Quantcast
Channel: LITERATURE | DC Books
Viewing all articles
Browse latest Browse all 3641

പുനത്തിലിന്റെ ആത്മാവില്‍ തൊടുന്ന തുറന്നുപറച്ചില്‍….

$
0
0

ഉമ്മയെക്കുറിച്ചുള്ള ഓര്‍മകളുടെ വിങ്ങല്‍ ഇപ്പോഴും എനിക്കുണ്ട്. പ്രായമാകുമ്പോള്‍ മക്കളാലുള്ള ഒരു സ്‌നേഹത്തിനുവേണ്ടി ഏതു പിതാവാണ് ആഗ്രഹിക്കാതിരിക്കുക? കുട്ടിക്കാലത്ത് ഉമ്മയില്ലാത്ത ഒരു കുട്ടിയുടെ അതേ അനാഥത്വം ഈ പ്രായത്തിലും എനിക്കുണ്ടെന്നു ചിലപ്പോള്‍ തോന്നിപ്പോകാറുണ്ട്.
1974-ല്‍ കാസര്‍കോട് നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനത്തെ സംബോധന ചെയ്തുകൊണ്ടു ഞാന്‍ചെയ്ത പ്രസംഗം വലിയ വിവാദമായിരുന്നു. കോവിലനും എം.ടിയും സി.പി. ശ്രീധരനും അടക്കമുള്ള ഒരുപാട് മുതിര്‍ന്ന എഴുത്തുകാര്‍ ഉള്ള വേദിയിലായിരുന്നു ചെറുപ്പത്തിന്റെ തിളക്കത്താല്‍ വിവാദമായ എന്റെ പ്രസംഗം. ഞാന്‍ സദസ്സിനെ നോക്കി. വേദിയേയും നോക്കി. വേദിയില്‍ മലയാള സാഹിത്യവേദിയുടെ അച്ചുതണ്ടായവര്‍ ഇരിക്കുന്നു. സാഹിത്യലോകം ഒരൊറ്റ അച്ചുതണ്ടില്‍ കറങ്ങുന്ന ഒന്നല്ല. ഒരുപാടുപേര്‍ ചേര്‍ന്നുകറക്കുന്നപ്രപഞ്ചമാണത്. ആ പ്രപഞ്ചത്തിലെ ഒരു ചെറുകണികമാത്രമാണ് ഓരോ എഴുത്തുകാരനും എഴുത്തുകാരിയും.
പ്രസംഗിക്കുമ്പോഴുണ്ടാവുന്ന പരിഭ്രമം അരിച്ചരിച്ച് എന്റെ മൂര്‍ധാവിലേക്കു കയറുന്നുണ്ടായിരുന്നു. എങ്കിലും മുന്‍കൂട്ടി തയ്യാറാക്കിയ ആ പ്രസംഗം ഞാനവിടെ സ്വതസിദ്ധമായ എന്റെ ചുമയോടുകൂടി അവതരിപ്പിച്ചു:
എനിക്ക് ആരോടും ഒരു കടപ്പാടും ഇല്ല. എന്റെ രക്ഷിതാക്കന്മാരോടുപോലും. എന്റെ രക്ഷിതാക്കന്മാര്‍ എന്നെ പോറ്റിവളര്‍ത്തുകയും എനിക്കു രോഗം വന്നപ്പോള്‍ എന്നെ ശുശ്രൂഷിക്കുകയും എനിക്കു ജ്ഞാനമുണ്ടാക്കാനായി ഏകാധ്യാപക വിദ്യാലയത്തില്‍ ചേര്‍ത്ത് ഖുര്‍ആന്‍ വായിക്കാന്‍ പഠിപ്പിച്ചതും ഉപജീവനമാര്‍ഗം തേടാനായി എന്നെ കോളജില്‍ അയച്ചു വിദ്യകളഭ്യസിപ്പിച്ചതും മറന്നുകൊണ്ടല്ല ഞാന്‍ സംസാരിക്കുന്നത്. എന്നെ ജനിപ്പിച്ചു എന്ന ഒരു മഹാപാപത്തിന്റെ പ്രായശ്ചിത്തമാണ് അവര്‍ ഇത്രയും കാര്യങ്ങള്‍കൊണ്ടു ചെയ്തുതീര്‍ത്തത്. എന്റെ ജനനംകൊണ്ടു മാത്രം അവരുടെ കടമ തീര്‍ന്നില്ല. ജനനം തുടങ്ങി എന്നെ ഒരു പൂര്‍ണമനുഷ്യനാക്കി വാര്‍ത്തെടുക്കുന്നതുവരെയുള്ള ദീര്‍ഘകാലത്തെ പരിശ്രമത്തിനും കഠിനാധ്വാനത്തിനും ഞാന്‍ നന്ദി രേഖപ്പെടുത്തേണ്ടതാണ്. പക്ഷേ, ഞാനതു ചെയ്യുന്നില്ല. കാരണം അതവരുടെ കടമയായിരുന്നു. എന്നെ ജനിപ്പിച്ചു എന്നതിന്റെ ശിക്ഷയായിരുന്നു. ആ പാപത്തിന്റെ ഭാരംപേറലായിരുന്നു. എനിക്കെന്റെ രക്ഷിതാക്കളോട് ഒരിക്കലും തീരാത്ത പകയുണ്ട്. അവരെന്നെ ജനിപ്പിച്ചുവീഴ്ത്തിയത് ഈ ദുഷിച്ച മനുഷ്യസമൂഹത്തിലാണ്. ഒരു മൃഗമായോ വിഷജീവിയായോ എന്നെ ജനിപ്പിക്കാന്‍കഴിയാത്തതാണ് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം. അതുപോലെ എന്റെ ജീവിതത്തിന്റേയും. ഒരു മൃഗമായി പിറന്നിരുന്നുവെങ്കില്‍ പുല്ലെങ്കിലും തിന്ന് വിശപ്പടക്കാമായിരുന്നു. ഇഷ്ടമുള്ള ഇണയോടൊപ്പം രമിക്കാമായിരുന്നു. വിഷജീവിയായിരുന്നെങ്കില്‍ കടിവായില്‍ വിഷം കലര്‍ത്തി മനുഷ്യജീവിതത്തിന് അന്ത്യം കുറിക്കാമായിരുന്നു.
മനുഷ്യനായി പിറന്ന ഹതഭാഗ്യനായ ഞാന്‍ ഇന്ത്യന്‍ പീനല്‍കോഡിനെ മാനിക്കേണ്ടവനും ഭരണഘടനയോട് കൂറ് പുലര്‍ത്തേണ്ടവനും സിനിമ അവസാനിച്ചാല്‍ ജനഗണമന പാടേണ്ടവനുമാണ്. കഷ്ടമാണ് എന്റെ ജീവിതം. ഇന്ദിരാ പ്രിയദര്‍ശിനിയുടെ പ്രിയപ്പെട്ട ഇന്ത്യയിലെ ജീവിതം.
ഇവിടെ ഇ.എം.എസുണ്ട്, എം.ഇ.എസുണ്ട്. പലതരം കൊടികളുണ്ട്. പലതരം കൗപീനം ധരിച്ചു നടക്കുന്ന സന്ന്യാസികളുണ്ട്. ഇതിനെയെല്ലാം കവച്ചുവെക്കുന്ന ഘോരഘോരമായ പ്രസംഗം നടത്തുന്നവരുണ്ട്. വലിയ ജുബ്ബയും ജുബ്ബയ്ക്ക് ജുബ്ബയേക്കാള്‍ വലിയ കീശയുമുള്ള നേതാക്കന്മാരുമുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് ബസിന് കല്ലെറിയുന്ന വിദ്യാര്‍ത്ഥിസമൂഹമുണ്ട്. പക്ഷേ, എന്തു ഫലം? ഇവരെല്ലാം ചേര്‍ന്നു കുട്ടിച്ചോറാക്കിയ എന്റെ നാടിനെ നോക്കിക്കാണാനുള്ള ഒരു കണ്ണട ധരിക്കാന്‍ എനിക്കു കഴിയുന്നില്ല. ക്ഷമിക്കണേ, കണ്ണട ധരിക്കാത്ത എന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാന്‍ ആരും ശ്രമിക്കല്ലേ. എന്റെ കണ്ണിന് നല്ല കാഴ്ച ശക്തി ഉള്ളതുകൊണ്ടാണ് ഈ വൃത്തികെട്ട വര്‍ഗത്തെ കാണാനുതകുന്ന കണ്ണട ഞാന്‍ ധരിക്കാത്തത്.
