നക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും പ്രമേയമായി വരുന്ന ഷീബ ഇ കെയുടെ നോവലാണ് മഞ്ഞനദികളുടെ സൂര്യന്‍. നിരുപമ, രഞ്ജന്‍ എന്നീ രണ്ട് വ്യക്തികളുടെ ജവിതങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. നനക്‌സല്‍ പ്രസ്ഥാനങ്ങളുടെ ചരിത്രവും അതില്‍ പ്രവര്‍ത്തിച്ചവരുടെ ജീവിതവും ആസ്പദമാക്കി നോവല്‍ എഴുതാന്‍ തീരുമാനിച്ചിരിക്കുകയാണ് നിരുപമ. തന്റെ സാധാരണ രചനകളില്‍നിന്ന് വ്യത്യസ്തമായി ഇത്തരം ഒരു പ്രമേയം തിരഞ്ഞെടുക്കാന്‍ കാരണം നിരുപമയ്ക്കു ലഭിച്ച ഒരു ഇ മെയില്‍ സന്ദേശമാണ്. നോവല്‍ രചനയ്ക്കും ജോലിക്കുമായി നിരുപമ ചിറക്കലില്‍ എത്തുന്നു. അവിടെ വെച്ചാണ് അവള്‍ സാംസ്‌കാരികവേദിയുമായിചേര്‍ന്ന് പ്രവര്‍ത്തിച്ച നിരഞ്ജനെ പരിചയപ്പെടുന്നത്. അയാളിലൂടെ നക്‌സല്‍ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരെ കാണുകയും തന്റെ നോവല്‍ രചന ആരംഭിക്കുകയും ചെയ്യുന്നു. നിരുപമയുടെയും നിരഞ്ജന്റെയും ജീവിതങ്ങള്‍ ഇടകലര്‍ന്നുവരുന്ന നോവല്‍ വായനക്കാരനുമുന്നില്‍ അനാവരണം ചെയ്യുന്നതാകട്ടെ..ആത്മസംഘര്‍ഷങ്ങളുടെയും മറവിയുടെയും ഇതളുകളിലേക്ക് മറഞ്ഞുപോയ ചരിത്രത്തിന്റെയും കഥയാണ്.
നോവലിനായി നിരുപമയേയും നിരഞ്ജനെയും കണ്ടെത്തിയതും, കഥകണ്ടമെനഞ്ഞെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഷീബ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. ഇത് നോവലിനെ കൂടുതല്‍ ആസ്വാദ്യകരമാക്കുന്നു.
ഷീബ എഴുതിയ ആമഖ കുറിപ്പ്;
രണ്ടുവര്‍ഷത്തോളമായി ഇങ്ങനെയൊരു സ്വപ്‌നത്തിന്റെ വല നെയ്യാന്‍ തുടങ്ങിയിട്ട്. പൊട്ടിച്ചിതറിയും തുളകള്‍ വീണും അഴിച്ചു പണിതും ഓരോ കണ്ണിയും അലോസരമുണ്ടാക്കിക്കൊണ്ട് കടന്നുപോയ കുറെ മാസങ്ങള്‍… പകലിന്റെ മുഴുവന്‍ ഊര്‍ജ്ജവും ഊറ്റിയെടുക്കുന്ന ഓഫീസ് ജോലിയുടെ നൈരന്തര്യത്തിനിടയില്‍ ഒരിക്കലും എഴുതിത്തീര്‍ക്കാനാവില്ലെന്നു വെല്ലുവിളിച്ച കഥകള്‍. എഴുതിയും മായ്ചും അക്ഷരങ്ങള്‍ കൂട്ടിരുന്ന രാത്രികള്‍. അസ്വസ്ഥതകളോട് ഇണങ്ങിച്ചേരാനാവാതെ പരിഭവിച്ചു പിരിഞ്ഞുപോയ സൗഹൃദങ്ങള്‍, കലഹിച്ചുപോയ വാക്കുകള്‍, ഒരു കാഴ്ചപോലും തരാതെ ഒരുപാടിരുണ്ടുപോയ മഴക്കാലാകാശം. എല്ലാത്തിനുമൊടുവില്‍ വീണുകിട്ടിയത് ഇത്തിരി നക്ഷത്ര
വെളിച്ചം.
