മലയാളിയുടെ ഭാവുകത്വ പരിണാമത്തില്‍ വലിയ സ്വാധീനംചെലുത്തിയ സി.വി. ബാലകൃഷ്ണന്റെ രചനാലോകത്തെയും വ്യക്തിത്വത്തെയും വിലയിരുത്തുന്ന പുസ്തകമാണ് സി വി ബാലകൃഷ്ണന്‍ എഴുത്തിന്റെ ദിശകള്‍. സി വിയുടെ കൃതികളുടെ വ്യത്യസ്ത അടരുകളെ അടയാളപ്പെടുത്തുന്ന വിധത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എം എ റഹ്മാന്‍, എന്‍ ശശിധരന്‍, പി കെ രാജശേഖരന്‍, വന്ദന ബി തുടങ്ങിയവര്‍ സി വിയുടെ കൃതികളെ വിലയിരുത്തുന്നു. കൂടാതെ സന്തോഷ് പനയാല്‍ സി വി ബാലകൃഷ്ണനുമായി നടത്തിയ അഭിമുഖവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സി വി യുടെ രചനാലോകത്തെ പരിചയപ്പെടുത്തുന്ന സി വി ബാലകൃഷ്ണന്‍ എഴുത്തിന്റെ ദിശകള്‍ എന്ന പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ഡോ എ എം ശ്രീധരനാണ്.
പുസ്തകത്തിന് ഡോ എ എം ശ്രീധരന്‍ എഴുതിയ ആമുഖം;
മലയാളിയുടെ ഭാവുകത്വപരിണാമത്തില്‍ വലിയ സ്വാധീനം ചെലുത്തിയ എഴുത്തുകാരനാണ് സി.വി. ബാലകൃഷ്ണന്‍. കഥാകാരന്‍, തിരക്കഥാകൃത്ത്, ഉപന്യാസകാരന്‍, സാംസ്‌കാരിക വിമര്‍ശകന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ബാലകൃഷ്ണന്‍ സര്‍ഗ്ഗാത്മകമായി വിഹരിച്ചു. അവിഭക്ത കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ അന്നൂര്‍ ഗ്രാമത്തില്‍ ജനിച്ച് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരികമേഖലയിലെ അനിഷേധ്യസാന്നിധ്യമായി മാറിയ സി.വി. ബാലകൃഷ്ണന്റെ സര്‍വ്വാദൃതമായ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതാണ് സി.വി. ബാലകൃഷ്ണന്‍ എഴുത്തിന്റെ പരിണാമം എന്ന പുസ്തകം.
സി.വി.യുടെ കൃതികളുടെ വ്യത്യസ്ത അടരുകളെ പരിചയപ്പെടുത്തുന്ന
വിധത്തിലാണ് പുസ്തകം സംവിധാനം ചെയ്തിട്ടുള്ളത്.
കാസര്‍ഗോഡിന്റെ അഭിമാനമാണ് സി.വി. ബാലകൃഷ്ണന്‍. നമ്മുടെ സാംസ്‌കാരികരംഗം മനംനോക്കികളുടെ ദര്‍പ്പം ശമിപ്പിക്കുന്നതിനുള്ള പരിസരമായി മാറിക്കൊണ്ടിരിക്കുന്നുണ്ട്. ലോകത്തിന്റെ നാക്ക് തനിക്കു വേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കണമെന്ന് മൂഢസ്വപ്നം കാണുന്ന ഈ വിഭാഗക്കാരില്‍നിന്ന് വ്യത്യസ്തനായി സര്‍ഗ്ഗാത്മകതയുടെ ഊര്‍ജ്ജംകൊണ്ട് മലയാളിയുടെ മനസ്സില്‍ സി.വി. ബാലകൃഷ്ണന്‍ നിറസാന്നിധ്യമായി. എന്നാല്‍ സങ്കുചിതമായ വ്യക്തിതാത്പര്യങ്ങളിലും അപമാനവീകൃത പ്രത്യയശാസ്ത്രങ്ങളിലുംപെട്ട് ഈ പ്രതിഭ അര്‍ഹിക്കുന്ന വിധം പുറംലോകത്തിന്റെ ശ്രദ്ധയിലേക്കു വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എഴുത്ത് ഒരു ദേശത്തിന്റെ ജനാധിപത്യവത്കരണ പ്രക്രിയയില്‍ എങ്ങനെയൊക്കെ ഇടപെടുന്നുവെന്നുള്ളതിന്റെ തെളിവാണ് ബാല കൃഷ്ണന്റെ രചനകള്‍. കാലം, ദേശം, വംശീയത, കുടുംബബന്ധങ്ങള്‍, പ്രണയം, പ്രത്യയശാസ്ത്രം തുടങ്ങിയ ജീവിതവ്യവഹാരങ്ങളെല്ലാം നിഷ്‌കര്‍ഷയോടെ പ്രത്യക്ഷമായും പരോക്ഷമായും അപഗ്രഥിതമാകു ന്നുണ്ട് അദ്ദേഹത്തിന്റെ രചനകളില്‍. കേരളത്തിന്റെ ജനകീയാധുനി കതയില്‍ സവിശേഷമായ സ്ഥാനമാണ് ഈ കൃതികള്‍ക്കെല്ലാമുള്ളതെന്ന് നിസ്സംശയം പറയാം.
മേല്‍പ്പറഞ്ഞ അടരുകളെല്ലാം കൃത്യതയോടെ അടയാളപ്പെടുത്തുന്ന 26 പ്രബന്ധങ്ങളും 2 അഭിമുഖങ്ങളുമാണ് ഈ പുസ്തകത്തിലുള്ളത്. സി.വി. എന്ന ദ്വയാക്ഷരിയെ നെഞ്ചിലേറ്റുന്നവരാണ് എണ്ണം പറഞ്ഞ ഈ പ്രബന്ധകര്‍ത്താക്കളെല്ലാം. വളരെ സൂക്ഷ്മമായിത്തന്നെ സി.വി.യുടെ സര്‍ഗ്ഗാത്മകജീവിതം ഇവരൊക്കെ അവതരിപ്പിക്കുന്നുണ്ട്. ഓരോ പ്രബന്ധകാരനോടും ഞങ്ങള്‍ക്കുള്ള സ്‌നേഹാദരങ്ങള്‍ അറിയിക്കുന്നു. കാലത്തിന്റെ ചുവരില്‍ നിറം മങ്ങാതെ രേഖപ്പെടുത്തുന്ന ആഘോഷപരിപാടിയില്‍ ഞങ്ങളോടൊപ്പം സഹകരിച്ച സുഹൃത്തുക്കളോടുള്ള കടപ്പാട് നിസ്സീമമാണ്. സാംസ്‌കാരിക കേരളത്തിന്റെ ഭൂപടത്തില്‍ മാനവസംസ്‌കൃതിക്ക് അനല്പമായ സ്ഥാനമാണുള്ളത്. പ്രബുദ്ധകേരളത്തിന്റെ വക്താക്കളില്‍ ഒരാളായ പി.ടി. തോമസിന്റെ നേതൃത്വം ഈ പ്രസ്ഥാനത്തെ അജയ്യമാക്കുന്നു. പി.ടി.യുടെ അനുഗ്രഹാശിസ്സുകളോടെ കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ചെയര്‍മാനും എം. അസിനാര്‍ വര്‍ക്കിങ് ചെയര്‍മാനും എ.കെ. ശശിധരന്‍ ജനറല്‍ കണ്‍വീനറുമായ കമ്മറ്റിയാണ് ഈ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. മാനവസംസ്‌കൃതിയുടെ കാസര്‍ഗോഡ് ജില്ലാകമ്മറ്റിയിലെ ഓരോ അംഗത്തിന്റെയും സജീവമായ പിന്തുണയുടെ ഫലംകൂടിയാണ് ഈ ഉപഹാരഗ്രന്ഥം.
സി.വി.യുടെ എഴുത്തിന്റെ അമ്പതാണ്ടിനെ അതിന്റെ സാകല്യതയില്‍ വിലയിരുത്തുന്ന കൃതികള്‍ ഉണ്ടായിട്ടില്ല. ഈ ദിശയില്‍ ആദ്യത്തേതാണ് ഈ പുസ്തകം.