2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബെന്യാമിന്‍ എഴുതിയ നോവലാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍.. തികച്ചും കേരളീയപശ്ചാത്തലത്തില്‍ എഴുതുന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ തുടര്‍ച്ചയായാണ് ആഖ്യാനം ചെയ്തിരിക്കുന്നത്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ നോവലിന്റെ പുറം ചട്ടയും ഏറെശ്രദ്ധിക്കപ്പെട്ടിരുന്നു. പുസ്തകത്തെപറ്റി പ്രമുഖ എഴുത്തുകാരും വായനക്കാരും പ്രതികരിച്ചുതുടങ്ങി. ആടുജീവിതത്തിന് ശേഷം ബെന്യാമിന്റെ തൂലികയില്‍ നിന്നും മറ്റൊരു മികച്ച കൃതി എന്നാണ് ഡോ ബി ഇക്ബാല്‍ മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളെകുറിച്ച് അഭിപ്രായപ്പെട്ടത്. താന്‍ ഒറ്റയിരുപ്പിന് നോവല്‍ വായിച്ച് തീര്‍ത്തു എന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി ഭാഗത്തെ ജനജീവിതത്തെ സ്പര്‍ശിച്ചെഴുതിയ ഒരു പക്ഷേ ആദ്യത്തെ കൃതിയാവണം ഇതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഡോ ബി ഇക്ബാലിന്റെ വാക്കുകള്‍..
ആടുജീവിതത്തിന് ശേഷം ബെന്യാമിന്റെ തൂലികയില്‍ നിന്നും മറ്റൊരു മികച്ച കൃതി മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍. ഇന്നലെ ഒറ്റയിരുപ്പിന് വായിച്ച് തീര്‍ത്തു. ഓര്‍ത്തഡോക്‌സ് കൃസ്തീയസഭയിലെ ഭിന്നിപ്പും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിണാമങ്ങളും അവയെല്ലാം ജനജീവിതത്തിലൂണ്ടാക്കുന്ന സംഘര്‍ഷങ്ങളും അതീവ ഹൃദ്യമായും നര്‍മ്മ ബോധത്തോടെയും അവതരിപ്പിക്കുന്ന നോവല്‍.
വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, അടിയന്തിരാവസ്ഥ, മന്നം ഷുഗര്‍ മില്ലിന്റെ വളര്‍ച്ച തകര്‍ച്ച എന്നിവയെല്ലാം നോവലില്‍ കടന്ന് വരുന്നു. ചെഗുവേരയും പാട്രിക്ക് ലുമുംബായും നോവലിലെ നിരന്തര സാന്നിധ്യം. കമ്മ്യൂണിസ്റ്റ് നേതാക്കളായ എം എന്‍ ഗോവിന്ദന്‍ നായര്‍, ടി വി തോമസ്, ഗൗരിയമ്മ, ഇ എം എസ് എന്നിവരും നോവലില്‍ കടന്നുവരുന്നു. തിരുവല്ല, കോഴഞ്ചേരി ഭാഗത്തെ ജനജീവിതത്തെ സ്പര്‍ശിച്ചെഴുതിയ ഒരു പക്ഷേ ആദ്യത്തെ കൃതിയാവണം ഈ നോവല്‍.