സാധാരണ ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം വരെ ഉയരുന്ന കേശവപിള്ള. ജീവിതത്തിലെ ബന്ധങ്ങളെയെല്ലാം ഭൗതിക വിജയത്തിനായുള്ള ഏണിപ്പടികള്‍ മാത്രമായാണ് അയാള്‍ കണ്ടത്. അതില്‍ ഒരു കുറ്റബോധവും കേശവപിള്ളയ്ക്കില്ല. കാലത്തിന്റെ തികവില്‍ കേശവപിള്ളയ്ക്കും അധികാരമൊഴിഞ്ഞുകൊടുക്കേണ്ടി വരുന്നു. സി വിയുടെ ദിവാന്‍ ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ വരെയുളള തിരുവതാംകൂറിന്റെ രാഷ്ട്രീയചരിത്രവും പറയുന്ന് തകഴിയുടെ ഏണിപ്പടികള്‍ എന്ന നോവലിന്റെ ഇതിവൃത്തം ഇതാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ച ഏണിപ്പടികള്‍ മാറ്റി എഴുതി, ചില അധ്യായങ്ങള്‍ തന്നെ ഒഴിവാക്കി 1964ലാണ് പ്രസിദ്ധീകൃതമാകുന്നത്. 1965ല്‍ നോവലിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ഇതിലൂടെ തകഴിയ്ക്ക് ലഭിച്ചു. 1973ല്‍ തോപ്പില്‍ ഭാസി ഈ നോവലിനെ ആധാരമാക്കി ഇതേപേരില്‍ സിനിമ സംവിധാനം ചെയ്തു. മധു, ശാരദ, അടൂര്‍ ഭാസി തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങള്‍. പില്‍ക്കാലത്തിറങ്ങിയ പല സിനിമകള്‍ക്കും ഈ നോവലിന്റെ പ്രമേയം പ്രചോദനമേകിയിട്ടുമുണ്ട്.
1997ലാണ് ഏണിപ്പടികള്‍ക്ക് ആദ്യ ഡി സി ബുക്‌സ് പതിപ്പ് ഇറങ്ങുന്നത്. പുസ്തകത്തിന്റെ പതിനൊന്നാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തുള്ളത്. തകഴിയുടെ കൃതികള്‍ക്ക് ഇന്നത്തെ വായനക്കാരും നല്ല സ്വീകരണമാണ് നല്‍കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൃതികള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം പിചിച്ചിരിക്കുകയാണ്. രണ്ടിടങ്ങഴി, തോട്ടിയുടെ മകന്‍ തുടങ്ങിയ പുസ്തകങ്ങളുടെ പുതിയ പതിപ്പുകള്‍ക്ക് ഇന്നും ലഭിക്കുന്ന ജനപ്രീതി ഏണിപ്പടികള്‍ക്കും ലഭിക്കുന്നുണ്ട്.
സഹജീവികളെ തന്റെ ജീവിതോന്നമനത്തിനുള്ള ചവിട്ടുപടിയായി മാത്രം കാണാന്‍ ശ്രമിക്കുന്ന നായകന്മാര്‍ ഇന്നും അധികാരത്തിന്റെ പശ്ചാത്തലത്തില്‍ വളരുകയും തളരുകയും ചെയ്യുന്നു. മലയാളത്തിലെ ഏറ്റവും മികച്ച കൃതികളിലൊന്നായി ഏണിപ്പടികള്‍ നിലനില്‍ക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്. അന്നും ഇന്നും ബെസ്റ്റ് സെല്ലറിുകളില്‍ ഇടം നേടുന്നവയാണ് തകഴിയുടെ നോവലുകളും കഥകളും.