കഥകള്‍ കുട്ടികള്‍ക്ക് എന്നും ഒരു ഹരമാണ്. കാക്കയും പൂച്ചയും ആമയും മുയലുമെല്ലാം കുട്ടികളുടെ കഥാലോകത്തെ അത്ഭുതകഥാപാത്രങ്ങളാണ്. ഉണ്ണാനും ഉറങ്ങാനും കുട്ടികളെ വശികരിക്കുന്ന മന്ത്രംമാത്രമല്ല കഥകള്‍. അത് അവരുടെ ബുദ്ധിവികാസത്തിന്റെയും ചിന്തയുടെയും വളര്‍ച്ചയുടെ മുഖ്യഘടകങ്ങള്‍ തന്നെയാണ്.
ഇന്ന് അത് ഡോറ, ടോം ആന്റ് ജെറി തുടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളിലേക്ക് ഒതുങ്ങിപ്പോയെങ്കിലും കുട്ടികളെ വിസ്മയലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുന്ന ക്ലാസിക് കഥകളുമുണ്ട്. അവയില്‍ മുഖ്യമായത് സിന്‍ഡ്രല്ല, പീറ്റര്‍പാന്‍, പിനാക്യോ, തുംബലീന, റാപ്പണ്‍സല്‍, സുന്ദരിയും ഭീകരജന്തുവും തുടങ്ങിയവയാണ്. ഇവയാകട്ടെ വായിക്കുന്തോറും കൂടുതല്‍ കൂടുതല്‍ വിശാലമാകുന്ന സാങ്കല്പിക ലോകത്തിന്റെ അനശ്വര ഭംഗിയിലേക്കു നയിക്കുന്നവയാണ്. ഈ കഥകള്‍ ഇന്ന് ഒറ്റപുസ്തകത്തിലാക്കി അവതരിപ്പിക്കുകയാണ് ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റ്. വിസ്മയ കഥകള്‍ എന്നപേരില്‍.!
ഗ്രിം സഹോദരന്മാര്‍( സിന്‍ഡെറല്ല, റാപ്പണ്‍സല്‍), ജെ എം ബാരി( പീറ്റര്‍ പാന്‍), ഹാന്‍സ് ക്രിസ്ത്യന്‍ ആന്‍ഡേഴ്‌സന്‍ (തുംബലിന), കാര്‍ലോ കൊള്ളാഡി(പിനാക്യോ), ഗബ്രിയെന്‍ സൂസെന്‍ ബാര്‍ബെറ്റ്( സുന്ദരിയും ഭീകരജീവിയും) തുടങ്ങിയവരുടെ കഥകള്‍ പുനാഖ്യാനം ചെയ്ത് അവതരിപ്പിച്ചിരിക്കുന്നത് അശമന്നൂര്‍ ഹരിഹരന്‍, രമാമേനോന്‍, സി ജെ രജ്ജിത്, പ്രമീളാദേവി എന്നിവരാണ്. കുട്ടികളുടെ കഥാലോകം കൂടുതല്‍ വിശാലമാക്കുന്ന വിസ്മയ കഥകള്‍ വിപണിയില്‍ ലഭ്യമാണ്..