ഇതരസംസ്ഥാന തൊഴിലാളികളാല്‍ നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് തനിക്കില്ലെന്ന് കവയിത്രി സുഗതകുമാരി. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് വിവാദമാക്കുന്നത് അധാര്‍മികമാണെന്നും സുഗതകുമാരി വ്യക്തമാക്കി. ‘അത് എന്റെ ഭാഷയല്ല’ എന്ന തലക്കെട്ടില്‍ ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സുഗതകുമാരി ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. മാത്രമല്ല, താന്‍ മനുഷ്യസ്‌നേഹമില്ലാത്തവരാണെന്ന് വിമര്‍ശിക്കുന്നവര്‍ തന്റെ ജീവിതംകൂടി പരിശോധിക്കണം. തന്റെ ജീവിതത്തില്‍ നിന്ന് താന്‍ മനുഷ്യവിരോധി ആണോയെന്ന് അവര്‍ മനസിലാക്കട്ടെയെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി സുഗതകുമാരി പറഞ്ഞു.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള സുഗതകുമാരിയുടെ പ്രസ്താവ വംശീയ വിദ്വേഷം പടര്‍ത്തുന്നതാണെന്ന ആക്ഷേപമുയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നത്.ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി സുഗതകുമാരി രംഗത്തെത്തിയത്.
“അന്യസംസ്ഥാന തൊഴിലാളികളുടെ പെരുംപ്രവാഹം അപകടകരമാണെന്ന് പറഞ്ഞു. ശരിയാണ്. അതുകൊണ്ട് നമ്മുടെ സംസ്‌കാരത്തിന് ഉടവുതട്ടുമെന്നും അവരിലധികവും വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനലുകളുമാണെന്നും പറയാനുള്ള വിവരക്കേട് എനിക്കില്ല. മലയാളിയുടെ സംസ്‌കാരത്തെപ്പറ്റി വലിയ ബഹുമാനവും എനിക്കില്ല. ഉത്തരേന്ത്യയിലെ ചെറുപ്പക്കാര്‍ വന്ന് നമ്മുടെ പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഞാന്‍ പറഞ്ഞത് ഇതാണ്” – ലേഖനത്തില്‍ സുഗതകുമാരി വിശദീകരിക്കുന്നു.
കേരളമെന്നത് ചെറിയൊരു നാടാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല. തൊഴിലാളികളുടെ വെള്ളം, കിടപ്പാടം, ആഹാരം, മാലിന്യസംസ്‌കരണം തുടങ്ങിയവ ഭാവിയില്‍ ബാധ്യതയാകും. തൊഴിലാളികളുടെ വരവ് വര്‍ധിച്ച് വലിയൊരു ആപത്തുവന്നാല്‍ ആരാണ് ഏറ്റെടുക്കുകയെന്നും മാത്രമല്ല യാതൊരു സുരക്ഷാ മുന്‍കരുതലും പരിശോധനയും ഇല്ലാതെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടേക്ക് എത്തുന്നതെന്ന കാര്യവും സുഗതകുമാരി ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദാരിദ്ര്യം ചൂഷണം ചെയ്ത് നാട്ടിലെ സമ്പന്നര്‍ ഇത്തരത്തില്‍ ലക്ഷക്കണക്കിനാളുകളെ ഇറക്കുമതി ചെയ്യുന്നതിന് ഒരു നിയന്ത്രണം വേണം. പരിശോധനയും വേണമെന്നു പറഞ്ഞ സുഗതകുമാരി ഇത് നുഴഞ്ഞുകയറ്റക്കാര്‍ക്കും തീവ്രവാദികള്‍ക്കും സൗകര്യമല്ലേയെന്നും ചോദിക്കുന്നു.
‘ഏതോ ഒരു ചര്‍ച്ചയില്‍ ഞാന്‍ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്’. പറയുന്ന വാക്കുകളെ വളച്ചൊടിച്ച് പ്രസിദ്ധീകരിച്ച് ശകാരിപ്പിക്കുന്നത് അധാര്‍മികമാണ് എന്നുമാത്രം പറയുന്നു.” -എന്നു പറഞ്ഞാണ് സുഗതകുമാരി ലേഖനം അവസാനിപ്പിക്കുന്നത്.
The post ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശം; വിശദീകരണവുമായി സുഗതകുമാരി. appeared first on DC Books.