കഴിഞ്ഞ അറുപതുവര്‍ഷത്തിനുള്ളില്‍ കേരളത്തിലുണ്ടായ അടുക്കളമാറ്റത്തിന്റെ വിപുലമായ ചരിത്രം രേഖപ്പെടുത്തിയ പുസ്തകമാണ് കല്ലടുപ്പുകള്‍.വി ആര്‍ ജ്യോതിഷ് തയ്യാറാക്കിയ ഈ പുസ്തകം ഡി സി ബുക്‌സ് കേരളം 60 പരമ്പരയില്‍ ഉള്‍പ്പെടുത്തിയാണ് പ്രസിദ്ധീകരിച്ചത്. കേരളക്കരയുടെ തനിമനിലനിര്‍ത്തിയിരുന്ന രുചിക്കൂട്ടുകളെക്കുറിച്ചും മലയാളിയുടെ പുരാതനമായ ഭക്ഷണങ്ങളെയും അവയിലൂടെ കടന്നുവന്ന സാമൂഹിക സാംസ്‌കാരിക യാഥാര്‍ത്ഥ്യങ്ങളെയും അടയാളപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
കല്ലടുപ്പുകള്‍ക്ക് ശ്രീകുമാരന്‍ തമ്പി എഴുതിയ അവതാരിക;
അമ്മരുചിയുടെ ഓര്‍മ്മകളില്‍
വി.ആര്‍. ജ്യോതിഷിന്റെ കല്ലടുപ്പുകള്‍‘ മലയാളിയെ അതിശയിപ്പിക്കുന്ന ഒരു പുസ്തകമാണ്. സാധാരണരീതിയില്‍ വ്യത്യസ്തം എന്നു പറയാത്തത് മനഃപൂര്‍വ്വമാണ്. നിര്‍വചിക്കാന്‍ പ്രയാസമുള്ള ഒരു പദമാണ് വ്യത്യസ്തം. ഴിഞ്ഞ അറുപതു വര്‍ഷത്തിനുള്ളില്‍ മലയാളിയുടെ അടുക്കളയില്‍ വന്ന പരിവര്‍ത്തനങ്ങളാണ് ഈ പുസ്തകത്തിന്റെ വിഷയം. അന്നമുണ്ടാക്കുന്ന ഇടമാണ് അടുക്കള. അക്ഷരം ബ്രഹ്മമാണ്; അന്നവും ബ്രഹ്മമാണ് എന്നത്രേ ഉപനിഷത്ത് പറയുന്നത്. അന്നമില്ലെങ്കില്‍ ജീവനില്ല.ഇങ്ങനെയൊക്കെയാണെങ്കിലും അടുക്കളയ്ക്കും അടുക്കളക്കാരിക്കും ബഹുമാന്യതയുള്ള ഒരു സ്ഥാനം നാം കല്പിച്ചു കൊടുക്കാറില്ല. അടുത്തകാലം വരെ കേരളത്തിലെ വീടുകളില്‍ അമ്മമാരും ഫലത്തില്‍ അടുക്കളക്കാരികളായിരുന്നു.
