ശൈവശാക്തേയാഗമങ്ങളും തന്ത്രാഗമവും വ്യാകരണവും വേദാന്തവും ആയുര്‍വേദവും യോഗദര്‍ശനവും ശില്പശാസ്ത്രവും പ്രപഞ്ചശാസ്ത്രവും ഭൗതികശാസ്ത്രവും സൂഫി ദര്‍ശനവും ലോകത്തിനു നല്കിയ ആത്മീയലാവണ്യങ്ങളുടെ പുണ്യഭൂമിയാണ് കശ്മീര്‍. മാത്രമല്ല പ്രകൃതി സൗന്ദര്യത്തിന്റെ ഉദാത്തതാഴ്വരകൂടിയാണ് കശ്മീര്‍. ഇങ്ങനെയുള്ള കശ്മീരിന്റെ വശ്യഭംഗി ആസ്വദിച്ചിട്ടില്ലാത്തവര്ക്കായി തയ്യാറാക്കിയ യാത്രാവിവരണ ഗ്രന്ഥമാണ് കശ്മീര്‍ എന്ന സ്വപ്നഭൂമി. പ്രകൃതിസ്നേഹശീതളമായ കശ്മീരില്‍ സഞ്ചരിക്കവേ അതിന്റെ ഉദ്ഭവകഥകളിലേക്കും ചരിത്രഗതികളിലേയ്ക്കും മനസ്സൊഴുകിപ്പോകുംവിധം
പി.ആര്. വിജയലക്ഷ്മിയാണ് പുസ്തകത്തിന്റ ആഖ്യാനം വിര്വഹിച്ചിരിക്കുന്നത്.
‘കശ്മീര്‍ എന്നും ലോകമോഹിനിയായി മണ്വടിവാര്ന്ന അപ്സരസ്സുതന്നെ. അതിനാലാണല്ലോ സുരന്മാരും അസുരന്മാരുമെല്ലാം കാലാകാലം ഈ അഴകിനെ, സമ്പത്തിനെ ബലാത്കാരം ചെയ്യാനും കൈയടക്കാനും മോഹിച്ചുപോന്നത്. അത്രമേല്‍ മുറിവുകള്‍ ഈ മനോഹരഭൂമി എന്നും ഏറ്റുകൊണ്ടിരുന്നു. ചോരവാര്‍ന്നുകൊണ്ടിരിക്കുന്ന, നിറതോക്കുകള്‍ സദാ കാവല്‍ നില്ക്കുന്ന ഈ അഴകിന്റെ ലാസ്യഭൂമിയിലേക്കാണ് ശ്രീമതി പി.ആര്. വിജയലക്ഷ്മി ആനന്ദയാത്ര നടത്തിയിരിക്കുന്നത്. തന്റെ ആനന്ദം നാമുമായി പങ്കുവയ്ക്കാനാണ് അവര്‍ കശ്മീര്‍ എന്ന സ്വപ്നഭൂമി എന്ന ഗ്രന്ഥത്തിലൂടെ നമ്മോടു സംസാരിക്കുന്നത് എന്ന് വി. മധുസൂദനന് നായര്‍ പുസ്തകത്തിന്റെ അവതാരികയില്‍ പറയുന്നു.
ഡാല്‍ തടാകം, മുഗള്‍ ഗാര്‍ഡന്‍സ്, ശങ്കരാചാര്യ ക്ഷേത്രം, പഹല്‍ഗാം, ഖീര്‍ ഭവാനി ക്ഷേത്രം, അവന്തിപ്പൂര്‍, പാംപോര്‍, ബാനിഹാള്‍, തുടങ്ങി നിരവധി പ്രദേശങ്ങളിലെ കാഴ്ചകള്‍ അവതരിപ്പിക്കുന്ന പുസ്തകം ഒരു കഥ പറച്ചിലിന്റെ ലാഘവത്തോടെ നോവും നര്‍മ്മവും സൂക്ഷ്മമായ നര്‍മ്മവും ചടുലവാക്കുകളില് ജീവചലനങ്ങളോടെ അടക്കം ചെയ്ത ശൈലിയില്‍ രചിച്ചിരിക്കുന്നു. കശ്മീര്‍ താഴ്വരയെക്കുറിച്ച് അറിയാനും അടുത്ത യാത്രാ പരിപാടിയില്‍ കശ്മീര്‍ ഉള്‍പ്പെടുത്താനും കശ്മീര്‍ എന്ന സ്വപ്നഭൂമി എന്ന പുസ്തകത്തിന് സാധിക്കും. ഡി സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
The post കശ്മീര്‍ എന്ന സ്വപ്നഭൂമി appeared first on DC Books.