കേടുപാടുകള്‍ സംഭവിച്ചതും കേസില്‍ പെട്ടതുമായ നിരവധി വാഹനങ്ങളാണ് നമ്മുടെ നാട്ടില്‍ കാടുകയറികിടക്കുന്നത്. ഇങ്ങനെ കാടുകയറി നശിച്ചുകിടക്കുന്ന വാഹനങ്ങളില്‍ നിന്ന് ഒരു ഗ്രന്ഥശാല തട്ടിക്കൂട്ടിയെടുക്കാനാവുമോ…??
ഇങ്ങനെയൊരു ചോദ്യം നമ്മള്‍ സ്വപ്‌നത്തില്‍പോലും വിചാരിക്കുകയില്ല.. എന്നാല്‍ ഉപയോഗശൂന്യമായ വാഹന ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഒരു ഗ്രന്ഥശാല കൗതുകമാകുകയാണ്.., അങ്ങ് ദുബായിയില്‍.! ദുബായ് നഗരസഭയുടെ ഗതാഗത വിഭാഗമാണ് ഇത്തരമൊരു ആശയം പൂര്‍ണ്ണതയിലെത്തിച്ചത്. പാഴ് വസ്തുക്കള്‍ എങ്ങനെ ഫലപ്രദമായി പുനരുപയോഗിക്കാമെന്ന ചിന്തയില്‍ നിന്നുമാണ് ഇത്തരമൊരു ആശയം ഉരുത്തിരിഞ്ഞതെന്ന് ഗതാഗത വിഭാഗം ഡയറക്ടര്‍ ഹുമൈദ് അല്‍ മര്‍റി പറയുന്നു.
സാധാരണ ഗതിയില്‍ ഉപേക്ഷിക്കപ്പെടുന്ന വാഹന ഭാഗങ്ങള്‍ ലൈബ്രറി നിര്‍മാണത്തിനായി പ്രത്യേകം രൂപമാറ്റം വരുത്തിയെടുക്കുകയായിരുന്നു. സ്വയം തിരിയുന്ന ഷെല്‍ഫിന്റെ പ്രവര്‍ത്തനം ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് നിയന്ത്രിക്കുന്നത്. പരമ്പരാഗത രീതിയിലാണ് ഷെല്‍ഫ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വാഹന ഭാഗങ്ങള്‍ കൊണ്ട് നിര്‍മിച്ച മേശയും രണ്ട് കസേരകളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്.
യു.എ.ഇ ഭരണാധികാരികളുടെ പുസ്തകങ്ങള്‍ ലൈബ്രറിക്ക് അലങ്കാരമാകും. എന്‍ജിനിയറിങ്, മെക്കാനിക്കല്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും വിവിധ ഭാഷകളിലുള്ള മത ഗ്രന്ഥങ്ങളുമാണ് ലൈബ്രറിയില്‍ ലഭ്യമാക്കുക. അറബി ഭാഷയിലുള്ള പുസ്തകങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ പ്രഖ്യാപിച്ച വായനാവര്‍ഷത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയം നടപ്പാക്കാന്‍ നഗരസഭ തീരുമാനിച്ചത്.
ലൈബ്രറി ദേശീയ വായനാ മാസമായ ഒക്ടോബറില്‍ തുറന്നുകൊടുക്കും.
The post പാഴായ വാഹന ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്രന്ഥശാല കൗതുകമാകുന്നു appeared first on DC Books.