നമ്മുടെ അടുക്കളകളില്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, ആ ഉപകരണങ്ങളില്‍ വന്ന മാറ്റങ്ങള്‍, പരിപൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍, അതിനു പകരം വന്ന ഉപകരണങ്ങള്‍– എല്ലാം ഈ പുസ്തകത്തില്‍ വിഷയങ്ങളാകുന്നുണ്ട്. പഴയ കല്ലടുപ്പുകളും അതിനെ ‘റീ ഇന്‍ഫോഴ്‌സ്‌മെന്റ്’ (Reinforcement) ചെയ്യുന്ന പാതാംപുറവും (പാതകം) പാലും തൈരും മറ്റും സൂക്ഷിച്ചിരുന്ന ഉറികളും തേങ്ങ തിരുമ്മുന്ന ചിരവയും മലക്കറി അരിയാനും മീന്‍ വെട്ടാനും ഉപയോഗിച്ചിരുന്ന വിവിധതരം പിച്ചാത്തികളും നാളികേരം പൊതിക്കാന്‍ ഉപയോഗിച്ചിരുന്ന വെട്ടുകത്തിയും നെല്ലു പുഴുങ്ങാന്‍ ഉപയോഗിച്ചിരുന്ന ചെമ്പും പായസവും പ്രത്യേകതയുള്ള കറികളും പാചകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന ഉരുളികളും പുഴുങ്ങിയ നെല്ല് ഉണക്കാനുപയോഗിച്ചിരുന്ന ചിക്കുപായയും ഉരല്‍പ്പുരയും അവിടെയുള്ള പലതരം ഉരലുകളും ജോലി ചെയ്ത് തളരുമ്പോള്‍ അടുക്കളയുടെ വടക്കേ വരാന്തയില്‍ വിശ്രമിക്കാനായി അടുക്കളക്കാരിയും നെല്ലുകുത്തുന്ന സ്ത്രീകളും ഉപയോഗിച്ചിരുന്ന പുല്‍പ്പായയും തഴപ്പായയും–എല്ലാം ഈ പുസ്തകം വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ ഒരു പ്രദര്‍ശനശാല തുറന്നു എന്നു തന്നെ പറയാം.
മലയാളിയുടെ ജീവിതത്തില്‍നിന്ന് മലയാളത്തനിമ പൂര്‍ണ്ണമായും നഷ്ടമായി എന്നുതന്നെ കരുതാം. മലയാളിയുടെ അടുക്കളസംസ്‌കാരത്തിന് അതിന്റേതായ തനിമ ഉണ്ടായിരുന്നു. അത് എങ്ങനെ നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കാനും ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളിത്തറവാടുകളില്‍ പൂമുഖത്തിന്റെ പ്രാധാന്യം അടുക്കളയ്ക്ക് ഇല്ലായിരുന്നു. എന്നാല്‍ അടുക്കളയുടെ സംസ്‌കാരം പൂമുഖത്തെ എന്നും ആനന്ദിപ്പിച്ചിരുന്നു. വളരെയധികം പഠിച്ചതിനുശേഷമാണ് ജ്യോതിഷ് ഈ കൃതി രചിച്ചിരിക്കുന്നത്. അല്പബുദ്ധികള്‍ക്ക് നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഒരു വിഷയത്തെ അപഗ്രഥിച്ച് അതിനെ ഉത്കൃഷ്ടമായ ഒരു സ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുകയാണ് ഈ കൃതി. അടുക്കളയോ? അതിനെക്കുറിച്ച് എന്തെഴുതാന്‍ എന്ന് ചിന്തിച്ചിരുന്നെങ്കില്‍ ഇത്രയും വിലപ്പെട്ട ഒരു പുസ്തകം നമുക്ക് ലഭിക്കുമായിരുന്നില്ല. എഴുത്തുകാരന്റെ മനസ്സിന്റെ നന്മ ഈ പുസ്തകത്തിലെ ഓരോ ഉപശീര്‍ഷകത്തിനും താഴെ വിദളിതമാകുന്നുണ്ട്. താന്‍ കണ്ട, തന്നെ പത്രപ്രവര്‍ത്തനരംഗത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ എസ്. ജയചന്ദ്രന്‍ നായരെ ഇന്നും നന്ദിപൂര്‍വം സ്മരിക്കുന്ന ജ്യോതിഷിന്റെ പ്രകൃതം ‘ന്യൂജനറേഷനി’ലെ അധികം പേരിലും നമുക്ക് കാണാന്‍ കഴിയുന്നതല്ല. എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നെ അനുധാവനം ചെയ്യുകയും സഹായിക്കുകയും ചെയ്തിട്ടുള്ള പത്രാധിപരാണ് എസ്. ജയചന്ദ്രന്‍ നായര്‍. ഏതു വിഷയവും അഗാധമായി പഠിക്കാന്‍ കഴിവുള്ള ജയചന്ദ്രന്‍ നായരുടെ ശിക്ഷണം വി.ആര്‍. ജ്യോതിഷിനെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത് എന്നു ഞാന്‍ മനസ്സിലാക്കുന്നു.