മുൻഷി പ്രേംചന്ദിന്റെ മികച്ച നോവലുകളിൽ ഒന്നായ ‘ഗോധാന്’ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മൂക്കുകയർ. കേന്ദ്രീയ ഹിന്ദി സംസ്ഥാൻ (കെ.എച്ച്.എസ്) നോവലിനെ പാഠ്യപദ്ധതിയിൽനിന്ന് നീക്കി. പശു കേന്ദ്രപ്രമേയമായ നോവൽ കർഷകദുരിതം, ജാതിവിവേചനം, മുതലാളിത്തത്തിന്റെ വെല്ലുവിളി എന്നീ പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്.
പ്രേംചന്ദ് 1936ൽ രചിച്ച നോവൽ നിലവിലെ സാമൂഹിക യാഥാർഥ്യങ്ങളുമായി ഏറെ സാമ്യമുള്ള വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. അതേസമയം, ദൈർഘ്യവും ഭാഷയിലെ ദുർഗ്രാഹ്യതയുമാണ് നോവൽ നീക്കാൻ കാരണമെന്ന് കെ.എച്ച്.എസ് പറയുന്നു. കെ.എച്ച്.എസിന്റെ ഡൽഹി, ആഗ്ര കേന്ദ്രങ്ങളിലെ 100 സീറ്റുകൾ വീതമുള്ള ബിരുദാനന്തര ബിരുദ ഡിപ്ലോമ കോഴ്സിലാണ് ‘ഗോധാൻ’ പാഠ്യവിഷയമാക്കിയിരുന്നത്. ഹിന്ദിയിൽ 30ഒാളം രാജ്യങ്ങളിൽനിന്ന് 5,000 വിദ്യാർഥികളെ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് കെ.എച്ച്.എസ് അവകാശപ്പെടുന്നത്.
അധ്യാപകരുടെയും വിദ്യാർഥികളുടെയും പരാതിയെ തുടർന്നാണ് നോവൽ മാറ്റാൻ തീരുമാനിച്ചതെന്നാണ് രജിസ്ട്രാർ വീണ ശർമ വിശദീകരിക്കുന്നത്. ഇനി ‘ഗോധാൻ’ പകരം മൈഥിലി ശരൺ ഗുപ്‌തയുടെ ‘പഞ്ചവടി’ എന്ന കവിതയോ പ്രേംചന്ദിന്റെതന്നെ മറ്റൊരു നോവലായ ‘നിർമലയും അഞ്ചു കഥകളു’മോ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാമെന്നാണ് നിർദേശം.