ഷാര്‍ജ: വെടിയേറ്റ് മരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ ലേഖനങ്ങളുടെ സമാഹാരം ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി പുറത്തിറങ്ങി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഡി സി ബുക്‌സിന്റെ സ്റ്റാളില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എം എ. ബേബി പുസ്തകം പ്രകാശിപ്പിച്ചു. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ എഴുത്തിനെയും ജീവിതത്തെയും സമ്പൂര്‍ണ്ണമായി പരിചയപ്പെടുത്തുന്ന പുസ്തകമാണ് ഞാന്‍ ഗൗരി ഞങ്ങള്‍ ഗൗരി. അവര്‍ എഴുതിയ സാമൂഹിക-രാഷ്ട്രീയ ലേഖനങ്ങള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, ഓര്‍മ്മകള്‍ എന്നിവയോടൊപ്പം ഇന്ദിര ലങ്കേഷ്, രജ്ദീപ് സര്‍ദേശി, ഉമര്‍ഖാലിദ്, മംമ്താസാഗര്‍ എന്നിവരെഴുതിയ അനുസ്മരണങ്ങളും ഉള്‍ക്കൊള്ളുന്നു.
ഇംഗ്ലീഷിലും കന്നടയിലുമുള്ള ഗൗരിയുടെ പത്രപ്രവര്‍ത്തനസംഭാവനകളോടൊപ്പം അവരുടെ തിരഞ്ഞെടുത്ത പത്രപംക്തികളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സാമൂഹിക-രാഷ്ട്രീയ-സമൂഹിക രംഗങ്ങളില്‍ ഇന്ത്യയില്‍ നടന്നിട്ടുള്ള ജനാധിപത്യ ധ്വംസനങ്ങളുടെ ചരിത്രമാണ് ഈ സമാഹാരത്തിലെ ലേഖനങ്ങള്‍. സാമൂഹിക പ്രവര്‍ത്തകയെന്നനിലയിലുള്ള നിലപാടുകളുടെ പുസ്തകം കൂടിയാണിത്. അസിംപ്രേംജി യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായ ചന്ദന്‍ ഗൗഡയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. സക്കറിയയുടെതാണ് അവതാരിക.
പ്രമുഖപ്രസാധകരായ നവയാനയുമായി ചേര്‍ന്ന് ഇംഗ്ലീഷില്‍ The way I see it : Gouri Lankesh Reader എന്ന പേരില്‍ ഡി സി ബുക്‌സ് ഈ പുസ്തകം
പ്രസിദ്ധീകരിച്ചിട്ടുണ്ട്.