കുട്ടിക്കാലത്ത് മുതിര്‍ന്നവരുടെ അടക്കിപ്പിടിച്ച സംസാരത്തില്‍നിന്ന് അറിയാതെ വീണതായിരുന്നു വിപ്ലവത്തെക്കുറിച്ചുള്ള അറിവുകള്‍. വലിയങ്ങാടിയിലെ ഉമ്മവീട്ടില്‍ എല്ലാവരുമൊത്തു കൂടിയ രാത്രിയിലാണ് നക്‌സലൈറ്റുകളെന്ന വാക്ക് ആദ്യമായിക്കേട്ടത്. കുട്ടികള്‍ക്കു കേള്‍ക്കാനരുതാത്ത എന്തോ ഒന്നിനെക്കുറിച്ച് ഭയമോ ആവേശമോ നിറഞ്ഞുനിന്ന സ്വരത്തിലായിരുന്നു എല്ലാവരും സംസാരിച്ചിരുന്നത്. ഒഴിവുകാലങ്ങളില്‍ നാട്ടില്‍ തമ്പടിക്കുന്ന സര്‍ക്കസ്സുകാരുടെ കൂടാരങ്ങളില്‍നിന്ന് രാത്രി തിരക്കുകളെല്ലാമൊഴിയുമ്പോള്‍ സൂര്യനോളം പ്രകാശം ചൊരിയുന്നൊരു ഒറ്റവെളിച്ചം ആകാശത്തേക്കു കണ്‍തുറക്കാറുണ്ടായിരുന്നു… കറങ്ങിക്കറങ്ങി അതങ്ങനെ സര്‍ക്കസ്സുകാരുടെ വരവറിയിക്കും. നക്‌സലൈറ്റ് എന്നു കേട്ടപ്പോള്‍ എന്തുകൊണ്ടെന്നറിയില്ല, അതുപോലെ ശക്തിയേറിയ സെര്‍ച്ച്‌ലൈറ്റുമായി കാട്ടിലൂടെ മാരകായുധങ്ങളുമായി നടക്കുന്ന ആളുകളാണ് മനസ്സിലേക്കോടിയെത്തിയത്. പണക്കാരായ ആളുകളുടെ തലയറുത്ത് പടിക്കല്‍ കുത്തിനിര്‍ത്തി, പൂഴ്ത്തിവച്ച ധാന്യങ്ങള്‍ പാവങ്ങള്‍ക്കു വിതരണംചെയ്തു എന്നൊക്കെയാണ് ചര്‍ച്ച. അടക്കിപ്പിടിച്ച ആ സംസാരങ്ങളില്‍ എന്തിനോടൊക്കെയോ ഉള്ള അമര്‍ഷത്തിന്റെയോ ആരാധനയുടെയോ ഒരു തുണ്ട് പിടിച്ചെടുക്കാനായി. ചര്‍ച്ചയെല്ലാം കഴിഞ്ഞ് ‘നീയേതു പാര്‍ട്ടിക്കാരിയാണ്?’ എന്നൊരു വിഡ്ഢിച്ചോദ്യം എന്നോടാരോ ചോദിച്ചപ്പോള്‍ പാര്‍ട്ടികളെക്കുറിച്ചൊന്നുമറിയാത്തതുകൊണ്ട് അപ്പോള്‍ കേട്ട പേര് അഭിമാനത്തോടെ ഉറക്കെപ്പറഞ്ഞു, ”ഞാന്‍ നക്‌സലൈറ്റാണ്…”
എല്ലാവരും സ്തംഭിച്ചുനിന്നതോര്‍മ്മയുണ്ട്. ഒന്നുമറിയാത്തപോലെ അതിലൂടെ കളിച്ചു നടക്കുമ്പോഴും ഞാനതെല്ലാം ശ്രദ്ധിച്ചിരുന്നു എന്ന അറിവാണ് അവരെ നിശ്ശബ്ദരാക്കിയതെന്നു തോന്നുന്നു… പിന്നെ ഇവള്‍ അജിതയുടെ പാര്‍ട്ടിയാണെന്നു പറഞ്ഞ് അമ്മാവന്‍ ചിരിച്ചതോര്‍ക്കുന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തെ ഓര്‍മ്മിപ്പിച്ചിരുന്നു കുട്ടിക്കാലത്തെ പല സംഭവങ്ങളും. അടിയന്തരാവസ്ഥയെയും വിപ്ലവത്തെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പത്രങ്ങളിലും എല്ലാക്കാലത്തുമുണ്ടായിരുന്നു. ഈച്ചരവാര്യരുടെയും വര്‍ഗ്ഗീസിന്റെയും ജീവിതം തീരാവ്രണമായി എന്നും മനസ്സിനെ ഉരുക്കിയിരുന്നു.
