ഇന്ന് മനുഷ്യത്വത്തിന് മേല്‍ ഫാസിസ്റ്റുകള്‍ ആക്രമണം നടത്തുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍ . മനുഷ്യത്വത്തിന് മേല്‍ ഫാസിസ്റ്റുകള്‍ ആക്രമണം നടത്തുകയാണ്. ഫാസിസ്റ്റുകള്‍ മൂന്ന് തരത്തിലാണ് ആക്രമണം നടത്തുന്നത്. ആദ്യത്തേത് ശാരീകമായ ആക്രമണമാണ്. രണ്ടാമത്തേത് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ചങ്ങലക്കിടുന്നതാണ്. മൂന്നാമത്തേതിലാണ് സവര്‍ണ്ണഹിന്ദു മനുഷ്യ സങ്കല്‍പ്പമാണ് ശ്രേഷഠമെന്ന് ആളുകളെ ധരിപ്പിക്കുകയും അതിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് ഒച്ചയുണ്ടാക്കി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ത്യയിന്ന് എത്തിനില്‍ക്കുന്നതെന്നും എന്‍.എസ് മാധവന്‍ പറഞ്ഞു.
ജനാധിപത്യമില്ലാതിരുന്ന കാലത്താണ് എന്നും സാഹിത്യം അതിനെതിരെ ശബ്ദമുയര്‍ത്തിയതെന്നും എന്നും എല്ലാ വിപ്ലവങ്ങളുടേയും അടിത്തറ എഴുത്തായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗ്രീക്ക് കാലം മുതല്‍ എഴുത്തച്ഛന്‍ വരെയുള്ള എഴുത്തുകാര്‍ സാഹിത്യത്തെ ശക്തമാക്കിയത് ജനാധിപത്യം നിലനില്‍ക്കാതിരുന്ന കാലത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് നടക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഡെമോക്രസിയില്‍ ജനാധിപത്യകാലത്തെ സാഹിത്യം എന്ന വിഷയത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
മനുഷ്യാവകാശത്തെ ശക്തിപ്പെടുത്തുകയാണ് സാഹിത്യത്തിന്റെ ലക്ഷ്യമെന്നും ഭാവിയിലേക്കുള്ള വഴികാട്ടിയാണ് ഭരണഘടനയെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളെ എതിര്‍ക്കുകയല്ല, മതങ്ങളെ അതേപടി സ്വീകരിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയിലെ മതേതരത്വം. മതമില്ലാത്തതാണ് ഫ്രാന്‍സിലേത്. അമേരിക്കന്‍ ഭരണഘടനയില്‍ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസിക്കാതിരിക്കാന്‍ അവകാശമില്ലെന്നത് നിര്‍ഭാഗ്യമാണെന്നും എന്‍.എസ് മാധവന്‍ അഭിപ്രായപ്പെട്ടു.
ഫാസിസ്റ്റ് കാലത്ത് എഴുത്തുകാരുടെ സ്വാതന്ത്ര്യം കുറയുന്നുവെന്ന് ചൂണ്ടിക്കാണിച്ചഎന്‍.എസ് മാധവന്‍ ഭാവിയില്‍ ഫാസിസം വേരുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ സാഹിത്യകാരന്മാര്‍ നിശബ്ദരായിപ്പോകുമെന്നും അഭിപ്രായപ്പെട്ടു.