ശാസ്ത്രവിജ്ഞാനത്തോടൊപ്പം മഹത്തായ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളും കര്‍മ്മമാര്‍ഗ്ഗങ്ങളും കൂടി സമ്മാനിക്കുന്ന പ്രചോദനാത്മക ഗ്രന്ഥമാണ് പ്രൊഫ. ശിവദാസ് തയ്യാറാക്കിയ അല്‍ ഹസന്‍ മുതല്‍ സി വി രാമന്‍ വരെ എന്ന പുസ്തകം. കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ പി ടി ഭാസ്‌കരപ്പണിക്കര്‍ എമിരറ്റസ് ഫെല്ലോഷിപ്പ് ലഭിച്ച ഈ പുസ്തകം ശസ്ത്രചരിത്രപരമ്പരയുടെ രണ്ടാം ഭാഗമാണ്. പ്രചീന ശാസ്ത്രജ്ഞനായിരുന്ന അല്‍ ഹസ്സന്‍ മുതല്‍ ചാള്‍സ്ഡാര്‍വിന്‍, ഗ്രിഗര്‍ മെന്‍ഡല്‍, റോബര്‍ട്ട് ഹുക്ക്, പൗള്‍ ഏര്‍ലിഖ്, വില്യം ഹാര്‍വി, ഹിപ്പോക്രാറ്റിസ്, ഡാവിഞ്ചി, അരിസ്‌റ്റോട്ടില്‍, സി വി രമാന്‍ തുടങ്ങിയ നിരവധി ശാസ്ത്രജ്ഞന്‍മാരുടെ മഹത്തായ ജീവിതകഥകള്‍ അനാവരണം ചെയ്യുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച അല്‍ ഹസന്‍ മുതല്‍ സി വി രാമന്‍ വരെ.. പുസ്തകത്തിന് ആമുഖക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസാണ്.
ഡോ. സുരേഷ് ദാസ് എഴുതിയ ആമുഖം;
കേരളസംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ 2014-ല്‍ ആരംഭിച്ച പദ്ധതിയാണ് ശാസ്ത്രരചനയ്ക്കും ശാസ്ത്ര ആശയ വിനിമയത്തിനുമുള്ള സാമ്പത്തികസഹായം നല്‍കുന്ന ഫെലോഷിപ്പ്‌സ്‌കീം. കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ ലൈസണ്‍ മാനേജ്‌മെന്റ് ഡിവിഷന്റെ (MLM Division) ചുമതലയില്‍ നടത്തിവരുന്ന ഈ പദ്ധതി ശാസ്ത്ര സാഹിത്യരചയിതാക്കള്‍ക്ക് ഉചിതമായ ധന സഹായം നല്‍കുക, വിവിധ മാധ്യമങ്ങള്‍വഴി അര്‍ത്ഥപൂര്‍ണ്ണമായ ശാസ്ത്രാശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്നീ വലിയ ലക്ഷ്യമാണ് മുന്നില്‍ക്കാണുന്നത്. ശാസ്ത്രരചനകള്‍ക്ക് കൗണ്‍സില്‍ പുരസ്‌കാരങ്ങള്‍ നല്‍കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സെമിനാറുകള്‍, ശില്പശാലകള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കായി ധനസഹായം നല്‍കുകയും ചെയ്യുന്നുണ്ട്. അതിനു പുറമേയാണ് കൗണ്‍സില്‍ ഈ ഫെലോഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2014 നവംബര്‍ മുതല്‍ ശാസ്ത്രകൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഈ ശാസ്ത്ര പ്രചാരണ പദ്ധതി ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. മലയാള ശാസ്ത്രസാഹിത്യരംഗത്തെ അഗ്ര ഗാമിയും യശശ്ശരീരനുമായ പി.ടി. ഭാസ്‌കരപ്പണിക്കരുടെ പേരില്‍ ഒരു എമിറെറ്റസ് ഫെലോഷിപ്പും മൂന്ന് സീനിയര്‍ ഫെലോഷിപ്പുകളും മൂന്ന് ജൂനിയര്‍ ഫെലോഷിപ്പുകളും മൂന്ന് സയന്‍സ് ജേര്‍ണലിസം ട്രെയിനി ഷിപ്പുകളുമാണ് ആദ്യവര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. യഥാക്രമം, പ്രതിമാസം 25000, 20000, 16000, 12000 രൂപ വീതം ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കി. എഴുത്തുകാര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി രചനകള്‍ ക്രിയാത്മകമായി അവലോകനം ചെയ്തത് ഡോ. സി.ജി. രാമചന്ദ്രന്‍ നായര്‍, ഡോ. ജി.എം. നായര്‍, ഡോ. എം.ആര്‍. തമ്പാന്‍, കെ.കെ. കൃഷ്ണകുമാര്‍, പ്രൊഫ. ജോര്‍ജ് വര്‍ഗീസ്, ഡോ. സി. അനില്‍കുമാര്‍, ശ്രീ എ. പ്രഭാകരന്‍ എന്നിവരടങ്ങിയ വിദഗ്ദ്ധസമിതിയാണ്.
