ഭാരതത്തിന്റെ ആധ്യാത്മികനഭസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന നക്ഷത്രമായ ശ്രീ ശങ്കരാചാര്യരുടെ ജീവിതം പറയുന്ന നോവലാണ് കെ സി അജയകുമാറിന്റെ നോവലാണ് ആദിശങ്കരം. എട്ടു വയസ്സ് മുതല്‍ 32 വയസ്സ് വരെ ഭാരതത്തിന്റെ ആധ്യാത്മികലോകത്ത് നിറഞ്ഞു നിന്ന ആദിശങ്കരന്റെ കാലടി മുതല്‍ കേദാര്‍ നാഥ് വരെയുള്ള ആധ്യാത്മിക യാത്രയും ജീവിതവുമാണ് വിവരിച്ചിരിക്കുന്നത്.. ചരിത്ര സൂചനകളിലൂടെയും ഐതീഹ്യകഥകളിലൂടെയും വാമൊഴിപെരുമയിലൂടെയും മാത്രം വായിച്ചറിഞ്ഞ ശങ്കര ജീവിതത്തെ വ്യത്യസ്തമായ ആഖ്യാനത്തില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ നോവലില്‍ ശങ്കരാചാര്യരുടെ ദാര്‍ശനിക ആദ്ധ്യാത്മിക ഔന്നിത്യത്തെ അത്ഭുതങ്ങളുടെയും അതിശയോക്തികളുടെയും മറവില്‍ പെട്ടുപോകാതെ അവതരിപ്പിച്ചിരിക്കുന്നു.
നോവലിന് കെ വി രാജശേഖരന്‍ എഴുതിയ ആസ്വാദനക്കുറിപ്പ് ;
സനാതന ചിന്തകള്‍ വെല്ലുവിളികള്‍ നേരിട്ട ചരിത്രസന്ധിയില്‍ ശരിമാര്‍ഗം കണ്ടെത്തുവാന്‍ നിയതി നിയോഗിച്ചത് ശിവഗുരുവിനെയാണ്. ശിവഗുരു ദമ്പതികള്‍ വടക്കുന്നാഥനെ കണ്ടു. വരവും ലഭിച്ചു. ശങ്കരന്‍ അവതരിച്ചു. ജന്മോദ്ദേശം പൂര്‍ത്തിയാക്കിയ ശിവഗുരു, അധികം താമസിയാതെ, വിഷ്ണുപാദത്തിങ്കലേക്കു മടങ്ങി.. ശങ്കരന് ‘അമ്മ മാത്രമായി. ശങ്കരന്‍ അമ്മയെ പറഞ്ഞു സമ്മതിപ്പിച് അറിവിന്റെ പൊരുള്‍ തേടി വിശാല ഭാരതവര്ഷത്തിന്റെ നദികളും മലകളും തെരുവകളും ഒന്നൊന്നായി കടന്നു പോയി. ജനസാമാന്യത്തെ കണ്ടു. ഗുരുമുഖങ്ങളില്‍ പ്രണാമം അര്‍പ്പിച്ചു അറിവിന്റെ പ്രസാദം തേടി. ഇര്‍ഷി സന്നിധാനങ്ങളില്‍ സാഷ്ടാംഗം സമര്‍പ്പിച്ചു. സ്വയം അറിഞ്ഞു. പരമാത്മാവിനെ അറിഞ്ഞു.രണ്ടും ഒന്നാണെന്ന് താന്‍ ആദ്യം ചിന്തിച്ചു തുടങ്ങിയത് ശരിയാണെന്നും അറിഞ്ഞു.
