ഡി സി ബുക്‌സിന്റെ സ്ഥാപകന്‍, എഴുത്തുകാരന്‍, സ്വാതന്ത്ര്യ സമര സേനാനി, മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ കോളമിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ ഡി സി കിഴക്കേമുറിയുടെ സ്മരണാര്‍ത്ഥം നടത്തുന്ന 19-ാമത് സ്മാരക പ്രഭാഷണം പ്രശസ്ത തമിഴ് സാഹിത്യകാരനും അദ്ധ്യാപകനുമായ പെരുമാള്‍ മുരുകന്‍ നിര്‍വ്വഹിക്കും. ‘ആധുനിക തമിഴ് സാഹിത്യം ഒരു വിമര്‍ശന വായന’ എന്നതാണ് വിഷയം. 2017 ഓഗസ്റ്റ് 29-ന് വൈകിട്ട് അഞ്ചരയ്ക്ക് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുന്ന ഡി സി ബുക്‌സ് വാര്‍ഷികാഘോഷത്തിലാണ് പ്രഭാഷണം.
കോയമ്പത്തൂര്‍, ഈറോഡ്, നാമക്കല്‍ പ്രവിശ്യകള്‍ ഉള്‍പ്പെടുന്ന കൊങ്കു മേഖലയുടെ കഥാകാരനും ചരിത്രകാരനുമായാണ് പെരുമാള്‍ മുരുകന്‍ അറിയപ്പെടുന്നത്. നാമക്കല്‍ ജില്ലയിലെ തിരുച്ചെങ്കോട് സ്വദേശിയാണ് ഇദ്ദേഹം. തമിഴ് സാഹിത്യകാരന്‍ ആര്‍. ഷണ്‍മുഖസുന്ദരത്തിന്റെ നോവലുകളെക്കുറിച്ചുള്ള ഗവേഷണത്തിന് പി.എച്ച്.ഡി നേടി. നാമക്കലിലെ ഗവണ്‍മെന്റ് ആര്‍ട്‌സ് കോളേജില്‍ തമിഴ് പ്രൊഫസറാണ്. ‘ഇളമരുത്’ എന്ന പേരില്‍ കവിതകളെഴുതാറുണ്ട്. കാലൈച്ചുവട്, മനഓസൈ, കുതിരവീരന്‍പയണം തുടങ്ങിയ തമിഴ് സമാന്തര സാഹിത്യ മാസികകളുടെ പത്രാധിപ സമിതി അംഗമായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്ന് നോവലുകള്‍ ഇംഗ്ലീഷിലേക്കും നിഴല്‍മുറ്റം എന്ന നോവല്‍ പോളിഷ് ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.’മാതൊരുഭാഗന്‍’ (അര്‍ദ്ധനാരീശ്വരന്‍)
എന്ന വിവാദനോവലിലൂടെയാണ് പെരുമാള്‍ മുരുകന്‍ ഏറെ ശ്രദ്ധേനായത്. ഈ നോവല്‍ വിലക്കുകയും അതിലൂടെ ‘എഴുത്തുകാരന്‍ മരിച്ചു’എന്ന് പ്രഖ്യാപിച്ച് എഴുത്തുനിര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് പുസ്തകത്തിന്റെ വിലക്ക് നീക്കിയതിനുശേഷമാണ് അദ്ദേഹം സാഹിത്യരംഗത്തേക്ക് സജീവമായി മടങ്ങിയെത്തിയത്.
ഡി സി ബുക്‌സിന്റെ സ്ഥാപകന്‍, എഴുത്തുകാരന്‍, സ്വാതന്ത്ര്യ സമര സേനാനി, മലയാള പത്രപ്രവര്‍ത്തന രംഗത്തെ ആദ്യത്തെ കോളമിസ്റ്റ്, നാഷണല്‍ ബുക് സ്റ്റാളിന്റെ സ്ഥാപകന്‍, ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ അമരക്കാരന്‍, സ്ഥാപകസമിതി അംഗം എന്നീ നിലകളില്‍ പ്രശസ്തനാണ് ഡി സി കിഴക്കെമുറി (1914-1999).അദ്ദേഹത്തെ 1999 ജനുവരി 26 ന് രാഷ്ട്രം പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
1999 മുതലാണ് അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം ‘ഡി സി കിഴക്കെമുറി സ്മാരകപ്രഭാഷണം’ നടത്തിവരുന്നത്. മുന്‍ പ്രധാനമമന്ത്രി പി വി നരസിംഹറാവുവാണ്(1999) പ്രഭാഷണത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്നിങ്ങോട്ട് എം ടി വാസുദേവന്‍നായര്‍(2000), ഇന്ദിര ഗോസ്വാമി(2001), ഡോ.ജി മാധവന്‍ നായര്‍(2002), രാമചന്ദ്ര ഗുഹ(2003), കഞ്ചാ ഇലായിയ(2004), ശശി കുമാര്‍ (2005), അരുണ്‍ ചൗരി(2006), സുകുമാര്‍ അഴിക്കോട്(2007), സുധീര്‍ കക്കാര്‍(2008), അല്‍ക സാറ ഓജി (2009), നവിന്‍ ബി ചൗള(2010), ബിനായക് സെന്‍(2011), പ്രൊഫ. ഒഎന്‍വി കുറുപ്പ്(2012), കെ സച്ചിദാനന്ദന്‍(2013), ആനന്ദ്(2014), എന്‍ എസ് മാധവന്‍ (2015), സുഭാഷിണി അലി(2016) എന്നിവരാണ് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തിയിട്ടുള്ളത്..