നോവലോ അനുഭവക്കുറിപ്പുകളോ ആകട്ടെ, അവ ഹൃദയത്തില്‍നിന്നും നേരിട്ടുള്ള ജീവിതപ്രകീര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ഓരോ വരിയും വായനക്കാരന്റെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും കന്നടകഥാകൃത്തുമായ സുധാമൂര്‍ത്തിയുടെ ഓരോ സൃഷ്ടികളിലും അവരുടെ പ്രവര്‍ത്തനങ്ങളുടെയും സമീപനത്തിന്റെയും സൂക്ഷ്മചിത്രം കാണാം. വിവേകവും ഉപഹാസങ്ങളും നിറഞ്ഞ ഋജുവായ ശൈലി. പത്രഭാഷയില്‍ നഷ്ടമായേക്കാവുന്ന ഉള്‍ക്കാഴ്ച്ചകള്‍ സംഭവവിവരണങ്ങളില്‍ പ്രതിഫലിക്കുന്നു. ദാരിദ്ര്യത്തിലേയ്ക്കും ദുരിതങ്ങളിലേയ്ക്കും വന്‍പ്രഖ്യപനങ്ങളുടെ അകമ്പടിയില്ലാതെ കടന്ന് ചെന്ന് സാധാരണമനുഷ്യരിലെ അസാധാരണ മനോഗുണങ്ങള്‍ കണ്ടെത്തുകയാണ് സുധാമൂര്‍ത്തി. സ്വാനുഭവങ്ങളിലൂടെയുള്ള പരിചയവും വിലയിരുത്തലും വൈയക്തിക മുദ്ര പതിയുന്ന ഓരോ വിവരണവും ഒഴുക്കോടെ വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
അറിഞ്ഞതിനും അനുഭവിച്ചറിഞ്ഞതിനുമപ്പുറം അമ്മയെത്തേടുന്ന മക്കളുടെ കഥയാണ് രണ്ട് അമ്മക്കഥകള്‍. മനസ്സിന്റെ ആര്‍ദ്രഭാവങ്ങളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന നോവല്ലെ. അമ്മയെന്ന വാക്ക് ഒരു നദിപോലെ ഒഴുകിപ്പരന്ന് വായനക്കാരനില്‍ അനുഭൂതി സൃഷ്ടിക്കുന്നത് വ്യക്തമായി അനുഭവിച്ചറിയാനാവുംവിധം ശക്തവും മനോഹരവുമായ രചനയാണ് രണ്ട് അമ്മക്കഥകള്‍. ഈ രചനയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍. നോവല്ലയില്‍നിന്നും അനുഭവക്കുറിപ്പുകളിലേയ്ക്കു വരുമ്പോഴും എഴുത്തിന്റെ ആര്‍ദ്രഭാവം ചോരുന്നില്ല എന്നത് ശ്രദ്ധേയമാണ്. തന്റെ ജീവിതയാത്രയില്‍ കണ്ടുമുട്ടുന്ന ഓരോരുത്തരേയും കഥാപാത്രങ്ങളാക്കി മാറ്റുകയാണ് ജീവിതത്തിന്റെ രഹസ്യപാഠങ്ങള്‍ എന്ന രചനയില്‍ സുധാമൂര്‍ത്തി ചെയ്യുന്നത്. ഡോളര്‍ മരുമകള്‍, മഹാശ്വേത എന്നീ നോവലുകളും തിരി കൊളുത്തൂ ഇരുള്‍ മായട്ടെ എന്ന അുഭവക്കുറിപ്പും ഡി സി ബുക്‌സിലൂടെ
മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
എഴുത്തിന്റെയും സാമൂഹികപ്രവര്‍ത്തന മേഖലകളിലും ഒരുപോലെ അറിയപ്പെടുന്ന വ്യക്തിത്വമാണ് സുധാമൂര്‍ത്തി. കന്നഡ, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളില്‍ നിരവധി രചനകള്‍ സുധാമൂര്‍ത്തിയുടേതായിട്ടുണ്ട്. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം, കല, സംസ്‌കാരം എന്നീ മേഖലകളിലെ പ്രവര്‍ത്തനം ലക്ഷ്യമിട്ട് 1996 ല്‍ കര്‍ണ്ണാടകയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷനും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു.
1950 ആഗസ്റ്റ് 19ന് കര്‍ണാടകയിലെ ഷി ഗോണ്‍ എന്ന സ്ഥലത്താണ്സുധാമൂര്‍ത്തി ജനിച്ചത്. ബി.ഇ എന്ജിനീറിങ് ബി.വി .ബി കോളേജില്‍ നിന്നാണ് പൂര്‍ത്തിയാക്കി്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എം.ഇ. എടുത്തു. ഒരു കമ്പ്യൂട്ടര്‍ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ എഞ്ചിനീയറിംഗ് ആന്‍ഡ് ലോക്കോമോട്ടീവ് കമ്പനിയില്‍ (ടെല്‍കോ) കമ്പ്യൂട്ടര്‍ എഞ്ചിനിയറായ ആദ്യ വനിത കൂടിയാണ് സുധാ മൂര്‍ത്തി. സുധ തന്റെ ജീവിത പങ്കാളിയായ എന്‍. ആര്‍. നാരായണ മൂര്‍ത്തിയെ പൂനെയിലെ ടെല്‌കൊയില്‍ നിന്നാണ് കണ്ടുമുട്ടിയത്. ഇന്ത്യയിലെ പലയിടങ്ങളിലും ജോലി നോക്കി. പിന്നീട്
സാമൂഹ്യപ്രവര്‍ത്തനതത്തിലേക്കും എഴുത്തിലേക്കും സ്ത്രീശാക്തീകരണത്തിലേക്കും പ്രവേശിച്ചു. 1996 ല്‍ ഇന്‌ഫോസിസ് ഫൌണ്ടേഷന്‍ തുടങ്ങി. ബംഗളൂരു യൂനിവേഴ്‌സിറ്റിയിലെ പി.ജി. സെന്ററില്‍ വിസിറ്റിംഗ് പ്രോഫെസ്സറായി ജോലി നോക്കി. ഇന്‍ഫോസിസ് ഫൌണ്ടേഷന്റെ ചെയര്‍പെഴ്‌സണ്‍, ഗേററ്‌സ് ഫൌണ്ടേഷന്‍ അംഗം തുടങ്ങിയ പദവികള്‍ വഹിച്ചു. യാത്രാവിവരണം, നോവല്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ രചിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയാവുകയും ചെയ്തു. സുധാമൂര്‍ത്തിയുടെ സാമൂഹ്യ ജീവിതം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീ ശാക്തീകരണം, പൊതുശുചിത്വം, ദാരിദ്ര്യം ഇല്ലതാക്കല്‍ എന്നീ നിലകളിലൂടെ കടന്നുപോകുന്നു.