യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിലൂടെ ശ്രദ്ധ നേടിയ ‘ഫേക്ക് ന്യൂസ്’ (വ്യാജ വാര്‍ത്ത) എന്ന വാക്കിനെ കോളിന്‍സ് ഡിക്ഷണറി 2017 ലെ ‘വേർഡ് ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുത്തു. ‘ഫേക്ക് ന്യൂസ്’ എന്ന വാക്കിന്റെ ഉപയോഗം ഒരു വര്‍ഷത്തിനുള്ളില്‍ 365 ശതമാനം വര്‍ധിച്ചുവെന്നാണ് കോളിന്‍സിന്റെ കണ്ടെത്തല്‍.
ഡൊണാൾഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലും തുടര്‍ന്നും മാധ്യമങ്ങളെ വിമര്‍ശിക്കാനായി ഏറ്റവുമധികം ഉപയോഗിച്ച പദമാണ് “ഫേക്ക് ന്യൂസ്’. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും പ്രതിപക്ഷ ലേബര്‍ നേതാവ് ജെറിമി കോര്‍ബിനും തങ്ങളുടെ പ്രസംഗങ്ങളില്‍ ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ട്. വ്യാജവും വസ്തുതാ വിരുദ്ധവുമായ വാര്‍ത്തകളെ സൂചിക്കാനാണ് “ഫേക്ക് ന്യൂസ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്.
ജെന്ഡര്ഫ്ലൂയ്ഡ്, ഫിജറ്റ് സ്പിന്നര്‍, ഗിഗ് ഇക്കോണമി തുടങ്ങിയവയും ജനപ്രിയ വാക്കുകളുടെ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിരുന്നു. ‘ബ്രെക്സിറ്റ്’ എന്ന വാക്കാണ് കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പ്രചാരത്തില്‍ വന്ന ഇംഗ്ലീഷ് വാക്കായി തെരഞ്ഞെടുത്തത്.