36-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നവംബര്‍ 1 മുതല്‍ 11 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ മേളയില്‍ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളിലെപ്പോലെതന്നെ ഷാര്‍ജമേളയില്‍ നിര്‍ണ്ണായകപങ്ക് വഹിക്കുന്ന ഡി സി ബുക്‌സ് 2017ലെ മേളയിലും മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തും. ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ പ്രസാധകരെ ഏകോപിപ്പിക്കുന്നത് ഡിസി ബുക്‌സാണ്. ഡി സി ബുക്‌സിന് 40 സ്റ്റാളുകളാണ് മേളയില്‍ ഉള്ളത്.
ബുക്കര്‍ പുരസ്‌കാരം നേടിയ അരുന്ധതി റോയി, വികാസ് സ്വരൂപ്, ആശാ പരേഖ്, ഖാലിദ് മുഹമ്മദ്, രാജ്ദീപ് സര്‍ദേശായി, സാഗരിക ഘോഷ്, ഡറക് ഒ ബ്രയാന്‍, കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍, ജയറാം രമേശ്, എം.ടി. വാസുദേവന്‍നായര്‍, സിനിമാതാരം മാധവന്‍, രാകേഷ് ഓംപ്രകാശ് മെഹ്‌റ, മനു ജോസഫ്, പീറ്റര്‍ ലെരന്‍ഗിസ്, അശോക് സൂട്ട, തയരി ജോണ്‍സ്, ക്രിക്കറ്റ് താരം വസിം അക്രം, ദേവ്ദത്ത് പട്‌നായക്, പ്രീതി ഷെണോയി, അനുജ ചൗഹാന്‍, സാറാ ജോസഫ്, സി. രാധാകൃഷ്ണന്‍, ജോര്‍ജ് ഓണക്കൂര്‍, എം.എ. ബേബി, ഹേമമാലിനി, ഇന്നസെന്റ്, ആഷിക് അബു, റിമ കല്ലിങ്കല്‍, ഭാഗ്യലക്ഷ്മി, കവികള്‍ ആലങ്കോട് ലീലാകൃഷ്ണന്‍, അനില്‍ പനച്ചൂരാന്‍, തമിഴ്‌നാട് പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയില്‍ പെങ്കടുക്കും.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഈ പുസ്തകമേളയില്‍ നൂറില്‍പ്പരം രാജ്യങ്ങളില്‍നിന്നായി 1500-ഓളം പ്രസാധകര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.