കല്ലായിയിലെ ഏറെയൊന്നും കൊത്തുപണി നടത്താനാവാത്ത ഒരു ഉരുപ്പടിയാണ് മാമുക്കോയയെന്നും അഭിനയിക്കാതെ ജീവിക്കുന്ന നടനാണ് അദ്ദേഹമെന്നും കഥാകൃത്ത് വി ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന മാമുക്കോയയുടെ മലയാളികള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തുസംസാരിക്കുകയായിരുന്നു വി ആര്‍ സുധീഷ്.
അഭിനയിക്കാതെ ജീവിക്കുന്ന നടനാണ് മാമുക്കോയ.അഭിപ്രായ പ്രകടനത്തിലുമില്ല അഭിനയം. വെട്ടിത്തുറന്ന പറച്ചിലാണത്. ആരെന്നുമെന്തെന്നുമുള്ള നോട്ടമില്ല. അങ്ങനെയൊരു പറച്ചിലാണ് ഈ പുസ്തകത്തിലും. വലിയ വലിയ തത്വചിന്തകള് കൊച്ചുകൊച്ചു കോഴിക്കോടന് ഭാഷയില് ഇതില് അവതരിപ്പിക്കുന്നു- വി ആര്‍ സുധീഷ് പറഞ്ഞു. വി ടി മുരളി പുസ്തകം ഏറ്റുവാങ്ങി. താഹാ മാടായി മാമുക്കോയ എന്നിവര്‍ സംസാരിച്ചു.
കേരളപ്പിറവിയുടെ അറുപത് പൂര്‍ത്തിയാകുമ്പോള്‍ പ്രശസ്ത നടന്‍ മാമുക്കോയ മലയാളിയിലേക്ക് നോട്ടം പായിക്കുകയാണ്. ഭാഷയിലും ഭാഷണത്തിലും ഭക്ഷണത്തിലും സംസ്‌കാരത്തിലും മലയാളി ചെന്നെത്തിനില്ക്കുന്നത് എവിടെയാണെന്നും ആ എത്തിനില്പിന്റെ പിന്നാമ്പുറങ്ങള്‍ എന്തെല്ലാമാണെന്നും അന്വേഷിക്കുന്ന പുസ്തകമാണ് താഹാ മാടായിയും മാമുക്കോയയും ചേര്‍ന്ന് തയ്യാറാക്കിയ ‘മാമുക്കോയയുടെ മലയാളികള്‍’.