നിയതി ശങ്കരന്റെ അച്ഛനെ മടക്കിവിളിച്ച് അമ്മയുടെ തണലില്‍ വിട്ടുവെങ്കില്‍ വ്യാസന്റെ അനുഭവം മറിച്ചായിരുന്നു. മൂന്നു വയസ്സ് കഴിഞ്ഞപ്പോള്‍ അമ്മയോട് വിട പറഞ്ഞ് അച്ഛനോടൊപ്പം ശിഷ്യനായി കൂടിയതാണ് അവിടെ സംഭവിച്ചത്. വ്യാസന് ക്രോഡീകരിക്കാത്ത വേദ ദര്‍ശനങ്ങളെ കണ്ടെത്തി വിഭജിച്ചു സനാതന ധര്മ ധാരയുടെ ഗതി കുറിക്കണമായിരുന്നു. ശങ്കരന്റെ യുഗം എത്തിയപ്പോള്‍ ആ ധര്മധാരയ്ക്കുണ്ടായ വഴി തടസങ്ങള്‍ നീക്കുകയായിരുന്നു വേണ്ടിയത്. ജനപഥങ്ങളില്‍ വിശാലമായി സഞ്ചരിച്ച് സമഗ്ര പഠനവും വ്യത്യസ്ത പക്ഷങ്ങളെ അറിഞ്ഞും തര്‍ക്കിച്ചു ജയിച്ചും മുന്നേറുവാന്‍ ഏകനായി സ്വതന്ത്ര സത്യാന്വേഷണ യാത്രക്കായിരുന്നു ശങ്കരന്റെ നിയോഗം. കാലചക്രത്തിന്റെ പുറകോട്ടു സഞ്ചരിച്ച് മൂന്ന് കാലവും കണ്ടറിഞ്ഞ ആദി ശങ്കരനോടൊപ്പം കെ സി അജയകുമാറിന്റെ സര്‍ഗ്ഗചേതന ശങ്കരന് പിന്നില്‍ നിന്ന് യാത്ര തുടങ്ങി. ശങ്കരനോടൊപ്പം സഞ്ചരിച്ചു. ശങ്കരനും തനിക്കും ശേഷമുള്ള കാലത്തേ മുന്നോട്ടു നോക്കുക കൂടി കഴിഞ്ഞപ്പോള്‍ പിറന്നത് മലയാളത്തിന്റെ പൂമുഖത്തു വെക്കുവാന്‍ ലക്ഷണമൊത്ത ഒരു ജീവചരിത്ര ആഖ്യായിക.
ശങ്കരദര്‍ശനത്തിന്റെ വേരുകള്‍ തേടി. വെള്ളവും വളവും കണ്ട വഴികള്‍താണ്ടി. ചൂടലില്‍തളച്ചിടാന്‍ ശ്രമിച്ച കാട്ടു ചെടികളും വളര്‍ച്ച മുരടിപ്പിക്കാന്‍ ശ്രമിച്ച വിഷ വൃക്ഷങ്ങളും അരിഞ്ഞു വീഴ്ത്തിയതും അവയൊക്കെ വളമാക്കി മാറ്റിയതും കണ്ടു. വളര്‍ന്നു പന്തലിച്ച ദര്‍ശന വൃക്ഷത്തിന്റെ ദിവ്യപ്രഭ കണ്ടു. ആ ഫലവൃക്ഷത്തിന്റെ ചെറു നാമ്പുകള്‍ ഭാരതവര്‍ഷത്തിന്റെ നാലതിരുകളിലും നട്ടു തണല്‍ വിരിക്കാന്‍ ചെയ്ത വ്യവസ്ഥകളും കണ്ടു. എല്ലാം കഴിഞ്ഞു തനിക്കെത്തേണ്ട ഉയരങ്ങളിലേക്ക് സ്വയം നടന്നു നീങ്ങുന്ന ആദിശങ്കരന്റെ മഹാ പ്രയാണവും കണ്ടു.
ശങ്കരദര്‍ശനത്തിന്റെ പെരുമയും തെളിമയും സ്വയം ഉള്‍ക്കൊണ്ട് ദര്‍ശന വ്യക്തതയുടെ സമാനത കളില്ലാത്ത തലത്തില്‍ എത്തിയ ശേഷം ആ കാഴ്ച വായനക്കാരന്റെ ബൗദ്ധികവും ആദ്ധ്യാത്മികവുമായ വിശാലതയിലേക്കു ധാരധാരയായി, തന്റെ സര്‍ഗസൃഷ്ടിയിലൂടെ ഒഴുകുന്നു. ആഖ്യായികകാരന് ചാരിതാര്‍ഥ്യത്തോടെ മാറി നിന്ന് കാണുന്നതിനുള്ള അര്‍ഹത സ്വന്തമായി.
കെ സി അജയകുമാറും ഡി സി ബുക്‌സും തങ്ങളുടെ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു. അടുത്ത ഊഴം വായനക്കാരന്റേത്. വായന അസാധാരണ ഉള്‍കാഴ്ചക്കു വഴി വെക്കും. ആദിശങ്കരന്റെ ജീവിതവും ദര്ശനവും ഓരോരുത്തരിലും തെളിക്കുന്ന അറിവിന്റെ, അനുഭൂതിയുടെ, വെളിച്ചം ഒപ്പം ഉള്ളവര്‍ക്കും ഇനി വരാനുള്ള തലമുറകള്‍ക്കും പകര്‍ന്നു നല്‍കുവാനുള്ള അവസരം ഓരോ വായനക്കാരനും സ്വന്തമാകും എന്നതിന് എനിക്ക് സംശയം ഇല്ല.