പക്ഷേ, ഞാന്‍ ഒന്ന് ധരിച്ചിരിക്കുന്നു. ഒരു വലിയ മേലങ്കി. സ്വാര്‍ത്ഥത്തിന്റെ മൂര്‍ത്തീകരണമായ ഒരുഗ്രന്‍ മേലങ്കി. എക്‌സ് റേ രശ്മികള്‍ക്കുപോലും തുളച്ചുകയറാന്‍ പറ്റാത്ത ഒരു മേലങ്കി. എന്നെ സമൂഹത്തില്‍നിന്നു രക്ഷിക്കുന്ന കട്ടിപിടിച്ച ഒരു തോടാണ് ഈ മേലങ്കി. ഈ മേലങ്കി ഉണ്ടെങ്കില്‍ മാത്രമേ ചണ്ഡാളനും ബ്രാഹ്മണനുമുള്ള ഈ ഭാരതത്തില്‍, നദീതട സംസ്‌കാരങ്ങള്‍ പരിലസിച്ച ഈ ഭാരതത്തില്‍, ഇന്ത്യയെ ഒരിക്കലും നന്നാവാന്‍ അനുവദിക്കാത്ത ഹൈന്ദവ സംസ്‌കാരം ഉജ്ജ്വലമായി പരിലസിക്കുന്ന ഭാരതത്തില്‍ എനിക്കു ജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഈ മേലങ്കിയാണ് എന്റെ ജീവിതം. ഈ മേലങ്കിയാണ് എന്റെ സ്ഥായിയായ ഭാവം. ഈ സ്ഥായിയായ ഭാവവും എളിയ ജീവിതവും എന്റെ വ്യക്തിത്വത്തെ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമാക്കിത്തീര്‍ത്തു. മുള്ളുംകൂടെ മുളച്ച് എന്നെ ഞെരുക്കി. ഞാന്‍ എന്നിലേക്കിറങ്ങി. എന്നെ ഞാനൊരു ബിന്ദുവാക്കി. ആ ബിന്ദു എന്നോടു പറയുകയാണ്:
നീ എഴുതൂ. നീ ഒരു എഴുത്തുകാരനാകൂ. എഴുതി, എഴുത്തുകാരനായി നീ ശാപമോക്ഷം നേടൂ. അങ്ങനെ ആ മോക്ഷമാര്‍ഗത്തിലിരുന്നുകൊണ്ട് ഞാന്‍ ആ ബിന്ദുവിനെ കാണാന്‍ തുടങ്ങി. ആ ബിന്ദുവിന്റെ തണല്‍ എനിക്കേകിയ ശീതളിമയില്‍ ഇരുന്നു ഞാന്‍ സ്വപ്നങ്ങള്‍ കണ്ടു.
എന്റെ സ്വപ്നം ഭയങ്കരമായ ഒരു സ്വപ്നമായിരുന്നു.ആ സ്വപ്നത്തില്‍ മയിലാടുംകുന്നുകളെ ഞാന്‍ കണ്ടില്ല. തൂക്കുവിളക്കുകളെ വെട്ടിവീഴ്ത്തുന്ന വാദ്ധ്യാന്മാരെ കണ്ടില്ല. അതുകണ്ട് വെള്ളിത്തിരയ്ക്കു മുന്നിലിരുന്നു കൈയടിക്കുന്ന ബഹുജനങ്ങളെ കണ്ടില്ല. ഞാന്‍ ഒന്നു മാത്രമേ എന്റെ സ്വപ്നത്തില്‍ കണ്ടുള്ളൂ. എന്നെ മാത്രം. ഞാന്‍ മാത്രം. അതായിരുന്നു എന്റെ സ്വപ്നം.
ആ സ്വപ്നം എന്നോടു പറഞ്ഞു:
ഒരു പുസ്തകമെഴുതി ഈ നാട്ടില്‍ ഒരു വിപ്ലവം ഉണ്ടാക്കുവാന്‍ നിനക്കു സാധ്യമല്ല. അറേബ്യന്‍ നാടുകളില്‍നിന്ന് കള്ളക്കടത്തുവഞ്ചികളില്‍ കേരളക്കരയില്‍ സ്വര്‍ണമിറക്കാന്‍ നിനക്കാവുകയില്ല. അതുകൊണ്ട് എന്റെ കുഞ്ഞാടേ, നീ എഴുതുക. തോന്നിയപോലെ എഴുതുക. അതാണു നിന്റെ ശാപം. നീ എഴുതാന്‍വേണ്ടി ശപിക്കപ്പെട്ടവനാണ്. ആ ശാപമാണ് എന്റെ സ്വപ്‌നം. ആ സ്വപ്നത്തെ കെട്ടിപ്പിടിച്ചുകൊണ്ട് ഞാന്‍ എഴുതുന്നു. ജീവിക്കുന്നു. മരിക്കുന്നതുവരെ ജീവിക്കുന്നു.
