നാടകകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, ആകാശവാണി സ്‌ക്രിപ്റ്റ് റൈറ്റര്‍, ഡ്രാമാ പ്രൊഡ്യൂസര്‍, കേരള സംഗീത നാടക അക്കാദമി ഫെല്ലോ തുടങ്ങിയ നിലകളില്‍ മലയാളത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ തിക്കോടിയന്റെ അമൂല്യമായ ആത്മകഥയാണ് അരങ്ങു കാണാത്ത നടന്‍. ചിന്തയിലും പ്രവൃത്തിയിലും ചലനമുണ്ടാക്കിയ വ്യക്തികളെയും സംഭവങ്ങളെയും കൊണ്ട് വൈവിധ്യപൂര്‍ണ്ണമായ ആത്മകഥയാണ് അരങ്ങു കാണാത്ത നടന്‍. സ്മൃതിപഥത്തിന്റെ അഗാധതയില്‍ അലിഞ്ഞുചേര്‍ന്ന ചിത്രങ്ങളെ ഒന്നൊന്നായി പെറുക്കിയെടുത്ത് തിക്കോടിയന്‍ അവതരിപ്പിക്കുന്നു. ജീവിതമെന്ന നാടകത്തിന്റെ ഭാവിയെ മറച്ചുനിന്ന് യവനിക ഉയര്‍ത്തുന്ന അവിചാരിത കാഴ്ചകള്‍ പുസ്തകത്തെ ഹൃദയസ്പര്‍ശിയാക്കുന്നു.
ദീപങ്ങള്‍ തെളിയുകയും തിരശ്ശീല ഉയരുകയും ചെയ്തപ്പോള്‍ തന്റെ ‘റോള്‍’ എന്തെന്നറിയാതെ പകച്ചുനിന്ന ബാലനടന്‍ പിന്നീട് അനുഭവങ്ങളിലൂടെ വളര്‍ന്ന് ജീവിതരംഗത്തെ തന്റെ വേഷം ഫലപ്രദമായി നിര്‍വ്വഹിച്ച് വിനീതമായി കൃതാര്‍ത്ഥതയടയുന്ന ചിത്രം അരങ്ങു കാണാത്ത നടനില്‍ കാണാം. സാമൂഹിക രംഗത്തും സാഹിത്യകലാരംഗത്തും ഔദ്യോഗിക രംഗത്തും അതാത് മേഖലകളിലെ വ്യക്തിബന്ധങ്ങളില്‍ നിന്ന് പിടിച്ചെടുത്ത നഖചിത്രങ്ങള്‍ അദ്ദേഹം ഈ ആത്മകഥയില്‍ വരച്ച് ചേര്‍ത്തിരിക്കുന്നു. പഴയ തലമുറയില്‍ പെട്ടവര്‍ക്ക് ഓര്‍മ്മകള്‍ പുതുക്കാനും പുതുതലമുറയ്ക്ക് പഴയകാലത്തെ അറിയാനും ഉതകുന്ന അരങ്ങു കാണാത്ത നടന്‍ 1980 വരെയുള്ള മലബാറിന്റെ സ്പന്ദനങ്ങളെ തൊട്ടറിയുന്ന പുസ്തകം എന്ന നിലയിലും ഏറെ പ്രസക്തമാണ്. നര്‍മ്മകുശലനും ഹൃദയാലുവുമായ തിക്കോടിയന്റെ നൈസര്‍ഗ്ഗികശൈലി ഇതില്‍ തെളിഞ്ഞുകാണാം. ഈ സ്മരണകളിലുടനീളം ഓളം വെട്ടുന്നത് പ്രസന്നതയും ശുഭാപ്തി വിശ്വാസവും മനുഷ്യസ്‌നേഹവുമാണ്. 1991ലാണ് അരങ്ങു കാണാത്ത നടന്‍ ആദ്യമായി പ്രസിദ്ധീകൃതമായത്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും വയലാര്‍ അവാര്‍ഡും ലഭിച്ച കൃതിക്ക് 2008ലാണ് ഒരു ഡി സി ബി പതിപ്പ് ഇറങ്ങുന്നത്.
കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ ജനിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ കാറ്റു കോളും കണ്ട് വളര്‍ന്ന പി. കുഞ്ഞനന്തന്‍ നായര്‍ തിക്കോടിയനായി മാറിയ കഥ സാഹിത്യകുതുകികള്‍ക്ക് എന്നും കൗതുകകരമാണ്. ഒരു പ്രൈമറി സ്‌കൂള്‍ അദ്ധ്യാപകനായിരുന്നു അദ്ദേഹം. മലയാളത്തില്‍ ഹാസ്യത്തിന് ഊടും പാവും പകര്‍ന്ന സഞ്ജയന്റെ പാത പിന്‍പറ്റിയ തിക്കോടിയന്റെ സാഹിത്യ പ്രവേശനം കവിതയിലൂടെയായിരുന്നു ആനന്ദ് എന്ന തൂലിക നാമത്തില്‍ പിന്നീട് ഹാസ്യ ലേഖനങ്ങളിലേക്ക് തിരിഞ്ഞ അദ്ദേഹത്തിന് സഞ്ജയന്‍ തന്നെയാണ് തിക്കോടിയന്‍ എന്ന തൂലികാ നാമം നല്‍കിയത്. കാലക്രമേണ ആ പേര് അദ്ദേഹത്തിന്റെ സ്വന്തം പേരായി. പിന്നീട് തിക്കൊടിയന്‍ എന്നപേരില്‍ പ്രശസ്തനാവുകയും കേന്ദ്ര കേരള സാഹിത്യ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, ഭാരതീയ ഭാഷാ പരിഷ്ത്ത് അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, കേരള സ്റ്റേറ്റ് ഫിലിം തിരക്കഥാ അവാര്‍ഡ്, സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് നേടാനുമായി. 2001 ജനുവരി 28ന് അദ്ദേഹം അന്തരിച്ചു.