കേരളത്തിലേക്ക് യോഗി ആദിത്യനാഥിനെ കൊണ്ടുവന്നതിനു പകരം ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ ചെയ്യേണ്ടിയിരുന്നത് ശ്രീനാരയണഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശില്‍ എത്തിക്കുകയായിരുന്നു വേണ്ടതെന്നു ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ട്വീറ്റിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം പങ്കുവച്ചത്.
റോബിന്‍ ജഫ്രി കേരളത്തെക്കുറിച്ച് എഴുതിയ പുസ്തകം ‘പൊളിറ്റിക്‌സ്, വിമന്‍ ആന്‍ഡ് വെല്‍ബീയിംഗ്’ അമിത് ഷായും ആദിത്യനാഥും വായിക്കണം. അതില്‍ പറയുന്ന കാര്യങ്ങള്‍ ഗുജറാത്തിലും ഉത്തര്‍പ്രദേശിലും നടപ്പാക്കാന്‍ ശ്രമിക്കണം. നാരായണ ഗുരുവും പള്ളികളും ഹിന്ദു രാജാക്കന്മാരും കമ്യൂണിസ്റ്റുകാരും എല്ലാം കേരളത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക-പുരോഗതിക്കു നല്‍കിയ സംഭവാനകളെ ജെഫ്രിയുടെ പുസ്തകം വ്യക്തമാക്കുന്നുണ്ട്. കേരള മോഡല്‍ എന്താണെന്നു വ്യക്തമാകാന്‍ പൊളിറ്റിക്‌സ്, വിമന്‍ ആന്‍ഡ് വെല്‍ബീയിംഗ് ആണ് ഏറ്റവും നല്ലതെന്നും രാമചന്ദ്ര ഗുഹ ട്വീറ്റുകളിലൂടെ ഓര്‍മിപ്പിക്കുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനാണ് അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം കേരളത്തില്‍ എത്തിയത്. ബിജെപിയുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം വരും ദിവസങ്ങളില്‍ എത്തുമെന്നാണ് കേരളനേതൃത്വം പറയുന്നത്. ചുവപ്പ്, ജിഹാദി ഭീകരതയ്‌ക്കെതിരേയാണ് തങ്ങളുടെ യാത്രയെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതിനെ വിമര്‍ശിച്ചുകൊണ്ടാണ് രാമചന്ദ്ര ഗുഹയുടെ ട്വീറ്റ്.