ഇത് ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷം. എഴുത്തിലേക്ക് കടന്നു വന്ന വഴികള്‍ അത്ര എളുപ്പമുള്ളതൊന്നു മായിരുന്നില്ല. വായനക്കാരുടെ സ്‌നേഹവും പിന്തുണയുമാണ് ധൈര്യവും ആത്മവിശ്വാസവും തന്നത്. ഈ അംഗീകാരം എന്റെ പ്രിയ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു. വയലാര്‍ അവാര്‍ഡ് സാനുമാഷില്‍ നിന്നും ഏറ്റുവാങ്ങിയതിനുശേഷം ടി.ഡി രാമകൃഷ്ണൻ തന്റെ ഫേസ്ബുക്കില്‍ കുറിച്ചതാണീ വാക്കുകള്‍.
ഒക്ടോബര്‍ 27ന് വയലാര്‍ രാമവര്‍മ്മയുടെ ചരമവാര്‍ഷികദിനത്തില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ഈ വര്‍ഷത്തെ വലയാര്‍ അവാര്‍ഡ് ടി.ഡി രാമകൃഷ്ണൻ എം കെ സാനുമാഷില്‍ നിന്നും ഏറ്റുവാങ്ങിയത്. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിക്കാണ് പുരസ്‌കാരം ലഭിച്ചത്.
ടി.ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി‘ എന്ന നോവല്‍ പുതിയൊരു രീതിയാണ് വരച്ചുകാട്ടുന്നതെന്നും ആഖ്യാനഭംഗിയാണ് ഈ നോവല്‍ സമ്മാനിക്കുന്നതെന്നും എം കെ സാനു പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് പറഞ്ഞു. ശ്രീലങ്കയില്‍ നടന്ന ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍. യുദ്ധം മനുഷ്യ മനസിനെ അഗാധമായി മഥിക്കുന്നതാണ്. അതിന്റെ ദുരിതം ഏറ്റവുമധികം അനുഭവിക്കുന്നത് സ്ത്രീകളാണ്. നന്മ ചെയ്താല്‍ സുഖമായി ജീവിക്കാമെന്നിരിക്കേ മനുഷ്യന്‍ തിന്മയ്ക്ക് പുറകേ പോകുന്നത് എന്തുകൊണ്ടാണ്. മനുഷ്യനില്‍ തിന്മ സമസ്യയായി അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യന്‍ കൂടുതല്‍ ക്രൂരതയിലേക്കും ഹിംസയിലേക്കും സ്വാര്‍ത്ഥതയിലേക്കും പോകുന്നതിന്റെ ഉത്തരം തേടുകയാണ് തന്റെ നോവലെന്ന് ടി.ഡി. രാമകൃഷ്ണന്‍ പറഞ്ഞു. മനുഷ്യരാണോ ഇതൊക്കെ ചെയ്യുന്നതെന്നത് ഭയപ്പെടുത്തുന്നു. നമ്മള്‍ എന്ത് ചിന്തിക്കണമെന്ന് മറ്റുളളവര്‍ തീരുമാനിക്കുന്ന രീതിയിലായി കാലം. എഴുത്തുകാരെ വെടിവച്ചുകൊല്ലുന്നു. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് താന്‍ വായന തുടങ്ങിയത്. ആസ്മാ രോഗികളായ എനിക്കും അമ്മയ്ക്കും ഉറങ്ങാന്‍ കഴിയില്ലായിരുന്നു. പിന്നെ വെളുക്കുവോളം വായിച്ചു. ഒന്‍പതാമത്തെ വയസില്‍ അമ്മ മരിച്ചു. അതുവരെയുളള വായനയും അമ്മ പറഞ്ഞു തന്ന കഥകളുമാണ് തന്നെ എഴുത്തിന്റെ വഴിയിലെത്തിച്ചതെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ടി.ഡി രാമകൃഷ്ണനും പറഞ്ഞു.
വയലാര്‍ രാമവര്‍മ്മയുടെ ചരമവാര്‍ഷികദിനത്തില്‍ നടന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരന്‍ പ്രശസ്തി പത്രം സമ്മാനിച്ചു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി സി.വി.ത്രിവിക്രമന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രൊഫ. ജി. ബാലചന്ദ്രന്‍ ആമുഖപ്രഭാഷണം നടത്തി. ബി. സതീശന്‍ നന്ദി പറഞ്ഞു. വയലാര്‍ കവിതകളുടെ ആലാപനവും വയലാറിന്റെ പാട്ടുകള്‍ ഉള്‍പ്പെടുത്തിയുളള ഗാനമേളയും നടന്നു. നിശാഗന്ധിയില്‍ നടന്ന ചടങ്ങില്‍ സാഹിത്യത്തെയും വയലാറിന്റെ ഗാനങ്ങളെയും സ്‌നേഹിക്കുന്ന വലിയൊരു സദസ് സാക്ഷ്യം വഹിച്ചു