പ്രശ്‌നങ്ങളുടെ മണല്‍ക്കാറ്റിലേക്കാണ് ഓരോ പ്രവാസിയും വിമാനം ഇറങ്ങുന്നത്. തൊഴിലും താമസവും വേതനവും വരുതിയിലാകും വരെ അവന്റെ ഉള്ളം പിടഞ്ഞുകൊണ്ടിരിക്കും. അന്യനാട്ടിലെ ഭാഷയാണ് അവന്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ‘മുശ്കിലു’കളുടെ മുന്നിലുണ്ടാവുക. എന്നാല്‍ അറബിക് ഭാഷ ഒരു മുശ്കിലല്ലെന്നും ഭാഷാഭയമില്ലാതെ ആര്‍ക്കും രുചിച്ചുനോക്കാവുന്ന ഒന്നാണെന്നും ബോധ്യപ്പെടുത്തിയ പുസ്തകമാണ് മുജീബ് എടവണ്ണയുടെ അറബിക് മാഫീ മുശ്കില്‍.
ഭാഷാപഠനത്തിന്റെ കണിശതയില്ലാതെ രസകരമായ അനുഭവകഥകളും തമാശകളും ഉള്‍പ്പെടുത്തി അറബിക് വാക്കുകളും സംഭാഷണങ്ങളും പരിചയപ്പെടുത്തുന്ന ഒരു പഠനസഹായി ആണ് അറബിക് മാഫീ മുശ്കില്‍. അറബിക് ഒട്ടു വശമില്ലാത്തവരെപ്പോലും ആകര്‍ഷിക്കുന്ന അവതരണരീതിയാണ് ഈ ഭാഷാസംരംഭത്തെ മറ്റ് അറബിക് പഠനസഹായികളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
അതിഥികളെ സ്വാഗതം ചെയ്യാന്‍ ഉപയോഗിക്കുന്ന ‘വെല്‍ക്കം’ എന്ന വാക്ക് അറബി മലയാളം ലിപിയില്‍ എഴുതിയാല്‍ ‘നിങ്ങള്‍ക്ക് നാശം’ എന്നര്‍ത്ഥം വരുന്ന വയ്‌ലകും എന്ന വാക്കായി തെറ്റിദ്ധരിക്കുമെന്ന് മുജീബ് എടവണ്ണ പരാമര്‍ശിക്കുമ്പോള്‍ ചിരിക്കൊപ്പം അറിവു കൂടിയാണ് അത് പകരുന്നത്. മത്വര്‍ മഴയാണെന്നും മത്വാര്‍ വിമനത്താവളമാണെന്നും ഓര്‍മ്മിപ്പിക്കുമ്പോഴും ഇതേ ധര്‍മ്മ നിറവേറ്റപ്പെടുന്നു. ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മമാര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ് ഈ പുസ്തകം.