നൂറ്റാണ്ടുകളായി ഭാരതത്തിലെ എല്ലാ ദേശത്തെയും എല്ലാ പ്രായത്തെ ആകര്‍ഷിച്ചുപോരുന്നവയാണ് വിക്രമാദിത്യ കഥകള്‍. സംസ്‌കൃതഭാഷയില്‍ ആദ്യം എഴുതപ്പെട്ട ഈ കഥകള്‍ക്ക് ഭാരതത്തിലെ പ്രാചീനകഥകളില്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. നാടോടിക്കഥകളായി പ്രചരിച്ചിരുന്ന കഥകളെ പരിഷ്‌കരിച്ച് സമാഹരിച്ചതാവാം വിക്രമാദിത്യകഥകളുടെ മൂലരൂപമെന്ന് കരുതുന്നുണ്ടെങ്കിലും അത് ചെയ്ത ചെയ്തതാരാണെന്നോ ഏതു കാലത്താണെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും 11, 13 നൂറ്റാണ്ടുകള്‍ക്കിടയിലാണ് ഇവ രൂപം കൊണ്ടതെന്ന് വിശ്വസിക്കപ്പെടുന്നു.
ഉജ്ജയിനി തലസ്ഥാനമാക്കി ഭരിച്ച വിക്രമാദിത്യന്‍ എന്ന രാജാവാണ് കഥയിലെ നായകന്‍ എന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. വീരപരാക്രമങ്ങളിലും അത്ഭുതസിദ്ധികളിലും നീതിപാലനത്തിലും ഔദാര്യത്തിലുമെല്ലാം അതുല്യനായ ഒരളായാണ് ഈ കഥകളില്‍ വിക്രമാദിത്യന്‍ പ്രത്യക്ഷപ്പെടുന്നത്. വിക്രമാദിത്യന്റെ സിംഹാസനമേറാനെത്തുന്ന ഭോജരാജാവിനോട് സിംഹാസനത്തിന്റെ സാലഭഞ്ജികകള്‍ കഥ പറയുന്ന മാതൃകയിലാണ് വിക്രമാദിത്യ കഥകളുടെ ആഖ്യാനം. 102 അധ്യായങ്ങളിലായാണ് വിക്രമാദിത്യചരിതം ഇതള്‍ വിവരിക്കുന്നത്. ഈ കഥകള്‍ കേട്ട് കര്‍ത്തവ്യനിരതനായ ഭോജരാജാവ് ഭംഗിയായി രാജ്യപരിപാലനം നിര്‍വ്വഹിച്ചു എന്ന് കൂട്ടിച്ചേര്‍ത്താണ് കഥകള്‍ ഉപസംഹരിക്കുന്നത്.
എല്ലാ പ്രധാനപ്പെട്ട ഭാരതീയ ഭാഷകളിലും ഇംഗ്ലീഷ് അടക്കമുള്ള ലോകഭാഷകളിലും വിക്രമാദിത്യ കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രചാരം വര്‍ദ്ധിക്കുന്തോറും ഇവയ്ക്ക് പാഠഭേദങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. വിക്രമാദിത്യന്റെ വീരഗാഥകള്‍ക്ക് ഉണ്ടായിട്ടുള്ള പാഠഭേദങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് സാഹിത്യകാരനും പത്രാധിപരുമായ സി.മാധവന്‍ പിള്ള വിക്രമാദിത്യ കഥകളുടെ സമ്പൂര്‍ണ്ണരൂപം മലയാളത്തില്‍ തയ്യാറാക്കിയത്. 1978ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യ കഥകള്‍ മലയാളികള്‍ അത്യാവേശത്തോടെയാണ് ഏറ്റെടുത്തത്. പുസ്തകത്തിന്റെ 27-ാമത് പതിപ്പ് ഏറെ പുതുമകളോടെ ഇപ്പോള്‍ പുറത്തിറങ്ങി.
ദേശസേവിനി, ജ്ഞാനാംബിക, വീരാംഗന തുടങ്ങി അമ്പതില്പരം കൃതികള്‍ രചിച്ച സി.മാധവന്‍ പിള്ളയുടെ ലളിതമായ ആഖ്യാനശൈലിയ്ക്ക് ഉത്തമ ഉദാഹരണമാണ് വിക്രമാദിത്യകഥകള്‍. ഇലിയഡ്, ഒഡീസി എന്നിവയുടെ വിവര്‍ത്തനം നിര്‍വ്വഹിച്ച അദ്ദേഹം ഇംഗ്ലീഷ് മലയാളം നിഘണ്ടു, മലയാളം ഇംഗ്ലീഷ് നിഘണ്ടു, അഭിനവമലയാള നിഘണ്ടു എന്നിവയും കൈരളിയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്. 1980 ജൂലൈയില്‍ അദ്ദേഹം അന്തരിച്ചു.