ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം’ എന്ന നോവലിനെക്കുറിച്ച് ബെന്യാമിന്‍ എഴുതിയ അവതാരിക ‘കടപ്പുറത്തിന്റെ നല്ല സുവിശേഷം’
അതിവിശാലമായ ഒരു കടല്‍ത്തീരവും അതിനെ ചുറ്റിപ്പറ്റി നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സംസ്‌കാരവും ഉള്ള ഭൂമികയാണ് നമ്മുടേത്. സംഘകാല സംസ്‌കൃതിയില്‍ നേര്‍തല്‍ എന്ന തിണ കൊണ്ട് അടയാളപ്പെട്ടിരുന്നവര്‍. എന്നാല്‍, അതിസമ്പന്നമായ നമ്മുടെ ഗദ്യസാഹിത്യം എടുത്തു പരിശോധിച്ചാല്‍ തീരദേശത്തെയും തീരദേശ സംസ്‌കൃതിയെയും അടയാളപ്പെടുത്തുന്ന കൃതികള്‍ വളരെ പരിമിതം എന്നു കാണാവുന്നതാണ്. കഥകള്‍ക്ക് സമ്പന്നമായ ഖനനഭൂമിയായി ഇപ്പോഴും കടല്‍ത്തീര സംസ്‌കാരം നമുക്കു മുന്നില്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു എന്നു സാരം; പ്രത്യേകിച്ച് ദാരിദ്ര്യത്തിന്റെ ചുഴിയില്‍ പെട്ടു പോയ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ജീവിതം. ലോകത്തെമ്പാടും കടല്‍ത്തീരവുമായി ബന്ധപ്പെട്ട് അനേകം മികച്ച നോവലുകള്‍ ഉണ്ടായപ്പോഴും ഇത്ര സമ്പന്നമായ ഒരു സംസ്‌കാരം ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് ആ ഭൂമികയില്‍ നിന്നും നമുക്ക് മികച്ച കൃതികള്‍ സമ്മാനിക്കാന്‍ കഴിഞ്ഞില്ല എന്നത് ദുരൂഹമായ ഒരു സമസ്യമായി അവശേഷിക്കുന്നു. ഉണ്ടായത് തകഴിയുടെ ചെമ്മീന്‍ പോലെ ഉപരിപ്ലവമായി ആ സംസ്‌കാരത്തെ സമീപിക്കുന്ന ചില കൃതികള്‍ മാത്രം. മറ്റനേകം പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതം കേള്‍ക്കാന്‍ നാം സജ്ജമായിരുന്നില്ല എന്നതുപോലെ തന്നെ അതിനെയും ഉള്‍ക്കൊള്ളാന്‍ നാം പരുവപ്പെട്ടിരുന്നില്ല എന്നു വേണം അനുമാനിക്കാന്‍. എന്നാല്‍ ഉത്തരാധുനികതയ്ക്കും ശേഷം വന്ന ഫിക്ഷണല്‍ റിയലിസം എന്ന സാഹിത്യരൂപം എല്ലാവിധ ജീവിതങ്ങളെയും അതിന്റെ വൈവിധ്യത്തോടെയും അതിന്റെ ‘കുറവുകളോടെയും’ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായിരുന്നു എന്നു നമുക്ക് കാണാന്‍ സാധിക്കും.
ആ ഒരു ഊര്‍ജ്ജത്തില്‍നിന്നുകൊണ്ടാവണം ഫ്രാന്‍സിസ് നെറോണ ‘അശരണരുടെ സുവിശേഷം‘ എന്ന നോവല്‍ എഴുതിരിക്കുന്നത്. നമ്മുടെ ശുഷ്‌കമായിരിക്കുന്ന തീരദേശസാഹിത്യത്തിനു ഒരു മുതല്‍ക്കൂട്ട് എന്ന് ഒറ്റവാക്കില്‍ ഈ നോവലിനെ നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയും. പ്രാദേശിക ചരിത്രം, ഭാഷ, സംസ്‌കാരം തുടങ്ങി വേഷവൈവിധ്യവും, ആഹാരക്രമങ്ങളും വരെ നോവലുകളില്‍ സൂക്ഷ്മമായി അടയാളപ്പെടുത്തപ്പെടുന്ന ഒരു കാലമാണിത്. അതിനെ കൃത്യമായി സാക്ഷീകരിച്ചുകൊണ്ട് ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍ പ്രാപിക്കുന്നതിന്റെയും ചിത്രം ഈ നോവല്‍ നമുക്ക് പകര്‍ന്നു തരുന്നു. ആ കഥപറച്ചിലിനിടയില്‍ ദേശപ്പെരുമകള്‍ ഉണ്ട്. ദേശത്തിന്റെ ഉല്‍പത്തിയെപ്പറ്റിയുള്ള സങ്കല്പങ്ങള്‍ ഉണ്ട്. പ്രാദേശിക വിശ്വാസഭേദങ്ങള്‍ ഉണ്ട്. തനത് വിശ്വാസരീതികള്‍ ഉണ്ട്. നാടന്‍പാട്ടുകള്‍ ഉണ്ട്.. പൂര്‍വ്വികരെക്കുറിച്ചുള്ള വീരകഥകളുണ്ട്.
