മലയാള സാഹിത്യത്തെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം പ്രിയപ്പെട്ട എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണന്‍. 2010ല്‍ പുറത്തിറങ്ങിയ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിനു ശേഷം അദ്ദേഹമെഴുതിയ നോവലാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. 2017 ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതിയാണിത്. വര്‍ത്തമാനകാലരാഷ്ട്രീയവും ഭൂതകാലമിത്തും സംയോജിപ്പിച്ച് ടി ഡി രാമകൃഷ്ണന്‍ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എഴുതിയപ്പോള്‍ മലയാളനോവല്‍ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു മായാലോകം നമ്മുക്കുമുന്നില്‍ ചുരളഴിയുകയായിരുന്നു. 2014ല്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം ആവേശത്തോടെയാണ് വായനാലോകം സ്വീകരിച്ചത്. പഴയ തലമുറയും പുതിയ തലമുറയും ഒരുപോലെ ഹൃദയത്തോടുചേര്‍ത്ത സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ചുരുങ്ങിയ കാലംകൊണ്ട് തന്നെ എല്ലാവരുടേയും ശ്രദ്ധപിടിച്ചുപറ്റി.
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ കൊണ്ടെത്തിക്കുകയായിരുന്നു നോവലിസ്റ്റ്. മാത്രവുമല്ല, ശ്രീലങ്കന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ നോവല്‍ വിപ്ലവവും സമാധാനവും വികസനവും എന്നൊക്കെ പറഞ്ഞ് കബളിപ്പിക്കാനെത്തുന്ന ഫാസിസത്തിന് മുന്നില്‍ നിസ്സഹായരായ ജനതയുടെ ആവിഷ്‌കാരവും കൂടിയായിരുന്നു.
പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിനോടൊപ്പം വായനയെ ഏറ്റവും സമകാലികമായൊരു പരിസരത്തുനിന്നുകൊണ്ട് നോക്കിക്കാണാനും സാധിച്ചു എന്നതാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ മറ്റൊരു സവിശേഷത. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.
സതേണ്‍ റയില്‍വേ പാലക്കാട് ഡിവിഷനില്‍ ചീഫ് കണ്‍ട്രോളറായി സേവനമനുഷ്ടിക്കുന്ന ടി ഡി രാമകൃഷ്ണന്‍ 2003ല്‍ പ്രശസ്ത സേവനത്തിനുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ദേശീയ അവാര്‍ഡും 2007ല്‍ മികച്ച തമിഴ്-മലയാള വിവര്‍ത്തകനുള്ള ഇ.കെ.ദിവാകരപോറ്റി അവാര്‍ഡും നല്ലദിശൈ എട്ടും അവാര്‍ഡും ലഭിച്ചു. ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവലിന് 2010ല്‍ ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ബഷീര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2014ല്‍ പ്രസിദ്ധികരിച്ച സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ പി കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
ആല്‍ഫയാണ് ടി ഡി രാമകൃഷ്ണന്റെ ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മറ്റൊരു നോവല്‍.