അവന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിന്റെ മാനിഫെസ്റ്റോ ആയിരുന്നു ആ പ്രസംഗം. പാപിയുടെ കാഷായം എന്ന പേരില്‍ ആ പ്രസംഗം സാഹിത്യചരിത്രത്തില്‍ ഇപ്പോഴും അറിയപ്പെടുന്നു. നമ്മുടെ അന്നത്തെ സദാചാരവാദത്തിന്റെ വെണ്‍മുഖങ്ങള്‍ ഈ പ്രസംഗംകേട്ടു ക്ഷുഭിതരായി. പലയിടത്തും അതു വലിയ കോളിളക്കമുണ്ടാക്കി. ഞാന്‍ പോകുന്നിടങ്ങളിലെല്ലാം വലിയൊരാള്‍ക്കൂട്ടത്തെ ഈ പ്രസംഗത്തിനുശേഷം അഭിമുഖീകരിക്കേണ്ടിവന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അതൊരു ലേഖനമായി പ്രസിദ്ധീകരിച്ചു. മലയാളികളുടെ പരമ്പരാഗതബോധത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ആ പ്രസംഗം. ഒരു പ്രഭാഷകനല്ലാതിരുന്നിട്ടുകൂടി അതുണ്ടാക്കിയ ചര്‍ച്ചകള്‍ വളരെ വലുതായിരുന്നു. ഇപ്പോഴുമതേ, ഞാനൊരു പ്രഭാഷകനല്ല. മൈക്കിനു മുന്നില്‍നിന്നുകൊണ്ടു പ്രഭാഷണകലയിലെ അതികായരെപ്പോലെ ദീര്‍ഘനേരം നിന്നു സംസാരിക്കാന്‍ എനിക്കു സാധിക്കില്ല. സാധാരണ വര്‍ത്തമാനം പറയുന്നതുപോലെ മൈക്കിനു മുന്നില്‍നിന്ന് ഒന്നുരണ്ട് വാക്കുകള്‍ പറയും. അകമ്പടിയായി ചുമയുമുണ്ടാവും. എങ്കിലും എന്നെക്കേള്‍ക്കാന്‍ ഇഷ്ടമാണാളുകള്‍ക്ക്. അവര്‍ എന്തോ പ്രതീക്ഷിച്ചുകൊണ്ടാണു വരുന്നത്. അപ്രതീക്ഷിതമായി ഒന്നും പറയാത്ത ദിവസങ്ങളില്‍ അവര്‍ നിരാശരാവുന്നതു ഞാന്‍ കാണാറുണ്ട്.അപ്രതീക്ഷിത പ്രവചനങ്ങളുടെ പ്രവാചകരാണ് എഴുത്തുകാര്‍ എന്ന് അവര്‍ വിശ്വസിക്കുന്നു.

സാഹിത്യ പരിഷത്തിന്റെ ആ പ്രസംഗം കഴിഞ്ഞ് എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇപ്പോള്‍ ചെറിയൊരു കുറ്റസമ്മതത്തോടെ ഞാന്‍ ആ പ്രസംഗത്തിലേക്കു തിരിഞ്ഞുനോക്കുകയാണ്. അന്ന് ഞാനവിടെ പറഞ്ഞതു വ്യക്തിപരമായ എന്റെ അനുഭവത്തിന്റെ ഭൂതകാല വെളിച്ചത്തിലാണ്. പക്ഷേ, ഇപ്പോള്‍, ഉമ്മയുടെ ഓര്‍മകള്‍ എന്നെ വീണ്ടും വീണ്ടും ഏതോതരത്തില്‍ ഹൃദയത്തില്‍ വേദന നിറയ്ക്കുന്നു. ഉമ്മ എന്നെ സ്‌നേഹിക്കാതിരുന്നതിന്റെ കാരണം, യഥാര്‍ത്ഥത്തില്‍ ഉമ്മയായിരുന്നില്ലല്ലോ. ഉമ്മയുടെ ഉള്ളില്‍ വാത്സല്യത്തിന്റെ ഹൃദയമുണ്ടെങ്കില്‍തന്നെയും അതിലെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കാനാവശ്യമായ സ്‌നേഹ വൈഭവം ദൈവം അവര്‍ക്കു കൊടുത്തിരുന്നില്ല. വെളിവില്ലാത്ത ആ മനസ്സില്‍ സ്വന്തം മകനോടുള്ള ആര്‍ദ്രത പോലും പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഉമ്മ അവരറിയാത്ത ഒരു രോഗത്തിന്റെ അടിമയായിരുന്നു. ആ ഉമ്മയെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വിധിയുടെ വാക്കുകള്‍ തിരുത്തിയെഴുതാന്‍ നാമാര്? അതുകൊണ്ടു പ്രിയപ്പെട്ട ഉമ്മാ, വര്‍ഷങ്ങള്‍ക്കുശേഷം ആ മകന്‍ ആ പ്രസംഗത്തിന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു. ഒരു പക്ഷേ, എനിക്കു നിങ്ങളോട് ഒരുതരത്തിലുള്ള കമ്മിറ്റ്‌മെന്റും പ്രകടിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അത്രയഗാധമായി ഉമ്മയെ സ്‌നേഹിച്ചിരുന്നേനെ…

ആധുനികതയുടെ ഉരുള്‍പൊട്ടല്‍ സംഭവിച്ച കാലത്താണു പരിഷത്ത് പ്രസംഗം ഞാന്‍ നടത്തിയത്. അന്നത്തെ ആ ഉരുള്‍പൊട്ടലില്‍ പറഞ്ഞതായിരുന്നു എന്റെ വാക്കുകള്‍. പക്ഷേ, ഇന്ന് ആ പ്രസംഗത്തിന് മറ്റൊരര്‍ത്ഥമുണ്ട്. ഇന്നത്തെ ജനറേഷന്‍ യഥാര്‍ത്ഥത്തില്‍ രക്ഷിതാക്കളോട് യാതൊരു കമ്മിറ്റ്‌മെന്റുമില്ലാതെയാണു വളരുന്നത്. മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്ന രക്ഷിതാക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. അവര്‍ ഈ സ്‌നേഹരാഹിത്യത്തെകുറിച്ചു പ്രസംഗിക്കുന്നില്ലെങ്കിലും വാസ്തവം അതാണ്. അന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഈ ജനറേഷനെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ വാസ്തവാണ്. സത്യത്തില്‍ കേരളത്തില്‍ ആധുനികതയുടെ ഉരുള്‍പൊട്ടല്‍ സംഭവിക്കുന്നത് ഇപ്പോഴാണ്. നമ്മുടെ റോഡ് പോലെ വൈകൃതമാണ് കേരളത്തിന്റെ പൊതുമനസ്സ്. സ്വച്ഛവും ശാന്തവുമായി സ്‌നേഹത്തിലേക്കു യാത്ര ചെയ്യാമെന്ന മാനസികമായ പാതകളില്‍ ഗട്ടറുകള്‍ വീണിരിക്കുന്നു. ആധുനികതയുടെ ഉപജ്ഞാതാക്കളായി അറിയപ്പെട്ട പഴയകാല എഴുത്തുകാര്‍ ഇന്നത്തെ ഈ സ്വത്വനാശത്തെകുറിച്ച് അതിഗംഭീരമായ മൗനം പാലിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കാക്കനാടനെപ്പോലെയുള്ള ആധുനികതയുടെ പ്രവാചകന്മാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴാണു പ്രസക്തമാവുന്നത്. അന്നത്തെ കാലത്ത് ആധുനികത ഒരു വ്യാജ പ്രതീതിയാണു സൃഷ്ടിച്ചത്. ആ കാലത്ത് പ്രശസ്തരായ ചിലര്‍ എഴുതിയ കഥകള്‍ വ്യാജ ഉത്പന്നങ്ങളായിരുന്നു. ഇന്നും അന്നത്തെ കാലഘട്ടത്തിന്റെ ആത്മാര്‍ത്ഥമായ ശബ്ദം രേഖപ്പെടുത്തിയ ആള്‍ എന്ന നിലയില്‍ ഞാന്‍ ആദരിക്കുന്നത് കാക്കനാടനെമാത്രമാണ്. കാക്കനാടനോടൊപ്പമുണ്ടായിരുന്ന മറ്റേ എഴുത്തുകാരനെ ഇക്കാര്യത്തില്‍ ആദരിക്കുന്നില്ല…..

കടപ്പാട്; പുനത്തിലിന്റെ ബദല്‍ ജീവിതം; ആത്മാവില്‍ തൊടുന്ന തുറന്നുപറച്ചില്‍ (താഹ മടായി)


Viewing all articles
Browse latest Browse all 3641

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>