മാമുക്കോയയുടെ ജീവിതകഥപറയുന്ന മൂന്നാമത്തെ പുസ്തകമാണ് താഹാ മടായി എഴുതിയ മാമുക്കോയയുടെ മലയാളികള്‍. പ്രത്യക്ഷത്തില്‍ മാമുക്കോയയും സമൂഹവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളം അറുപതാണ്ടുകള്‍ പിന്നിടുമ്പോള്‍ കേരളക്കരയിലെ ജനങ്ങള്‍ക്ക് എന്തുമാറ്റം വന്നു എന്ന അന്വേഷിക്കുകയാണിവിടെ മാമുക്കോയചെയ്യുന്നത്. ഭാഷ, ഭക്ഷണം, ഭാഷണം തുടങ്ങി മലയാളികളുടെ മാറ്റത്തെ തന്റെ വാക്കുകളിലൂടെ അവതരിപ്പിക്കുകയാണ് മാമുക്കോയയുടെ മലയാളികള്‍ എന്ന പുസ്തകം. കുറഞ്ഞവാക്കില്‍ കൂടുതല്‍ കാര്യങ്ങളുമായി മാമൂക്കോയയുടെ തനത് ശൈലിയിലാണ് ഇതിലെ ഓരോ ഭാഗവും അവതരിപ്പിച്ചിരിക്കുന്നത്. അനുബന്ധമായി മാമുക്കോയ സ്‌പെഷ്യല്‍ വിഭവങ്ങള്‍, മലബാറിന്റെ സ്വന്താമയ വാക്കുകളും അവയുടെ അര്‍ത്ഥവും വിശദീകരിക്കുന്ന മാപ്പിള ഡിക്ഷ്ണറിയും നല്‍കിയിരിക്കുന്നു.
പുസ്തകത്തെക്കുറിച്ച് താഹാ മടായി; ‘മാമുക്കോയയുടെ ജീവിതവര്‍ത്തമാനം’
മാമുക്കോയയുടെ ജീവിതം ആസ്പദമാക്കി എഴുതിയ മൂന്നാമത്തെ പുസ്തകമാണിത്. പഴയ ഓര്‍മ്മകളിലും സമകാലിക സംഭവങ്ങളിലും ഏറ്റവും സംവേദനക്ഷമതയുള്ള മനസ്സ് സൂക്ഷിക്കുന്നു, മാമുക്കോയ. ഓര്‍മ്മയെഴുത്തില്‍ മാമുക്കോയയിലൂടെ ഒരു തുടര്‍ച്ച സാദ്ധ്യമാകുന്നത് അതുകൊണ്ടാണ്. മാനുഷികവും വൈയക്തികവുമായ കൂട്ടായ്മകളെ അദ്ദേഹം ഓര്‍ക്കുന്നു. നാടന്‍ ശൈലിയില്‍ വലിയ ഉള്‍ക്കാഴ്ചയോടെ സംസാരിക്കുന്നു. ജീവിതമെഴുത്ത് എന്ന സര്‍ഗാത്മകമായ പുതിയ സാഹിത്യ വിന്യാസത്തിലേക്ക് വികാര നിര്‍ഭരമായ വാക്കുകളുമായി മാമുക്കോയ കടന്നുവരുന്നു.
മനുഷ്യരോടും ഭൂമിയോടുമുള്ള സ്‌നേഹം ആത്മാവില്‍നിന്ന് ചിതറി വീഴുന്നു. നിരന്തരവും സൂക്ഷ്മവുമായ ചോദ്യങ്ങളില്‍നിന്നാണ് ഈ പുസ്തക ങ്ങളെല്ലാമുണ്ടായത്. ചിലപ്പോള്‍, ദീര്‍ഘമായി, രാത്രികളില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ ഞങ്ങള്‍ സംസാരിച്ചു. തിരക്കേറിയ ദിവസങ്ങളിലും അദ്ദേഹം സംസാരിക്കാന്‍ സന്നദ്ധനാവുന്നു. പഴയ സൗഹൃദങ്ങളില്‍ സ്വയം ലയിച്ചു സംസാരിക്കുന്നു. ചില കാര്യങ്ങള്‍ അദ്ദേഹം ഉദ്ദേശിച്ചതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അഭിനന്ദിക്കുന്നു. വര്‍ത്തമാന കാലത്തും പ്രസക്ത മാകുന്ന കണ്ണി മുറിയാത്ത ഓര്‍മ്മകളാണ് മാമുക്കോയയുടെ ജീവിത മെഴുത്തിലൂടെ കൊണ്ടുവരാന്‍ ശ്രമിച്ചത്.
ഗ്രാമീണമായ ഒരു കാഴ്ച വട്ടത്തിലൂടെയാണ് മാമുക്കോയയെ ചോദ്യങ്ങളിലൂടെ അഭിമുഖീകരിച്ചത്. അനുഭവം പറയുമ്പോള്‍ ‘ഞാന്‍’ എന്ന ഭാവം അലിഞ്ഞില്ലാതാവുന്നു. ‘മാമുക്കോയയും സമൂഹവും’ ആണ് ഈ പുസ്തകങ്ങളുടെയൊക്കെ ഉള്ളടക്കം. ഉന്നയിച്ച ദീര്‍ഘമായ ചോദ്യങ്ങള്‍ ഉത്തരങ്ങളിലേക്കുതന്നെ കണ്ണിചേര്‍ക്കുകയോ ഒഴിവാക്കുകയോ ചെയ്തുകൊണ്ടുള്ള ഒരു ആഖ്യാനമാണ് ജീവിതമെഴുത്തില്‍ സംഭവിക്കുന്നത്. വാസ്തവത്തില്‍ നിരവധി ചോദ്യങ്ങളിലൂടെ നിവര്‍ത്തപ്പെടുന്ന, ചുരുളഴിയുന്ന, ഒരു മനസ്സാണ് ഈ പുസ്തകം.
കേരളപ്പിറവിക്ക് ശേഷമുള്ള മലയാളിയുടെ മാറ്റങ്ങളാണ് ഇതില്‍ മുഖ്യമായും കടന്നുവരുന്നത്. ‘മാപ്പിള’യ്ക്ക് കൂടുതല്‍ ഊന്നലുണ്ട്. മാമുക്കോയ, ജീവിതം: മാമുക്കോയ കോഴിക്കോട്–എന്നിവയുടെ തുടര്‍ച്ചയായിട്ടാണ് ഈ പുസ്തകം വായിക്കേണ്ടത്. അങ്ങനെ വായിച്ചിട്ടില്ലാത്തവര്‍ക്കും, ഇത്, തികച്ചും പുതിയ ഒന്നായി അനുഭവപ്പെടും. അനുഭവങ്ങളുടെ പദാനുപദ പകര്‍ത്തെഴുത്തല്ല ജീവിതമെഴുത്ത്. ആശയങ്ങളെയും ഓര്‍മ്മകളെയും സവിശേഷ രീതിയില്‍ കണ്ണി ചേര്‍ക്കുന്ന സര്‍ഗാത്മക വിനിമയമാണത്.