‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്‘എന്ന തന്റെ നോവല്‍ സിനിമയാക്കാനുള്ളതല്ലെന്ന് മാന്‍ ബുക്കര്‍ പുരസ്‌കാര ജേതാവ് അരുന്ധതി റോയി. ഈ നോവല്‍ സിനിമയാക്കാനായി എഴുതപ്പെട്ടതല്ലെന്നും അവര്‍ പറഞ്ഞു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അരുന്ധതി റോയി.
ശ്വസിക്കുന്ന വായു, ജാതി, സ്‌നേഹം, മൃഗങ്ങള്‍, കശ്മീര്‍, നഗരങ്ങള്‍ എന്നിങ്ങനെ ചുറ്റുമുള്ള എല്ലാത്തിനെക്കുറിച്ചും എഴുതാനാണ് ഞാന്‍ ആഗ്രഹിച്ചത്. അത് നോവലില്‍ പ്രതിഫലിച്ചിട്ടുമുണ്ട്. ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്‘ഒരു നോവലായി തന്നെ ഇരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്ന് അവര്‍ പറഞ്ഞതായി ഐ.എ.എന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.
ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ് എഴുതിത്തുടങ്ങുമ്‌ബോള്‍ നോവലിലെ ഓരോ സന്ദര്‍ഭവും എന്റെ മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് ഒരു മികച്ച സിനിമയാക്കാന്‍ സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. ഈ നോവലിന്റെ ചലച്ചിത്ര അവകാശം സ്വന്തമാക്കാന്‍ നിരവധി ഹോളിവുഡ് ചലച്ചിത്രകാരന്മാര്‍ മുന്നോട്ട് വന്നിരുന്നു. അവര്‍ എന്തും തരാന്‍ തയ്യാറാണെന്ന് എന്റെ ഏജന്റ് എന്നെ അറിയിച്ചു. പക്ഷേ ഞാന്‍ വേണ്ട എന്നാണ് മറുപടി നല്‍കിയത്.
ഗോഡ് ഓഫ് സ്‌മോള്‍ തിങ്ങ്‌സ് പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ രണ്ടാമത്തെ ഫിക്ഷന്‍ അരുന്ധതി റോയി എഴുതിയത്. മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ചുരുക്കപ്പട്ടികയില്‍ ഇടം പിടിക്കാന്‍ പുസ്തകത്തിനായിരുന്നില്ല.