തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാംപതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജില്ലാതല ആലോചനായോഗങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. സാഹിത്യോത്സവത്തില്‍ സംവാദവിഷയമാക്കേണ്ട മേഖലകളെക്കുറിച്ചുള്ള ആലോചനായോഗത്തില്‍ സാഹിത്യസാംസ്‌കാരികസാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് ആശയങ്ങള്‍ പങ്കുവെച്ചു. ഡി സി കിഴക്കെമുറി ഫൗണ്ടേഷനാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.
2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് കടപ്പുറത്ത് നാലുവേദികളിലായി നടക്കുന്ന സാഹിത്യോത്സവത്തില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ മൂന്നൂറോളം എഴുത്തുകാര്‍ പങ്കെടുക്കുന്നുണ്ട്. അതിഥി രാജ്യം എന്ന നിലയില്‍ അയര്‍ലണ്ടില്‍ നിന്ന് ഒട്ടേറെ എഴുത്തുകാരും കലാകാരന്മാരും പ്രത്യേകവിഭാഗമായിത്തന്നെ പങ്കെടുക്കും.
ഒസ്‌കര്‍ വൈൽഡ്, ജെയിംസ് ജോയ്‌സ്, ഡബ്ല്യൂ ബി യേറ്റ്‌സ്, സാമുവല്‍ ബെക്കറ്റ്, ജോര്‍ജ് ബെര്‍നാഡ് ഷാ തുടങ്ങിയ എഴുത്തുകാരെ ലോകസാഹിത്യത്തിനു നല്‍കിയ സമ്പന്നമായ സാംസ്‌കാരിക പൈതൃകമുള്ള രാജ്യമാണ് അയര്‍ലണ്ട്.
സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവത്തിന്റെ ക്യുറേറ്റര്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോളാണ്.