ഈ നോവല്‍ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് തീയതികളിലൂടെയല്ല, മറ്റ് ചില ചരിത്രസൂചനകളിലൂടെയാണ്. അതുകൊണ്ടുതന്നെ ഈ പുസ്തകത്തില്‍ ചവിട്ടുനാടകവും കാറല്‍മാനും ഉണ്ട്. ഉമ്മന്‍ ഫീലിപ്പോസിന്റെ കേളീസല്ലാപം ഉണ്ട്. റമ്പാന്‍പാട്ടും പൗരസമത്വവാദ പ്രക്ഷോഭവും ഇ.ജെ. ജോണും ഉണ്ട്. ചാവറ അച്ചനും അദ്ദേഹത്തിന്റെ പ്രസും ഉണ്ട്. പൊള്ളോത്തെ കടപ്പുറവും മീന്‍പിടിത്തക്കാരോട് സുറിയാനി ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്ന അയിത്തവും ഉണ്ട്. എന്നാല്‍ കഥയുടെ അരുകു ചേര്‍ന്ന് ഒഴുകുന്ന ചരിത്രം ഒരു പൊങ്ങുതടിപോലെ നോവലിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടന്ന് അതിന്റെ കാഴ്ചയെയും ഒഴുക്കിനെയും തടസ്സപ്പെടുത്തുന്നുമില്ല. അങ്ങനെ നോവല്‍ അതിന്റെ പ്രാദേശിക സ്വത്വത്തില്‍ ഉറച്ചു നില്ക്കുമ്പോള്‍തന്നെ അത് സാര്‍വ്വദേശീയ തലത്തിലേക്ക് ഉയരുന്നു. ഒരു കടപ്പുറത്തിന്റെ കഥ പറയുന്നതിലൂടെ അത് എല്ലാ കടപ്പുറങ്ങളുടെയും കഥയായി മാറുന്നു. ഈ സാഹിത്യസാഹചര്യത്തെയാണ് മാര്‍കേസ് പണ്ട് ‘കോസ്റ്റും ബ്രിസ്‌മോ’ എന്ന് വിശേഷിപ്പിച്ചത്. അങ്ങനെ ഒരു കരവിരുത് ഫ്രാന്‍സിസ് നെറോണ ഈ നോവലില്‍ പ്രകടമാക്കുന്നുണ്ട്.
അക്ഷരങ്ങളില്‍ അടയാളപ്പെടാന്‍ വിധിയില്ലാതെപോയ അശരണരുടെ പുസ്തകമായിരിക്കുമ്പോള്‍തന്നെ സമാന്തരമായി ഇത് ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥകൂടിയാണ്. ഫാ. റൈനോള്‍ഡ്‌സും തുറയിലെ അനാഥപ്പിള്ളേര്‍ക്കു വേണ്ടി അദ്ദേഹം നടത്തുന്ന അനാഥാലയവും എങ്ങനെയൊക്കെ അധികാരികളില്‍നിന്ന് തിരസ്‌കരിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് ആ നടപ്പിന്റെ കാഠിന്യം മനസ്സിലാവുക. എങ്കിലും അങ്ങനെ നടക്കാന്‍ കരുത്തു കാട്ടിയ ചിലരാണ്, മാളികപ്പുറത്തിരിക്കുന്നവനല്ല അഴുക്കുചാലില്‍ നടക്കുന്നവനാണ് ക്രിസ്തു എന്ന് നമ്മെ എപ്പോഴും ബോധ്യപ്പെടുത്തുന്നത്. അതാണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്ന ദര്‍ശനവും.
ഓരോ പുതിയ എഴുത്തുകാരുടെ കൃതികളിലൂടെയും കടന്നു പോകുമ്പോള്‍ നമുക്ക് തുറന്നു കിട്ടുന്നത് ഒരു പുതിയ പ്രപഞ്ചത്തിലെ വേറിട്ട കാഴ്ചകളാണ്. ഇന്നലെവരെ സാഹിത്യം അടയാളപ്പെടുത്താതിരുന്നതോ അടയാളപ്പെടുത്താന്‍ മറന്നുപോയതോ ആയ ചിലത് മുന്നോട്ടു വയ്ക്കാന്‍ അവര്‍ക്കു കഴിയുന്നു എന്നതാണ് പുതു വായനയിലേക്ക് നമ്മെ ആകര്‍ഷിക്കുന്ന ഘടകം. ഫ്രാന്‍സിസ് നെറോണ അത്തരത്തില്‍ ഒരു പുതിയ ദേശത്തിലേക്കും അതിന്റെ ചരിത്രത്തിലേക്കും അതിന്റെ ജീവിതത്തിലേക്കും നമ്മെ ഈ നോവലിലൂടെ കൂട്ടിക്കൊണ്ടുപോകുന്നു. നവ്യമായ ഒരു വായനാനുഭവം നമുക്ക് ഉറപ്പു നല്കുകയും ചെയ്യുന്നു. ഫ്രാന്‍സിസ് നെറോണയുടെ സാഹിത്യജീവിതത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
സ്‌നേഹത്തോടെ,
ബെന്യാമിന്‍.