ഒരുപാടു വര്‍ഷങ്ങള്‍ക്കുശേഷം വിപ്ലവവും വിപ്ലവകാരികളും പുതുകാലത്തിന്റെ പരിഹാസമായി മാറുന്നത് കണ്ടറിഞ്ഞു. വിപ്ലവം പരാജയമാണെന്നും അതല്ല, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നുമുള്ള തര്‍ക്കങ്ങള്‍. ഉള്‍പ്പോരുകളും പിരിഞ്ഞുപോകലുകളും. ചിലര്‍ പാതയില്‍നിന്ന് ബഹുദൂരം ദൂരത്തേക്കോടിമറഞ്ഞു. ചിലര്‍ എതിര്‍ദിശയിലേക്കോടി. എങ്കിലും പലപ്പോഴും പലയിടത്തായി കണ്ടുമുട്ടേണ്ടി വന്നു. മുള്ളു കൊണ്ടു പോറി, വ്രണങ്ങള്‍ പഴുത്തുവിങ്ങിക്കൊണ്ട് ജീവിതകാലം മുഴുവന്‍ അസ്വസ്ഥതയോടെ ജീവിക്കുന്ന ഒരു കൂട്ടമാളുകള്‍. ദാരിദ്ര്യമാണ് വിപ്ലവകാരികളെ സൃഷ്ടിച്ചത് അല്ലാതെ സാമൂഹികപ്രതിബദ്ധതയല്ല എന്ന ആരോപണങ്ങള്‍ക്കിടയില്‍ത്തന്നെ ജീവിക്കാന്‍ വേണ്ടതെല്ലാമുള്ളവരും വിപ്ലവത്തീയിലേക്കെടുത്തു ചാടിയ കാഴ്ചകളും കാണുകയുണ്ടായി. ‘ആരണ്യകം’ എന്ന സിനിമയിലെ ദേവന്റെ കഥാപാത്രത്തിനെ ഒരിക്കലും മറക്കാനാവാത്തതും അതുകൊണ്ടുതന്നെ. എനിക്കെല്ലാമുണ്ടായിരുന്നു, ഭക്ഷണം, വസ്ത്രം, വീട്, വിദ്യാഭ്യാസം എന്നു പറയുമ്പോള്‍, ”പിന്നെന്തിന് ഈ വഴി?”എന്നു ചോദിക്കുന്ന നായികയോട് എനിക്കു മാത്രം മതിയോ ഇതൊക്കെ എന്ന ചോദ്യം അന്നുമിന്നും ഒരു ചാട്ടുളിപോലെ ഉള്ളില്‍ കോറിവരയാറുണ്ട്.
ഭീകരമായ ഒരു ഭാവിയുടെ നാന്ദി കുറിക്കാനെന്നോണം അനുദിനമുണ്ടാകുന്ന അനീതികള്‍ക്കും അസമത്വങ്ങള്‍ക്കും ഭരണകൂടത്തിന്റെയും മുതലാളിത്തത്തിന്റെയും തേര്‍വാഴ്ചകള്‍ക്കും മുമ്പില്‍ ചെറുവിരലനക്കാന്‍പോലും താത്പര്യം കാണിക്കാതെ പ്രതികരണ ശേഷി മുരടിച്ചു വരുന്ന ഒരു പുതുസമൂഹത്തില്‍ ജീവിക്കുമ്പോള്‍ ആര്‍ക്കാണ് തെറ്റുപറ്റിയതെന്ന് അറിയാതെ ചോദിച്ചുപോകുന്നു..ആരുടെയൊക്കെയോ വിയര്‍പ്പും രക്തവും വീണ മണ്ണില്‍ വിരിഞ്ഞു നില്‍ക്കുന്ന റോസാപ്പൂക്കള്‍ക്ക് എല്ലാവരെയും ആഹ്ലാദിപ്പിക്കാനാവുന്നില്ലെന്നറിയുന്നു. ഒരു കാലത്തിന്റെ കഥ പറഞ്ഞ് എന്റെകൂടെ നടന്നവരുടെ വേവുകളും മോഹങ്ങളും തിരിച്ചറിയാനായെങ്കില്‍ ഈ അക്ഷരങ്ങള്‍ സാര്‍ത്ഥകമായി..!