ഫെലോഷിപ്പ് സ്വീകരിച്ചവര്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീ കരിക്കാന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടും മറ്റു പ്രസാധകരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ പി.ടി. ഭാസ്‌കരപ്പണിക്കര്‍ സയന്‍സ് റൈറ്റിങ് ആന്‍ഡ് സയന്‍സ് കമ്മ്യൂണിക്കേഷന്‍ എമിറെറ്റസ് ഫെലോഷിപ് നേടിയത് പ്രശസ്ത രസതന്ത്ര അധ്യാപകനും നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ പ്രൊഫ. എസ്. ശിവദാസ് ആണ്. ഈ ഫെലോഷിപ്പിന്റെ ഭാഗമായി അദ്ദേഹം എഴുതിയ ”ശാസ്ത്രകഥാസാഗരം’ എന്ന ബൃഹദ്ഗ്രന്ഥം ശാസ്ത്രസാഹിത്യത്തിനും ശാസ്ത്ര കുതുകികള്‍ക്കും സാധാരണക്കാരായ വായനക്കാര്‍ക്കും ഒരു പുതിയ വായനാനുഭവം ആയിരിക്കും. കഥ വായിക്കുന്ന രസത്തില്‍ വായിച്ചു പോകാം, ഒപ്പം ശാസ്ത്രവിഷയങ്ങള്‍ അറിയുകയും ചെയ്യാം. മലയാള സാഹിത്യത്തിനു മുതല്‍ക്കൂട്ടാകുന്ന ഈ കൃതി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെകൂടി സഹകരണത്തില്‍ പൂര്‍ത്തിയായെന്നത് അഭിമാനകരമാണ്.
ശാസ്ത്രകഥാ സാഗരവീചികള്‍ മലയാള കഥാപ്രപഞ്ചത്തില്‍ നിലയ്ക്കാത്ത ഓളങ്ങളായി പരിണമിക്കട്ടെയെന്നാശിക്കുന്നു. ഈ പുസ്തകത്തെ പരിചയപ്പെടുത്തുന്നതില്‍ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് അതിയായ സന്തോഷമുണ്ട്. പ്രമുഖ പ്രസാധകരായ ഡി സി ബുക്‌സ് ഇതിന്റെ പ്രസിദ്ധീകരണം ഏറ്റെടുത്തത് സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. ഫെലോഷിപ്പിന് അര്‍ഹരായ മറ്റ് ഒന്‍പത് പേരുടെയും ഗ്രന്ഥങ്ങള്‍ സമാന്തരമായി ഇതര പ്രസാധകര്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഈ ഗ്രന്ഥത്തിന്റെ സൂക്ഷ്മ പരിശോധന നടത്തിയ പ്രസിദ്ധ ശാസ്ത്രരചയിതാവും അധ്യാപക ശ്രേഷ്ഠനുമായ പ്രൊഫ. സി. ജി. രാമചന്ദ്രന്‍ നായരോടു നന്ദി പറയട്ടെ. കൗണ്‍സിലിന്റെ നവീനപദ്ധതിയുടെ പ്രഥമ ഉത്പന്നം വായനക്കാരുടെ മുമ്പില്‍ ഞങ്ങള്‍ സഹര്‍ഷം സമര്‍പ്പിക്കുന്നു.