകള്‍ സൂക്ഷ്മവിശകലനത്തില്‍ കാണാവുന്നതാണ്. അങ്ങനെ ഒരു സന്ദര്‍ഭത്തില്‍ ഫ്യുഗെറ്റിന്റെ നോട്ടത്തില്‍ സര്‍ഗ്ഗാത്മകസൃഷ്ടികാരന്‍ ‘ഇവിടെ ഇപ്പോഴുള്ള’ വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ദേശീയതയ്ക്ക് ബദലായി മനുഷ്യാവസ്ഥയുടെ തന്മയീഭാവത്തിനു മുന്‍തൂക്കം നല്‍കുകയും ചെയ്യേണ്ടതാണ്. മധ്യവര്‍ഗത്തിന്റെ മനോവിചാരങ്ങളെ തെളിമയോടും പലമയോടുംകൂടി സ്വാംശീകരിക്കാന്‍ ഇത്തരം സാഹചര്യത്തില്‍ സാധ്യമാണ്. ഈ വിശേഷമായ ചരിത്രഘട്ടത്തില്‍ വായിച്ച് ശീലിച്ച എഴുത്തനുഭവങ്ങല്‍നിന്നും വ്യത്യസ്തമായി എഴുത്തുകാരന് വേറിട്ട ചിന്താധാര വികസിപ്പിക്കേണ്ടിവേന്നക്കാം; വിപ്ലവങ്ങളുടെ സ്ഥാനത്ത് ഉദാരമുതലാളിത്തത്തെയും കാലികമാറ്റങ്ങളെയും എതിര്‍ക്കുന്ന/പിന്താങ്ങുന്ന ആശയങ്ങളെക്കുറിച്ച് എഴുതേണ്ടി വരാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ആഗോള/ദേശീയവ്യവസ്ഥയുടെ സമ്മര്‍ദ്ദതന്ത്രങ്ങള്‍ക്കെതിരെ എഴുത്തിന്റെ മൂര്‍ച്ച കൂട്ടുകയെന്ന നിയോഗമാണ് കാലം അയാളെ ഏല്പിക്കുന്നത്. ഇ. പി ശ്രീകുമാര്‍ എന്ന കഥാകൃത്തിന്റെ വ്യവഹാരമണ്ഡലം ഇത്തരത്തില്‍ രൂപപ്പെട്ടതാണെന്നു കരുതുന്നതില്‍ തെറ്റില്ല.