ഭാരതം ജ്ഞാനചിറകുകള്‍ക്ക് പകര്‍ന്നു നല്‍കിയ അദ്ധ്യാത്മചിന്തയുടെ അമൃതസാരമാണ് ഉപനിഷത്തുകളില്‍ നിറഞ്ഞു തുളുമ്പുന്നത്. ആ അമൃതധാര ഒരു കൈക്കുടന്നയില്‍ ഒതുക്കി പകര്‍ന്നുനല്‍കുകയാണ് ഉപനിഷത്ത് സാരസംഗ്രഹം എന്ന ഗ്രന്ഥത്തിലൂടെ കുഞ്ഞിക്കുട്ടന്‍ ഇളയത്. മുക്തികോപനിഷത്തില്‍ ക്രമപ്പെടുത്തിയിട്ടുള്ള രീതി അവലംബിച്ചാണ് ഉപനിഷത്ത് സാരസംഗ്രഹം തയ്യാറാക്കിയിട്ടുള്ളത്.
ഉപനിഷത്ത് പദത്തിന്റെ അര്‍ഥം ബ്രഹ്മവിദ്യ എന്നാണ്. അത് ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്നു. വൈദികസാഹിത്യമണ്ഡലത്തിലെ സാരസര്‍വ്വസ്വങ്ങളായ ഉപനിഷത്തുകളുടെ രചനകാലം ശ്രീബുദ്ധനു തൊട്ടുമുമ്പാണെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉപനിഷത്തുക്കള്‍ എത്രയെന്ന് തിട്ടപ്പെടുത്തുക എളുപ്പമുള്ള കാര്യമല്ല. നാലുവേദങ്ങളിലും കൂടി 1180 ഉപനിഷത്തുകള്‍ ഉണ്ടായിരുന്നുവത്രേ..! എന്നാല്‍ മുക്തികോപനിഷത്തില്‍ ശ്രീരാമന്‍ ഹനുമാനോട് പറയുന്നപ്രകാരം ആകെ 1180 ശാഖകളുളളതില്‍ ഒരോ ഉപനിഷത്തുകള്‍ വീതം നിര്‍മ്മിക്കപ്പെട്ടതായി പറയുന്നു. പക്ഷേ. ഇതൊക്കെ ഏതെല്ലാമാണെന്ന് അറിയാന്‍ നിവൃത്തിയില്ല. മുക്തികോപനിഷത്തില്‍ 108 ഉപനിഷത്തുകളാണ് ചേര്‍ത്തിരിക്കുന്നത്. അതായത്, ഋഗ്വേദം 10, ശുക്ലയജുര്‍വേദം 19-ഉം,കൃഷ്ണയജുര്‍വേദം 32-ഉം കൂടി ഉപനിഷത്തുക്കള്‍ 61 ആണ്. സാമവേദം 16 അഥര്‍വവേദം 31. ഇങ്ങനെയാണ് 108 എന്ന് കണക്കാക്കിയിരിക്കുന്നത്.
മുക്തികോപനിഷത്തില്‍ ദശോപനിഷത്തുകള്‍ മുതല്‍ മുക്തികോപനിഷത്ത് ഉള്‍പ്പെടെ 108 ഉപനിഷത്തുകളുടെ ക്രമം കൃത്ത്യമായിത്തന്നെ ഡോ.എന്‍ പി ഉണ്ണി രേഖപ്പെടുത്തിയിരിക്കുന്നു. ഈ 108നു തന്നെയാണ് എല്ലാവരുംപ്രാധാന്യം നല്കിയിരിക്കുന്നത്. അതുകൊണ്ട് മുക്തോപനിഷത്തിലെ 108 ഉപനിഷത്തുകള്‍ ഉള്‍പ്പെടുത്തിയാണ് ഉപനിഷത്ത് സാരസംഗ്രഹം രചിച്ചിരിക്കുന്നത്.